- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കറൻസി നോട്ടിൽ ദൈവങ്ങളുടെ ഫോട്ടോയെന്ന എഎപിയുടെ നിലപാടിനോട് യോജിപ്പില്ല; മതങ്ങളെയും ദൈവങ്ങളെയും അധികാരത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല': ആം ആദ്മിയുടെ ഹിന്ദുത്വവാദത്തിനെതിരെ പ്രതികരിച്ച് സാബു എം ജേക്കബ്; ആപ്പ്-ട്വന്റി-20 ജനക്ഷേമസഖ്യത്തിൽ കല്ലുകടി
കോഴിക്കോട്: കേരളത്തിൽ ഒരു മാറ്റം ആഗ്രഹിക്കുന്ന ചെറുപ്പക്കാർ ഏറെ പ്രതീക്ഷയോടെ നോക്കിയിരുന്ന ഒരു രാഷ്ട്രീയ കൂട്ടുകെട്ട് ആയിരുന്നു ട്വന്റി 20യും ആം ആദ്മി പാർട്ടിയും ചേർന്നുള്ള ജനക്ഷേമ സഖ്യം. എന്നാൽ ഇതിൽ തുടക്കത്തിലെ കല്ലുകടികൾ വന്നിരിക്കയാണ്. ആപ്പിന്റെ ഹിന്ദുത്വ നിലപാടുകൾ ഉയർത്തിക്കാട്ടിയുള്ള പ്രചാരണ രീതിക്കെതിരെ ട്വന്റി 20 ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബ് രംഗത്തുവന്നതോടെയാണ് സോഷ്യൽ മീഡിയയിൽ അടക്കം വിവാദം കൊഴുക്കുന്നത്. ഉത്തരേന്ത്യയിലെ പ്രചാരണ രീതി കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി രൂക്ഷമായ ആയുധങ്ങൾ പുറത്തെടുക്കുന്ന ചിന്താഗതിക്കെതിരാണ് ട്വന്റി 20 എന്നും സാബു എം ജേക്കബ് പറഞ്ഞു. മാധ്യമം ദിനപ്പത്രത്തിന് നൽകിയ സാബുവിന്റെ അഭിമുഖം സോഷ്യൽ മീഡിയയിലും വൈറൽ ആവുകയാണ്.
ഒരു രാഷ്ട്രീയ സഖ്യത്തിൽ ഒരു പാർട്ടിയുടെ അഭിപ്രായം മറ്റ് പാർട്ടികൾ ഉണ്ടാവണമെന്ന് നിർബന്ധമില്ല. കറൻസി നോട്ടിൽ ദൈവങ്ങളുടെ ഫോട്ടോയെന്ന എഎപിയുടെ നിലപാടിനോട് യോജിപ്പില്ല. മതങ്ങളെയും ദൈവങ്ങളെയും അധികാരത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല'- സാബു എം ജേക്കബ് വ്യക്തമാക്കി
ഈ വർഷം മെയ് മാസത്തിലാണ് ട്വന്റി 20 യുടെ തട്ടകമായ കിഴക്കമ്പലത്തുനടന്ന 'ജനസംഗമ'ത്തിൽ ആം ആദ്മി പാർട്ടി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും സാബു എം ജേക്കബും ചേർന്ന് ജനക്ഷേമ സഖ്യം പ്രഖ്യാപിച്ചത്. കേരളം പിടിക്കുകയാണ് ജനക്ഷേമ സഖ്യത്തിന്റെ ലക്ഷ്യമെന്നു കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. എന്നാൽ ഉത്തരേന്ത്യയിൽ എഎപി സ്വീകരിക്കുന്ന നിലപാടുകളാണ് സഖ്യത്തിൽ കല്ലുകടി സൃഷ്ടിച്ചിരിക്കുന്നത്. ഇതിനു പുറമേ എഎപി സംസ്ഥാന നേതൃത്വത്തിനെതിരായ ട്വന്റി 20 യുടെ നിലപാടുകളും സഖ്യത്തിനു വെല്ലുവിളിയാകുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കറൻസി നോട്ടുകളിൽ ഹൈന്ദവ ദൈവങ്ങളുടെ ചിത്രം വെക്കണമെന്നും അധികാരത്തിലേറിയാൽ അയോധ്യയിലേക്ക് സൗജന്യ വാഹന സർവീസ് ആരംഭിക്കുമെന്നും ഏക സിവിൽ കോഡ് നടപ്പാക്കണമെന്നുമുള്ള എഎപിയുടെ പ്രചാരണങ്ങളാണ് ട്വന്റി 20 യെ ചൊടിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഇത്തരം പ്രഖ്യാപനങ്ങളുമായി അരവിന്ദ് കെജ്രിവാൾ അടക്കമുള്ള എഎപി നേതാക്കൾ രംഗത്തെത്തിയിരുന്നത്. എഎപി നിലപാടിലുള്ള അതൃപ്തി ട്വന്റി 20 നേതൃത്വം അറിയിച്ചതായാണ് വിവരം. കേരളത്തിൽ ഇതുപോലെ പ്രചാരണം നടത്തിയാൽ അത് തിരിച്ചടിയാവുമെന്നാണ് ട്വന്റി 20 നേതൃത്വം പറയുന്നത്.
