ന്യൂഡല്‍ഹി: ജീവിതപങ്കാളികള്‍ തമ്മില്‍ വേര്‍പിരിയുമ്പോള്‍ നല്‍കുന്ന ജീവനാംശത്തില്‍ സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി. സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയ ജീവിതപങ്കാളിക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് ഹൈക്കോടതിയുടെ വിധിച്ചു. ഇന്ത്യന്‍ റെയില്‍വേസ് ട്രാഫിക് സര്‍വീസില്‍ ഗ്രൂപ്പ് എ ഓഫീസറായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് അനില്‍ ക്ഷേതര്‍പാല്‍, ജസ്റ്റിസ് ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം.

സാമൂഹിക നീതി ഉറപ്പാക്കുന്നതിനാണ് ജീവനാംശം. സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയ രണ്ട് വ്യക്തികളുടെ സാമ്പത്തിക സ്ഥിതി ഉയര്‍ത്തുന്നതിനോ തുല്യമാക്കുന്നതിനോ വേണ്ടിയുളളതല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 25 കക്ഷികളുടെ വരുമാനം, വരുമാന ശേഷി, സ്വത്ത്, പെരുമാറ്റം എന്നിവ കണക്കിലെടുത്ത് ജീവനാംശം നല്‍കാന്‍ കോടതിക്ക് വിവേചനാധികാരം നല്‍കുന്നുണ്ട്. എന്നാല്‍, ജീവിതപങ്കാളി സാമ്പത്തികമായി സ്വാതന്ത്ര്യം നേടിയ സാഹചര്യങ്ങളില്‍ ഹിന്ദു വിവാഹ നിയമത്തിലെ 25-ാം സെക്ഷന്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

വേര്‍പിരിയലിനുശേഷം അഭിഭാഷകനായ തന്റെ മുന്‍ ഭര്‍ത്താവില്‍നിന്ന് ജീവനാംശവും നഷ്ടപരിഹാരവും തേടിയുളളതായിരുന്നു യുവതിയുടെ ഹര്‍ജി. 2010-ല്‍ വിവാഹിതയായ ദമ്പതിമാര്‍ മൂന്ന് വര്‍ഷം മാത്രമാണ് ഒന്നിച്ചുകഴിഞ്ഞത്. തുടര്‍ന്ന് 2023 ഓഗസ്റ്റില്‍ ഇരുവര്‍ക്കും കുടുംബക്കോടതി വിവാഹമോചനം നല്‍കുകയായിരുന്നു.

ഭാര്യയില്‍നിന്ന് മാനസികവും ശാരീരികവുമായ പീഡനമേല്‍ക്കേണ്ടി വന്നതായി അഭിഭാഷകനായ ഭര്‍ത്താവ് ആരോപിച്ചിരുന്നു. ആരോപണങ്ങളെല്ലാം നിഷേധിച്ച യുവതി ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന് ക്രൂരമായ പെരുമാറ്റമുണ്ടായതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവര്‍ക്കും വിവാഹമോചനം നല്‍കിയ കുടുംബക്കോടതി ഭാര്യ വിവാഹമോചനത്തിന് സമ്മതിച്ചതിന് 50 ലക്ഷം രൂപ ആവശ്യപ്പെട്ടതായും രേഖപ്പെടുത്തി. ഇത് സത്യവാങ്മൂലത്തില്‍ യുവതി ഉള്‍പ്പെടുത്തുകയും ക്രോസ് വിസ്താരത്തിനിടയില്‍ ആവര്‍ത്തിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണമുണ്ടായത്.

'സ്ഥിരമായ ജീവനാംശം സാമൂഹിക നീതി ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുളളതാണ്. വിവാഹബന്ധം വേര്‍പെടുത്തുമ്പോള്‍ സ്വന്തമായി ഉപജീവനമാര്‍ഗമില്ലാത്ത ഒരാള്‍ അഗതിയാകരുതെന്ന് ഉറപ്പാക്കാന്‍ ഉദ്ദേശിച്ചുളളതാണ് ജീവനാംശം. അല്ലാതെ സമ്പന്നരാക്കാനോ വ്യക്തികളുടെ സാമ്പത്തിക നില തുല്യമാക്കാനോ ഉളളതല്ല. കേസില്‍ ഹര്‍ജി നല്‍കിയ യുവതി സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ്. അവര്‍ക്ക് സ്ഥിരവരുമാനമുണ്ട്. ആശ്രിതരുമില്ല. ജീവിക്കാന്‍ കഴിയാത്തവിധം സാമ്പത്തിക പ്രശ്നമുളളതായോ അത്തരം സാഹചര്യമുളളതായോ ഉളള തെളിവുകളും ഹാജരാക്കിയില്ല': കോടതി കൂട്ടിച്ചേര്‍ത്തു.

സമാനമായ വിധി മദ്രാസ് ഹൈക്കോടതിയില്‍ നന്നും മുമ്പ് ഉണ്ടായിട്ടുണ്ട്. മികച്ച സാമ്പത്തിക സ്രോതസുകള്‍ ആശ്രയമായിട്ടുള്ള ഭാര്യക്ക് വിവാഹമോചന കേസിന്റെ ഇടവേളയില്‍ ഭര്‍ത്താവ് ഇടക്കാല ജീവനാംശം നല്‍കേണ്ടകാര്യമില്ലെന്നാണ് മദ്രാസ് ഹൈക്കോടതി മുമ്പ് നിരീക്ഷിച്ചത്.