കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വെറുതേവിട്ട കേസിലെ വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവരികയാണ്. ദിലീപിനെതിരെ പോലീസ് സമര്‍പ്പിച്ച തെളിവുകള്‍ ഒന്നും അദ്ദേഹത്തെ ശിക്ഷിക്കാന്‍ പര്യാപ്തമല്ലെന്നാണ് വ്യക്തമാകുന്ന കാര്യം. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണിനെക്കുറിച്ചുള്ള പോലീസ് റിപ്പോര്‍ട്ടില്‍ പൊരുത്തക്കേടെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നു. പ്രപതികള്‍ ഫോണ്‍ നശിപ്പിച്ച് കായലില്‍ കളഞ്ഞെന്നാണ് അന്വേഷണ സംഘം മഹസറില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഫോണ്‍ കണ്ടെത്താന്‍ അന്വേഷണം വേണമെന്നാണ് പറയുന്നത്. ഇത് രണ്ടും പൊരുത്തപ്പെടുന്നില്ലെന്നാണ് വിധിയില്‍ കോടതി വ്യക്തമാക്കുന്നത്.

കേസിലെ ഏറ്റവും പ്രധാനപ്പെട്ട തെളിവുകളിലൊന്നാണ് ആ മൊബൈല്‍ ഫോണ്‍. എന്നാല്‍ ഫോണ്‍ ഏത് ബ്രാന്റ് ആണെന്നോ ഏത് നിറമാണെന്നോ അന്വേഷണസംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിധിയില്‍ പറയുന്നത്. ഫോണ്‍ നശിപ്പിച്ച് കളഞ്ഞെങ്കില്‍പ്പോലും ഫോണ്‍ നശിപ്പിച്ചെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകളോ മൊഴികളോ നല്‍കേണ്ടതായിരുന്നു. എന്നാല്‍ ഇതൊന്നുമില്ലാതെ ഫോണിനെക്കുറിച്ച് പറയുന്ന കാര്യങ്ങളിലെല്ലാം ആശയക്കുഴപ്പങ്ങളും പൊരുത്തക്കേടുകളുമാണ് നിലനില്‍ക്കുന്നതെന്നാണ് കോടതിയുടെ വിമര്‍ശനം.

കേസില്‍ ദിലീപും പള്‍സര്‍ സുനിയും തൃശൂരിലെ ഹോട്ടല്‍ പാര്‍ക്കിങ്ങില്‍ ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാന്‍ ഒരു കഷ്ണം പേപ്പര്‍ പോലും അന്വേഷണ സംഘം ഹാജരാക്കിയില്ലെന്നാണ് കോടതി വിധിയിലെ മറ്റൊരു പരാമര്‍ശം. കാറില്‍ ഗൂഢാലോചന നടത്തി എന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ പാര്‍ക്കിങ്ങിലെ വാഹന രജിസ്റ്ററിയും, സിസിടിവി-ദൃശ്യങ്ങളും, മൊഴികള്‍ ഉള്‍പ്പെടെ ഒന്നുമില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ദിലീപും പള്‍സര്‍ സുനിയും ബന്ധമുണ്ട് എന്ന് തെളിയിക്കാന്‍ സാധിട്ടില്ല. ദിലീപ് പള്‍സര്‍ സുനിക്ക് മൂന്ന് തവണ പണം നല്‍കി എന്ന വാദത്തിനും തെളിവില്ല. പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലെത്തിയ പണം ദിലീപ് നല്‍കിയതാണ് എന്ന് തെളിയിക്കാനും സാധിച്ചില്ല. നാദിര്‍ഷ പള്‍സര്‍ സുനിക്ക് പണം നല്‍കിയതും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിധിയില്‍ പറയുന്നു.

2015 നവംബര്‍ ഒന്നിന് തൃശൂരിലെ ഒരു ഹോട്ടലിന് മുന്നില്‍ വച്ച് ദിലീപ് പള്‍സര്‍ സുനിയെ കണ്ടിരുന്നു. ഈ വേളയില്‍ 10000 രൂപ നല്‍കി. തൊട്ടടുത്ത ദിവസം ഒരു ലക്ഷം നല്‍കി. ഈ തുക സുനി അമ്മയുടെ അക്കൗണ്ടില്‍ ഇട്ടു. 2016 സെപ്തംബര്‍ 26ന് ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ തൊടുപുഴയില്‍ വച്ച് 30000 രൂപ സുനിക്ക് നല്‍കി- ഇതായിരുന്നു പ്രോസിക്യൂഷന്‍ വാദങ്ങള്‍.

സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെങ്കിലും അത് ദിലീപ് നല്‍കിയതാണ് എന്ന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് കോടതി കണ്ടെത്തി. മറ്റു വാദങ്ങള്‍ക്ക് തെളിവ് നല്‍കാനും പ്രോസിക്യൂഷന് സാധിച്ചില്ല. ദിലീപിന് നടിയോട് വിരോധമുണ്ട് എന്ന് തെളിയിക്കാനും പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി. ദിലീപ് ഗൂഢാലോചന നടത്തിയതിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി.

ദിലീപ് പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ട് എന്ന് തെളിയിക്കാന്‍ മുകേഷ് ഉള്‍പ്പെടെ നല്‍കിയ മൊഴികളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു പള്‍സര്‍ സുനി. സിനിമാ സെറ്റില്‍ പള്‍സര്‍ സുനി ദിവസവും വന്ന് പോകുകയാണ് ചെയ്തത് എന്ന് മുകേഷ് മൊഴി നല്‍കി. മറ്റു കാര്യങ്ങള്‍ ഓര്‍മയില്ല എന്നും മുകേഷ് മൊഴി നല്‍കി. മൊഴിയിലെ അവ്യക്തത പ്രോസിക്യൂഷന് തിരിച്ചടിയായി. ലക്ഷ്യയില്‍ പള്‍സര്‍ സുനി പോയതിന് ഹാജരാക്കിയ തെളിവ് പര്യാപതമല്ലെന്നും കോടതി വിലയിരുത്തി. എന്നാല്‍ തെളിവുകള്‍ പര്യാപ്തമാണെന്നും അവ മേല്‍ക്കോടതിയില്‍ ഹാജരാക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

നടിയെ ആക്രമിക്കുന്ന വേളയില്‍ പള്‍സര്‍ സുനി പറഞ്ഞ സ്ത്രീയെ കുറിച്ച് വിശദമായ അന്വേഷണം നടന്നില്ലെന്നത് കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുനി ജയിലില്‍ നിന്ന് അയച്ച കത്താണ് ദിലീപിനെ കേസില്‍ പ്രതിയാക്കാന്‍ കാരണം. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഏഴ് പ്രതികളാണുണ്ടായിരുന്നത്. കൃത്യത്തില്‍ പങ്കെടുത്ത ആറ് പേരും ഇവരെ രക്ഷപ്പെടാന്‍ സഹായിച്ച ഒരാളും. പിന്നീടാണ് ദിലീപും പള്‍സര്‍ സുനിയും നടത്തിയ ഗൂഢാലോചനയാണ് എന്ന് പോലീസ് ആരോപിച്ചതും ദിലീപിനെ അറസ്റ്റ് ചെയ്തതും. എന്നാല്‍ ദിലീപിനെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് കോടതി വിലയിരുത്തി.