'കേരളാ നേതാക്കളെ കെജ്രിവാളിന് അറിയില്ല'
ന്യൂ ഇന്ത്യൻ എക്പ്രസിന് നൽകിയ അഭിമുഖത്തിൽ ആം ആദ്മി സംസ്ഥാന നേതൃത്വത്തെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല സാബു എം ജേക്കബ്, പ്രകടിപ്പിച്ചത്. ഇതും ആപ്പ് കേരള ഘടകത്തിൽ അലോസരം സൃഷ്ടിച്ചിരുന്നു.'ജനക്ഷേമ സഖ്യ'ത്തിന്റെ രൂപീകരണത്തിന് കാരണമായ യോഗത്തേക്കുറിച്ച് ആ അഭിമുഖത്തിൽ സാബു എം ജേക്കബ് ഇങ്ങനെ പ്രതികരിക്കുന്നു. 'തെലങ്കാനയിലെ ഒരു എംപിയാണ് ഞാൻ കെജ്രിവാളുമായി യോജിച്ച് പ്രവർത്തിക്കണമെന്ന് നിർദ്ദേശിച്ചത്. ഒരു പൊതുസുഹൃത്ത് ഡൽഹി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ചയൊരുക്കിയത്. ഡൽഹിയിൽ രാജകീയ വരവേൽപാണ് കെജ്രിവാൾ നൽകിയത്. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകേണ്ടയാളാണ് താനെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എനിക്ക് താൽപര്യമില്ലെന്ന് ഞാൻ മറുപടി നൽകി,' സാബു എം ജേക്കബ് പറഞ്ഞു.
'കേരളത്തിലെ എഎപിയുമായി കെജ്രിവാളിന് ഒരു ബന്ധവുമില്ല. എഎപി സംസ്ഥാന നേതാവ് പി സി സിറിയക്കിനെ പോലും അദ്ദേഹത്തിന് അറിയുമായിരുന്നില്ല. ടി20 പരിപാടിക്ക് കെജ്രിവാളിനെ ക്ഷണിച്ചു. കേരള ഘടകത്തോട് ആലോചിക്കുക പോലും ചെയ്യാതെ പെട്ടെന്ന് തന്നെ അദ്ദേഹം വരാമെന്ന് സമ്മതിച്ചു. വികസനം കൊണ്ടുവരുമെങ്കിൽ ആരുമായും സഖ്യത്തിന് ടി20 തയ്യാറാണ്. എഎപി കേരള ഘടകത്തിൽ നേതൃപരമായ പ്രശ്നങ്ങളുണ്ട്. പാർട്ടി ഇവിടെ പുനഃസംഘടിപ്പിക്കപ്പെടുകയാണ്.
