- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയാള്‍ ഇപ്പോഴും സജീവം..അവസരങ്ങള്‍ നഷ്ടപ്പെട്ടത് എനിക്ക്; തെറ്റ് ഏറ്റുപറഞ്ഞ അലന്‍സിയറിനെതിരെ എന്ത് നടപടിയുണ്ടായി; ദിവ്യ ഗോപിനാഥ് പ്രതികരിക്കുന്നു
തിരുവനന്തപുരം: മീ ടുവിന്റെ തുടക്കകാലത്ത് നടന്‍ അലന്‍സിയറിനെതിരെ പരാതിയുമായി രംഗത്തെത്തിയ നടിയാണ് ദിവ്യ ഗോപിനാഥ്.2018ല്‍ തൊഴിലിടത്തിലെ ലൈംഗീക ചൂഷണം ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ പരാതി.ഹേമകമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വെളിപ്പെടുത്തലുകള്‍ മലയാള സിനിമാ മേഖലയെ പിടിച്ചുകുലുക്കുമ്പോള്‍ തന്റെ അനുഭവം തുറന്ന് പറയുകയാണ് നടി.ഒപ്പം നിലവിലെ മാറ്റങ്ങളില്‍ നടി പ്രത്യാശവച്ച് പുലര്‍ത്തുന്നുമുണ്ട്.ആറുവര്‍ഷത്തിനിപ്പുറം പരാതിക്കാരിയായ താന്‍ സിനിമയ്ക്ക് പുറത്തായപ്പോള്‍ ചൂഷണം ചെയ്ത വ്യക്തി ഇന്‍ഡസ്ട്രിയില്‍ സജീവമായി നിലനില്‍ക്കുകയാണെന്ന് പറയുകയാണ് ദിവ്യ.ഇപ്പോള്‍ സെക്ഷ്വല്‍ സ്പേസിനേക്കുറിച്ച് സംസാരിക്കാനല്ല മറിച്ച് അവര്‍ ഭാഗമായ ഇടത്തിലെ പ്രശ്നങ്ങളേക്കുറിച്ച് തുറന്നടിക്കാനും […]
തിരുവനന്തപുരം: മീ ടുവിന്റെ തുടക്കകാലത്ത് നടന്‍ അലന്‍സിയറിനെതിരെ പരാതിയുമായി രംഗത്തെത്തിയ നടിയാണ് ദിവ്യ ഗോപിനാഥ്.2018ല്‍ തൊഴിലിടത്തിലെ ലൈംഗീക ചൂഷണം ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ പരാതി.ഹേമകമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ വെളിപ്പെടുത്തലുകള്‍ മലയാള സിനിമാ മേഖലയെ പിടിച്ചുകുലുക്കുമ്പോള്‍ തന്റെ അനുഭവം തുറന്ന് പറയുകയാണ് നടി.ഒപ്പം നിലവിലെ മാറ്റങ്ങളില്‍ നടി പ്രത്യാശവച്ച് പുലര്‍ത്തുന്നുമുണ്ട്.ആറുവര്‍ഷത്തിനിപ്പുറം പരാതിക്കാരിയായ താന്‍ സിനിമയ്ക്ക് പുറത്തായപ്പോള്‍ ചൂഷണം ചെയ്ത വ്യക്തി ഇന്‍ഡസ്ട്രിയില്‍ സജീവമായി നിലനില്‍ക്കുകയാണെന്ന് പറയുകയാണ് ദിവ്യ.ഇപ്പോള്‍ സെക്ഷ്വല്‍ സ്പേസിനേക്കുറിച്ച് സംസാരിക്കാനല്ല മറിച്ച് അവര്‍ ഭാഗമായ ഇടത്തിലെ പ്രശ്നങ്ങളേക്കുറിച്ച് തുറന്നടിക്കാനും ഭാവിയില്‍ ഈ മേഖലയിലേക്ക് വരുന്നവര്‍ക്ക് സുരക്ഷിതമായ തൊഴിലിടം ഒരുക്കാനുമാണ് പലരും തുറന്നുപറയുന്നതെന്നും ദിവ്യ പറയുന്നു.ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ദിവ്യയുടെ തുറന്നുപറച്ചില്‍
പരാതി വരുന്ന അവസരങ്ങളില്‍ ഒദ്യോഗികസ്ഥാനത്തുനിന്ന് മാറിനിന്ന് ആ പരാതിയില്‍ നടപടികള്‍ സ്വീകരിക്കാനുള്ള അവസരം സിസ്റ്റത്തിന് ഉണ്ടാക്കിക്കൊടുക്കേണ്ടതു തന്നെയാണ്. ഇതുതന്നെയാണ് 2018 കാലത്ത് അലന്‍സിയര്‍ക്കെതിരെ അമ്മ എന്ന സംഘടനയില്‍ പരാതികൊടുത്തപ്പോഴും അവരോട് ചോദിച്ചിരുന്നത്.എന്ത് നടപടിയാണ് നിങ്ങളുടെ അംഗമായ വ്യക്തി എന്നോട് ചെയ്ത ചൂഷണത്തിന് നിങ്ങള്‍ സ്വീകരിക്കുക എന്നായിരുന്നു ചോദിച്ചത്.വിശദമായി എന്തൊക്കെയാണ് നടന്നത് എന്നും പറഞ്ഞിരുന്നു. പക്ഷേ ഈ അഞ്ചുവര്‍ഷക്കാലയളവില്‍ ഇത്തരം തുറന്നുപറച്ചിലുകള്‍ എത്രത്തോളം ജീവിതത്തെ ബാധിച്ചുവെന്നതിന്റെ രക്തസാക്ഷിയാണ് ഞാനെന്നും ദിവ്യ വിശദീകരിക്കുന്നു.
