- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി സജി ചെറിയാനെ കണ്ടതോടെ ചിരിച്ചു കൊണ്ട് അദ്ദേഹത്തിനടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നതിനിടെ അപ്രതീക്ഷിതമായ വീഴ്ച; 15 അടി താഴ്ചയില്‍ എംഎല്‍എ വീണത് കണ്ടിട്ടും ആഘോഷത്തിലെ 'ആവേശം' ചോര്‍ന്നില്ല; ഉദ്ഘാടനത്തില്‍ അടക്കം പങ്കെടുത്ത മന്ത്രിയും എംപിയും; അവരും ഓടി ആശുപത്രിയില്‍ എത്തേണ്ടവരല്ലേ?
കൊച്ചി: മന്ത്രി സജി ചെറിയാന്റെ കണ്മുന്നില് വച്ചാണ് എംഎല്‍എ ഉമാ തോമസ് അപകടത്തില്‍ പെട്ടത്. 15 അടി താഴ്ചയിലേക്ക് വീണ എംഎല്‍എയെ താഴെ ഉണ്ടായിരുന്നവര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നിട്ടും മന്ത്രി സജി ചെറിയാന് ഉദ്ഘാടനത്തില്‍ അടക്കം പങ്കെടുത്താണ് മടങ്ങിയത്. എറണാകുളം എംപിയും കോണ്‍ഗ്രസ് നേതാവുമായ ഹൈബി ഈഡനും വേദിയിലെത്തി. അപകടത്തിന് ശേഷമാണ് ഹൈബി എത്തിയതെന്നാണ് സൂചന. ഏതായാലും നടി ദിവ്യാ ഉണ്ണിയുടെ റിക്കോര്‍ഡ് നേട്ടം ആസ്വദിക്കുന്നതില്‍ നിന്നും മന്ത്രിയേയും എംപിയേയും മറ്റ് പൗര പ്രമുഖരെയൊന്നും ഉമാ തോമസിനുണ്ടായ ദുരന്തം ബാധിച്ചില്ല. ഉദ്ഘാടനത്തിന് ശേഷമാണ് മന്ത്രി സജി ചെറിയാന് അടക്കം ആശുപത്രിയില്‍ എത്തിയത്.
വീണ് പരിക്കേറ്റ ഉമാ തോമസിനെ ആളുകള്‍ അതിവേഗം ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇതിന് ശേഷവും പരാപാടിയില്‍ വലിയ സങ്കോചമൊന്നുമില്ലാതെ മന്ത്രിയും എംപിയും പങ്കെടുത്തു. രണ്ടു പേരും ഇതിനിടെ എന്തോ സംസാരിക്കുന്നതും മറ്റും പരിപാടിയുടെ തല്‍സമയ സംപ്രേക്ഷണത്തില്‍ വ്യക്തം. ഇങ്ങനൊരു അപകടത്തിന്റെ സൂചനകള്‍ പോലും ആ തല്‍സമയ വീഡിയോയില്‍ കാണിച്ചതുമില്ല. ആ വീഡിയോ വ്യക്തമായി പരിശോധിച്ചാല്‍ ഒരു ഘട്ടത്തില്‍ മന്ത്രിയുടെ അടുത്തെത്തി എഡിജിപി ശ്രീജിത്ത് എന്തോ പറയുന്നുണ്ട്. അതു കേട്ട് മന്ത്രി തലയില്‍ കൈവയ്ക്കുന്നതും കാണാം. പക്ഷേ പരിപാടി വിട്ട് ആശുപത്രിയിലേക്കോ മറ്റോ ആ ഘട്ടത്തില്‍ പോയില്ല. അപകടത്തിന്റെ രൂക്ഷത മന്ത്രിക്ക് മനസ്സിലായി എന്നും ആ തലയില്‍ കൈവച്ചതില്‍ വ്യക്തം.
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തുന്ന നൃത്തപരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കുന്നതിനിടെ ആയിരുന്നു അപകടം. കൊച്ചി കലൂര്‍ അന്തരാഷ്ടട്ര സ്റ്റേഡിയത്തില്‍ 12,000 നര്‍ത്തകരുടെ ഭരതനാട്യ പരിപാടിയില്‍ അതിഥിയായെത്തിയതായിരുന്നു ഉമ തോമസ്. മൃദംഗ വിഷന്‍ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് 'മൃദംഗനാദം' എന്ന പേരില്‍ ചടങ്ങ് സംഘടിപ്പിച്ചത്. നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് നൃത്തപരിപാടി. ആലുക്കാസിന്റെ പ്രധാന സ്പോണ്‍സര്‍ഷിപ്പിലായിരുന്നു പരിപാടി. സ്റ്റേഡിയത്തില്‍ ഗ്രൗണ്ടിനോട് ചേര്‍ന്ന് പത്തടിയിലേറെ ഉയരത്തിലാണ് വി.ഐ.പി ഗാലറി ഒരുക്കിയിരുന്നത്. പരിപാടിക്കെത്തിയ എം.എല്‍.എ താഴത്ത് നിന്ന് നടന്നു കയറി വി.ഐ.പി ഗാലറി ഭാഗത്ത് എത്തി.