ആം ആദ്മി പാർട്ടിയുടെ കേരള നേതൃസ്ഥാനം ഏൽക്കാനാണ് കെജ്രിവാൾ ആവശ്യപ്പെട്ടത്. ആരുമായും ലയനത്തിന് ഇല്ലെന്നും പാർട്ടിയെന്ന നിലയിൽ ഒറ്റയ്ക്ക് നിൽക്കാനാണ് താൽപര്യമില്ലെന്നും കെജ്രിവാളിനോട് പറഞ്ഞു,'തനിക്ക് വിവിധ രാഷ്ട്രീയ പാർട്ടികൾ സ്ഥാനങ്ങൾ വെച്ചു നീട്ടിയെന്നും ടി20 നേതാവ് പ്രതികരിച്ചു. എനിക്ക് പണത്തോടോ അധികാരത്തോടോ ആർത്തിയില്ല. സ്ഥാനമോ അധികാരമോ വേണ്ടിയിരുന്നെങ്കിൽ എനിക്ക് എളുപ്പത്തിൽ ഒരു രാജ്യസഭാ നോമിനിയാകാൻ കഴിയുമായിരുന്നു. മന്ത്രിയാകാൻ വിവിധ പാർട്ടികളിൽ നിന്ന് ഓഫറുകൾ വന്നു. പക്ഷെ, ആരിൽ നിന്നും ഒരു ആനുകൂല്യവും സ്വീകരിക്കാൻ ഞാൻ തയ്യാറല്ല. പക്ഷെ, തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സാഹചര്യമുണ്ടായാൽ ഞാൻ അത് ചെയ്യും''- സാബു വ്യക്തമാക്കി.'
'കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ എനിക്കൊരു താൽപര്യവുമില്ല. സാഹചര്യങ്ങളുടെ അനിവാര്യത കൊണ്ട് ഞാൻ മുഖ്യമന്ത്രിയായാൽ ഞാനെന്റെ സ്വന്തം കാർ ആകും ഉപയോഗിക്കുക. ഞാൻ പണം കൊടുത്ത് വാങ്ങിയ പെട്രോൾ ഉപയോഗിച്ചാകും ആ കാർ ഓടുക. എന്റെ ഡ്രൈവർ തന്നെ അത് ഓടിക്കും. ഞാൻ കുടുംബത്തോടൊപ്പം വിദേശയാത്ര നടത്തുന്നത് എന്റെ സ്വന്തം ചെലവിലായിരിക്കും. സർക്കാർ ചെലവിൽ ആയിരിക്കില്ല. കേരളത്തിന് നരകത്തിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ടി20യ്ക്ക് ഒരു അവസരം നൽകണം. തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ പ്രതിനിധികൾ വിദ്യാഭ്യാസമുള്ളവരാണ്. പണത്തിന് വേണ്ടി എനിക്ക് അധികാരം പിടിച്ചെടുക്കുകയോ പൊതുജനങ്ങളെ കൊള്ളയടിക്കേണ്ടതിന്റെയോ ആവശ്യമില്ല. ടി20 അധികാരത്തിലെത്തിയാൽ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ പത്ത് വർഷം കൊണ്ട് രക്ഷപ്പെടും,'- സാബു എം ജേക്കബ് പറയുന്നു. ഈ അഭിമുഖവും ഫലത്തിൽ ആം ആദ്മി കേരള ഘടകത്തിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. ഇതോടെ പുതിയ ജനകേഷമ സഖ്യത്തിന്റെ ഭാവി എന്താവുമെന്ന് കണ്ടറിയേണ്ട അവസ്ഥയാണ്.
കേരളത്തിലെ രണ്ടാമത്തെ പാർട്ടി?
അതിനിടെ ട്വന്റി 20യുടെ അംഗത്വ കാമ്പയിന് വൻ പിന്തുണയാണ് കേരളത്തിൽ ലഭിക്കുന്നത്. പാർട്ടി അംഗങ്ങളുടെ എണ്ണം നോക്കിയാൽ, കേരളത്തിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ് ട്വന്റി 20 എന്ന് പറയാവുന്നതാണ്. സാബു എം ജേക്കബ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. 'സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും വാർഡ് തലം തൊട്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ് ട്വന്റി 20. അംഗത്വ ക്യാംപെയ്ൻ ആരംഭിച്ചിട്ട് വെറും 42 ദിവസമേ ആയിട്ടുള്ളൂ. ഇന്ന് വരെ കേരളത്തിൽ ഞങ്ങൾ ഏതാണ്ട് ഏഴ് ലക്ഷം അംഗത്വം നേടിക്കഴിഞ്ഞു. സംസ്ഥാനത്ത് ഏഴ് ലക്ഷത്തിലധികം അംഗങ്ങളുള്ള ഒരേയൊരു പാർട്ടി സിപിഐഎമ്മാണ്. കോൺഗ്രസിന് പോലും അഞ്ച് ലക്ഷം മെമ്പർഷിപ്പേ കേരളത്തിലുള്ളൂ. മാറ്റത്തിന് വേണ്ടി ജനങ്ങൾ എത്ര മാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് ഈ അക്കങ്ങൾ കാണിച്ചുതരുന്നു.''