ഒരുപാട് സ്വപ്നം കണ്ട്, തിയേറ്റര്‍ പ്രൊഫഷണലായി പഠിച്ച് സിനിമയിലേക്കെത്തിയ ആളാണ് ഞാന്‍.എന്നാല്‍ ആ സ്വപ്നമെല്ലാം മാറ്റിവച്ച് മറ്റൊരു മേഖലയില്‍ തൊഴിലെടുക്കാന്‍ നിര്‍ബന്ധിതയാവുന്നുണ്ടെങ്കില്‍ അതൊട്ടും സന്തോഷത്തോടെയല്ല.പരാതി ഉന്നയിച്ചയാള്‍ ഇന്നും സിനിമയില്‍ സജീവമാവുകയും അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ അവസരങ്ങള്‍ നഷ്ടമായി ജീവിക്കുകയാണ്.ഇന്നിപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവന്ന് മൂന്നുദിവസം കൊണ്ട് അസോസിയേഷനിലുള്ള വ്യക്തികള്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ വളരെയധികം സന്തോഷമുണ്ട്. തെളിവുണ്ടെങ്കില്‍ പറയൂ എന്നാണ് പലരും പറയുന്നത്. അലന്‍സിയര്‍ ചെയ്ത തെറ്റ് സമ്മതിച്ച് ക്ഷമ ചോദിച്ചയാളാണ്.അയാള്‍ ചെയ്ത തെറ്റിന് അസോസിയേഷന്‍ എന്ത് നടപടിയാണ് എടുത്തതെന്ന് സംഘടനയിലെ അംഗങ്ങള്‍ക്ക് സ്വയം ചോദിക്കാമെന്നും നടി ചൂണ്ടിക്കാട്ടുന്നു.
1947 സ്വാതന്ത്ര്യം കിട്ടിയ രാജ്യത്ത് സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്നതാണ് പരാതി പറയാന്‍ എന്തെ ഇത്രയും വൈകിയെന്ന ചോദ്യങ്ങള്‍ കൊണ്ട് വ്യക്തമാകുന്നത്.നാം എപ്പോഴും നെഞ്ചിലൊരു ക്യാമറയുമായി നടക്കണം എന്നാണ് ഇവരൊക്കെ പ്രതീക്ഷിക്കുന്നത്. ഏതു ജോലി ചെയ്യുമ്പോഴും ആരെങ്കിലും ഉപദ്രവിക്കുമോ എന്ന് ഭയന്നുനടക്കണം എന്നാണ് ഇവര്‍ കരുതുന്നത്.ഇത്തരം ചോദ്യങ്ങളൊക്കെ മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.പക്ഷേ, അത്തരത്തില്‍ ചോദിക്കുന്നവരോട് തിരിച്ചുചോദിക്കാനുള്ളത് ഒറ്റ കാര്യമാണ്…2018-ല്‍ ഇതേക്കുറിച്ച് തുറന്നുപറഞ്ഞു, പക്ഷേ 2024 ആയിട്ടും എന്ത് മാറ്റമാണ് ഉണ്ടായത്.