ഉദ്ഘാടകനായ മന്ത്രി സജി ചെറിയാനെ കണ്ടതോടെ ചിരിച്ചു കൊണ്ട് അദ്ദേഹത്തിനടുത്തേക്ക് നടന്നു നീങ്ങാനൊരുങ്ങുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ വീഴ്ചയെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞതെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് മാധ്യമ റിപ്പോര്‍ട്ടിംഗ് ഇത്തരത്തില്‍ തന്നെയാണ്. സുരക്ഷയുടെ ഭാഗമായി റിബണ്‍ കോര്‍ത്തായിരുന്നു ഗാലറിയില്‍ നിന്ന് താഴേക്കുള്ള ഭാഗത്ത് വേര്‍തിരിച്ചിരുന്നതെന്നാണ് സൂചന. അതായത് ഉമാ തോമസ് വീഴുന്നത് അടക്കം മന്ത്രി കണ്ടിട്ടുണ്ടെന്ന് സാരം. നിയസഭയിലെ സഹപ്രവര്‍ത്തകയ്ക്ക് വീണ് ഗുരുതര പരിക്കേറ്റിട്ടും ഉദ്ഘാടനം തീരും വരെ അവിടെ മന്ത്രി തുടര്‍ന്നു. എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റെന്ന് അറിഞ്ഞാല്‍ അപ്പോള്‍ തന്നെ മന്ത്രി ആശുപത്രിയില്‍ ഓടിയെത്തുകയെന്ന പതിവ് ഇവിടെ ആരും കണ്ടില്ല.
മന്ത്രിയോട് പരിപാടിക്കിടെ ആരോ എന്തോ ചെവിയില്‍ പറയുന്നതെല്ലാം തല്‍സമയ വീഡിയോയില്‍ കാണാം. ദൃശ്യ-ശ്രാവ്യ-കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൃദംഗ വിഷന്റെ നേതൃത്വത്തില്‍ വൈകീട്ട് ആറിനായിരുന്നു കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പരിപാടി നിശ്ചയിച്ചിരുന്നത്. ഇതിന് മുമ്പ് തമിഴ്നാട്ടില്‍ 10,500 നര്‍ത്തകിമാര്‍ പങ്കെടുത്ത ഭരതനാട്യത്തിനാണ് ഗിന്നസ് റിക്കാര്‍ഡുള്ളത്. ഇത് മറികടക്കാനായിരുന്നു ശ്രമം. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് അദ്ദേഹത്തിന്റെ മകന് ദീപാങ്കുരന് സംഗീതം നല്കി പിന്നണി ഗായകന് അനൂപ് ശങ്കര്‍ ആലപിച്ച ഗാനത്തിന് അനുസൃതമായാണ് നൃത്തം ചിട്ടപ്പെടുത്തിയത്. അമ്പതോളം രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് വയസിന് മുകളില്‍ പ്രായമുള്ള നര്‍ത്തകരാണ് പങ്കെടുക്കാനെത്തിയത്. പരിപാടി കാണാന്‍ ഇന്ന് വൈകീട്ട് മൂന്നുമണി മുതല്‍ തന്നെ കാണികള്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ എത്തിത്തുടങ്ങിയിരുന്നു.
ഇതിനിടെയായിരുന്നു അപ്രതീക്ഷിത അപകടം. വീഴ്ചക്കിടെ കോണ്‍ക്രീറ്റ് പാളിയില്‍ എം.എല്‍.എയുടെ തലയിടിച്ചു. കോണ്‍ക്രീറ്റ് പതിച്ച തറയിലേക്കാണ് ഒരു വശം ചരിഞ്ഞ് വീണത്. തല പൊട്ടി നിലക്കാതെ രക്ത പ്രവാഹമുണ്ടായിരുന്നു. ഉടന്‍ സംഘാടകരും സ്ഥലത്തുണ്ടായിരുന്ന ഡോക്ടറും മറ്റുള്ളവരും ഓടിയെത്തി തൊട്ടടുത്ത പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയില്‍ എം.എല്‍.എയെ എത്തിക്കുകയും ചെയ്തു. ഇതിന് ശേഷവും പരിപാടിയില്‍ എല്ലാം മുറ പോലെ നടന്നു. ഇത്തരത്തിലെ ദുരന്തമുണ്ടായിട്ടും നൃത്തത്തിനപ്പുറമുള്ള ആഘോഷം വേദിയിലുണ്ടായി.
മൃദംഗ നാദം സംഘടിപ്പിച്ച പരിപാടിക്കു ഗിന്നസ് അധികൃതര്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറി. ചലച്ചിത്ര, സീരിയല്‍ താരങ്ങളായ ദേവി ചന്ദന, ഉത്തര ഉണ്ണി, വിദ്യ ഉണ്ണി, ഋതു മന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവരും നൃത്തമാടി. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്കു ദീപാങ്കുരന് സംഗീതം നല്കി പിന്നണി ഗായകന് അനൂപ് ശങ്കര്‍ ആലപിച്ച ഗാനത്തിന് അനുസൃതമായാണു ഭരതനാട്യം അവതരിപ്പിച്ചത്. കേരളത്തിനു പുറമേ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങള്‍, യു എസ്, യു കെ, ഓസ്ട്രേലിയ, കാനഡ തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിന്നും ഉള്ള നര്‍ത്തകര്‍ പങ്കെടുത്തു. 8 മിനിറ്റ് നീണ്ട റെക്കോര്‍ഡ് ഭരതനാട്യം മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്തു. ഗോകുല്‍ ഗോപകുമാറും സംഘവും ഗാനങ്ങള്‍ അവതരിപ്പിച്ചു. മൃദംഗ വിഷന്‍ പ്രീമിയം ആര്‍ട് മാഗസിന് ചടങ്ങില്‍ പ്രകാശനം ചെയ്തു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.