ഈ വാക്കുകൾ ശരിയാണെന്നതിന് സോഷ്യൽ മീഡിയയിൽ ഓരോദിവസവും ട്വന്റി 20ക്ക് കിട്ടുന്ന വർധിച്ച പിന്തുണയും സാക്ഷ്യമാവുന്നു. ഒരു പാർട്ടിയിലെ അംഗങ്ങളുടെ വോട്ടല്ല അനുഭാവികളുടെ വോട്ട് എന്നത് വ്യക്തമാണ്. കേഡർ സ്വഭാവമില്ലാത്ത കോൺഗ്രസിനൊക്കെ അംഗങ്ങൾ കുറവും അനുഭാവികൾ അതിന്റെ എത്രയോ ഇരട്ടിയുമാണെന്നതാണ് വസ്തുത. കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള മത്സരത്തിൽപോലും കേരളത്തിൽനിന്ന് എത്രപേർക്ക് വോട്ട് ഉണ്ടെന്നത് നമുക്ക് അറിയാവുന്നതാണ്. അതുകൊണ്ടുതന്നെ ട്വന്റി 20യുടെ അംഗത്വത്തിലുള്ള വർധന വോട്ടിൽ പ്രതിഫലിക്കുമെന്ന് ഉറപ്പിച്ച് പറയാൻ കഴിയില്ല. പക്ഷേ ഇതൊരു ഞെട്ടിക്കുന്ന മാറ്റമാണെന്ന് നിരീക്ഷിക്കാതെ വയ്യ.
തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ ഡോ അലക്സാണ്ടർ ജോൺ ഇങ്ങനെ നിരീക്ഷിക്കുന്നു. 'സത്യത്തിൽ മറ്റൊരു ഗതിയുമില്ലാത്തതിനാൽ തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിൽ മുന്നണികളെ മാറിമാറി ചുമക്കാൻ വിധിക്കപ്പെട്ടവരാണ് കേരളീയർ. കേരളത്തിന്റെ ഒരു ജനസംഖ്യാപരമായ പ്രത്യേകതകൾ കൊണ്ട് ബിജെപിക്ക് ഇവിടെ അധികാരത്തിൽ എത്താൻ കഴിയില്ലെന്ന് വ്യക്തമാണ്. അപ്പോൾ പിന്നെയുള്ള ഒരു ബദൽ എന്ന നിലയിൽ ട്വന്റി 20- ആം ആദ്മി സഖ്യത്തിന് വളരാൻ കഴിയും. ശശി തരൂരിനെപ്പോലുള്ള ആളുകളെയും അവർ ഈ മുന്നണിയിൽ പ്രതീക്ഷിക്കുന്നുണ്ട്. ഇപ്പോൾ 7ലക്ഷത്തിൽ പരം അംഗങ്ങൾ ഉണ്ടായി എന്ന് പറയുന്നുതന്നെ ഞെട്ടിക്കുന്ന ഒരു മാറ്റമാണ്. സാബു എം ജേക്കബിനെപ്പോലെ ഒരാളെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി, ശക്തമായ കാമ്പയിൻ നടത്തിയാൽ കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറും''.
സോഷ്യൽ മീഡിയയിലെ ലിബറൽ ചിന്താഗതിയുള്ള ഒരുപാട് പേരും ഇതുപോലെ ചിന്തിക്കുന്നുണ്ട്. കേരള രാഷ്ട്രീയത്തിന്റെ ഗെയിം ചേഞ്ചർ ആവാൻ സാബു എം ജേക്കബിന് കഴിയുമോ എന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്. ഇതോടൊപ്പം അരവിന്ദ്കെജ്രിവാളിന്റെ പ്രതിഛായ കൂടിയാവുന്നതോടെ ഈ സഖ്യത്തിന് വലിയ നേട്ടം കൊയ്യാൻ കഴിയുമെന്നാണ് പ്രവചിക്കപ്പെട്ടത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