തുറന്നുപറച്ചിലോടെ ഒരു സ്ത്രീ താങ്ങുമോ ചുറ്റുമുള്ളവര്‍ അവിശ്വസിക്കുമോ എന്നൊക്കെ ഭയന്നിരുന്നു. എന്നാല്‍ ഇന്ന് അതിന് മാറ്റം വന്നു.ഒന്നിച്ചുള്ള പോരാട്ടമാണെന്ന തിരിച്ചറിവാണ് ഈ പാട്രിയാര്‍ക്കിയെ കുലുക്കിയത്.ആ ധൈര്യത്തില്‍ സ്ത്രീകള്‍ മുന്നോട്ടുവരുന്നുവെന്നത് അഭിമാനം തോന്നിപ്പിക്കുന്ന കാര്യമാണ്.തെറ്റുകാരാണ് മറയേണ്ടത്,. നമ്മള്‍ ഒരു തൊഴിലിടത്തിനെ ഏറ്റവും വൃത്തിയാക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. അതില്‍ ഒന്നിച്ചുനില്‍ക്കുക എന്നതാണ് പ്രധാനം. സിനിമയെന്നല്ല, ഏതൊരു മേഖലയിലും ശബ്ദമുയര്‍ത്തിയാല്‍ മാത്രമേ മാറ്റങ്ങളുണ്ടാകൂ. ലൈംഗിക ചൂഷണങ്ങള്‍ മാത്രമല്ല ജോലി ചെയ്യുന്ന സ്ഥലത്ത് പരസ്പര ബഹുമാനമുണ്ടായിരിക്കുക, അര്‍ഹിക്കുന്ന വേതനം നല്‍കുക, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങിയവയ്ക്കുവേണ്ടിയുമുള്ള പോരാട്ടമാണിതെന്നും ദിവ്യ ഓര്‍മ്മിപ്പിക്കുന്നു.
നടീനടന്മാരുടെ പ്രതിഫലവും സിനിമയുടെ ലാഭവും മാത്രമല്ല ചര്‍ച്ച ചെയ്യേണ്ടത്. ഒരു സെറ്റില്‍ കുറഞ്ഞത് അഞ്ച് അസിസ്റ്റന്റ് ഡയറക്ടര്‍മാരെങ്കിലും സൗജന്യമായി ജോലി ചെയ്യുന്നുണ്ടാവും. അവര്‍ ആ സെറ്റില്‍ നിന്നു മാറിനിന്നാല്‍ ആ സിനിമ നടക്കില്ല. ഉറക്കംപോലുമില്ലാതെ രാപകല്‍ കഷ്ടപ്പെടുന്ന,സിനിമയുടെ നട്ടെല്ലാണ് അസിസ്റ്റന്റ് ഡയറക്ടേഴ്സ്.ലൈംഗിക ചൂഷണങ്ങള്‍ക്കൊപ്പം ഇത്തരം ചൂഷണങ്ങളും ചോദ്യം ചെയ്യപ്പെടണം. എങ്കിലേ ഏറ്റവും നല്ല സിനിമകള്‍ കൊടുക്കുന്ന മേഖലയായി മലയാള സിനിമയ്ക്ക് മാറാനാവൂവെന്നും ദിവ്യ ഗോപിനാഥ് ചൂണ്ടിക്കാട്ടുന്നു.
അമ്മ സംഘടനയുടെ മാധ്യമസമ്മേളത്തില്‍ നടി ജോമോളുടെ പ്രതികരണത്തെയും ദിവ്യ വിമര്‍ശിച്ചു.എനിക്ക് അനുഭവമുണ്ടായിട്ടില്ല, അതിനാല്‍ ഇതേക്കുറിച്ചറിയില്ല എന്നുപറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇങ്ങനെ പറഞ്ഞ നടിയുടെ കൂട്ടത്തിലുള്ള ഒരു നടിയാണ് ഏഴുകൊല്ലം മുമ്പേ കാറില്‍ വലിയ അതിക്രമത്തിനിരയായത്. അവര്‍ നമ്മളിലൊരാളാണെങ്കില്‍ അത് തിരിച്ചറിഞ്ഞ് ഉത്തരവാദിത്തത്തോടെ പ്രതികരിക്കണം.ഉര്‍വശി മാഡം പറഞ്ഞതുപോലെ, എനിക്ക് സംഭവിച്ചില്ലെങ്കിലും എനിക്ക് ചുറ്റുമുള്ള ആളുകള്‍ക്ക് അനീതി സംഭവിച്ചാല്‍ അതിനെതിരെ പ്രതികരിക്കുക തന്നെ ചെയ്യണം.
അതിക്രമവാര്‍ത്തകള്‍ പുറത്തുവരുമ്പോഴും അതിനെതിരെയുള്ള നടപടികള്‍ വൈകുമ്പോഴുമൊക്കെ സ്വന്തം ജീവിതത്തില്‍ നേരിട്ട അനുഭവങ്ങളും തികട്ടിവരുമല്ലോ. എത്രത്തോളം മാനസിക സംഘര്‍ഷം ഉണ്ടാക്കുന്നതാണ് ഈയൊരു പോരാട്ടം.
വളരെയധികം സ്ട്രെസ്ഫുള്‍ ആണ്. ഒരു പെണ്‍കുട്ടി ഒരു സംവിധായകനില്‍ നിന്ന് നേരിട്ട അതിക്രമങ്ങളേക്കുറിച്ച് പറഞ്ഞിരുന്നു. ആ വ്യക്തി കഴിഞ്ഞദിവസം സ്ത്രീസംരക്ഷണത്തിനുവേണ്ടിയും ചിലര്‍ അറിയാതെ ചെയ്യുന്ന തെറ്റായും മറ്റുചിലര്‍ പവര്‍ ഉപയോഗിച്ച് ചെയ്യുന്ന തെറ്റായുമൊക്കെ വിശദീകരിച്ച് പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. അത് വായിക്കുമ്പോള്‍പ്പോലും ട്രിഗര്‍ ചെയ്യപ്പെടുന്ന സാഹചര്യമാണ്. ആ വ്യക്തിമൂലം മറ്റൊരു പെണ്‍കുട്ടി ഇന്നും അനുഭവിക്കുന്ന ട്രോമ കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹം സ്ത്രീപക്ഷ സംവിധായകനാകാന്‍ ശ്രമിക്കുന്നത്.
തുടക്കംതൊട്ട് ഡബ്ല്യു.സി.സി.യെ വിമര്‍ശിച്ചവരാണ് ഭൂരിഭാഗവും, എന്നാല്‍ അതേ കൂട്ടായ്മയുടെ മുട്ടുമടക്കാത്ത പോരാട്ടമാണ് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിലേക്കും അതിക്രമത്തിന് ഇരയായവരുടെ തുറന്നുപറച്ചിലിലേക്കുമൊക്കെ നയിച്ചത്. എത്രത്തോളം സുരക്ഷിതത്വം പകരുന്നുണ്ട് ഇത്തരത്തിലൊരു സംഘടനയുടെ പിന്തുണ.
ഡബ്ല്യു.സി.സി.യെ കണ്ടുമുട്ടിയതാണ് എന്റെ ജീവിതത്തില്‍ ഏറ്റവും വലിയ വഴിത്തിരിവുകളിലൊന്ന്.നമ്മള്‍ പലവിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടാകാറുണ്ട്.അത്തരത്തില്‍ ഓരോരുത്തര്‍ക്കും അഭിപ്രായം പറയാനുള്ള ഇടം അവിടെയുണ്ട്.ഒരു ഹയറാര്‍ക്കിയും ഇല്ലാതെ മുന്നോട്ടുപോകുന്ന ഒരു സിസ്റ്റമാണത്.അത് ശരിക്കും ഒരു സിസ്റ്റര്‍ഹുഡ് ഫീലാണ് നല്‍കുന്നത്. ഭയങ്കര പവറാണ്. ഇന്ന് ദിവ്യ ഇതുപോലെ നിങ്ങളോട് സംസാരിക്കുന്നുണ്ടെങ്കില്‍ അത് ആ സിസ്റ്റം തന്ന പവറാണ്. അല്ലെങ്കില്‍ എന്റെ പ്രശ്നങ്ങള്‍ ഒതുക്കി, സിസ്റ്റത്തെ ഭയന്ന് മാറിയേനെ. ആ സ്ത്രീകളോടെല്ലാം ഒരുപാട് സ്നേഹമുണ്ട്. അവര്‍ക്കൊപ്പമുള്ള യാത്ര വളരെയധികം ഇമോഷണലാണ്.
സെക്ഷ്വല്‍ സ്പേസിനേക്കുറിച്ച് സംസാരിക്കാനല്ല മറിച്ച് അവര്‍ ഭാഗമായ ഇടത്തിലെ പ്രശ്നങ്ങളേക്കുറിച്ച് തുറന്നടിക്കാനും ഭാവിയില്‍ ഈ മേഖലയിലേക്ക് വരുന്നവര്‍ക്ക് സുരക്ഷിതമായ തൊഴിലിടം ഒരുക്കാനുമാണ് പലരും തുറന്നുപറയുന്നത്. അതിന്റെ പേരില്‍ എന്തുതന്നെ വന്നാലും നേരിടും എന്ന ധൈര്യത്തോടെ സ്ത്രീകള്‍ പ്രതികരിച്ചുതുടങ്ങിയിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ ഇനിയും പുറത്തുവരട്ടെ.ഇനി തുറന്നുപറയാനുള്ള ആത്മധൈര്യം ഇല്ലാത്തവരാണെങ്കിലും കുഴപ്പമില്ല അവരേയും നമ്മള്‍ ചേര്‍ത്തുപിടിക്കുന്നുണ്ട്. അങ്ങനെ രണ്ടുകൂട്ടര്‍ക്കുമൊപ്പം നമ്മളുണ്ടെന്നും ദിവ്യ പറഞ്ഞു നിര്‍ത്തുന്നു.