- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയ്യോ, കീഴടങ്ങാന്‍ വരുവായിരുന്നെന്ന് ദിവ്യ; അങ്ങനെയാവട്ടെ എന്നുപൊലീസ്; കണ്ണപുരത്ത് വീടിന് അടുത്ത് നിന്ന് കസ്റ്റഡിയില്‍ എടുത്തെങ്കിലും പൊലീസിന് ഉരുണ്ടുകളി; കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നോയെന്ന ചോദ്യം 'ഇറവലന്റ് ക്വസ്റ്റിയന്‍'; കേസെടുത്തപ്പോള്‍ മുതലുള്ള ഒളിച്ചുകളി നാടകം ഇങ്ങനെ
കേസെടുത്തപ്പോള്‍ മുതലുള്ള ഒളിച്ചുകളി നാടകം ഇങ്ങനെ
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍, പി പി ദിവ്യക്ക് എതിരെ കേസെടുത്തപ്പോള്‍ മുതല്‍ ചൊവ്വാഴ്ച കീഴടങ്ങും വരെ( കസ്റ്റഡിയില്‍ എടുത്തെന്ന് പൊലീസ്) ദിവ്യയും പൊലീസും സിപിഎമ്മും സര്‍ക്കാരും ഒത്തുപിടിച്ചുളള നാടകമാണ് അരങ്ങുതകര്‍ത്തുകൊണ്ടിരുന്നത്.
നിഷ്പ്രയാസം പിടികൂടാവുന്ന പ്രതിയെ കണ്ടിട്ടും കണ്ടിട്ടില്ലെന്ന് നടിക്കാനേ പൊലീസിന് കഴിഞ്ഞുള്ളു. അതായിരുന്നു ഭരണകക്ഷിയുടെ നിര്‍ദ്ദേശം. ഉപതിരഞ്ഞെടുപ്പ് ചൂടില്‍ പാര്‍ട്ടി ഒരുവഴിക്ക് വന്നെങ്കിലും, ദിവ്യ തലശേരി കോടതിയില്‍ മുന്‍കൂര്‍ ജാമ്യം എന്ന പ്രതീക്ഷയില്‍ ഊന്നി ചെറുത്തുനിന്നു. ചോദ്യം ചെയ്യാനായും പൊലീസ് മിനക്കെട്ടില്ല.
കണ്ണൂര്‍ കണ്ണവത്തെ വീട്ടിലും ബന്ധുവീടുകളിലും എല്ലാമായി ദിവ്യ ഒളിച്ചുകഴിഞ്ഞു. കോടതി വിധി വരുന്ന ദിവസം രക്തസമ്മര്‍ദ്ദം കൂടി ആശുപത്രിയില്‍ ചികിത്സയും തേടി. സിപിഎമ്മിനും സര്‍ക്കാരിനും പൊലീസിനും ദിവ്യയെ രക്ഷിക്കാനായിരുന്നു താല്‍പര്യമെങ്കില്‍, കേസില്‍ വാദം കേട്ട സെഷന്‍സ് കോടതി ശക്തമായ നിലപാടാണ് സ്വീകരിച്ചത്. രാഷ്ട്രീയ സ്വാധീനമുളളയാള്‍ക്ക് ജാമ്യം നല്‍കാനാവില്ലെന്ന് മാത്രമല്ല, ദിവ്യയുടെ പ്രസംഗം എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യക്ക് പ്രേരണയായെന്ന് വ്യക്തമാക്കുകയും ചെയ്തു. പ്രത്യാഘാതം മനസ്സിലാക്കിയായിരുന്നു ദിവ്യയുടെ പ്രസംഗം. ജാമ്യം നല്‍കിയാല്‍ തെറ്റായ സന്ദേശമാകുമെന്നും കോടതി പറഞ്ഞു. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതി വിധിയിലാണ് പ്രതിക്കെതിരെ ഗുരുതര നിരീക്ഷണങ്ങള്‍ ഉള്ളത്. ദിവ്യ ക്ഷണിക്കാതെ വന്നതെന്നും പ്രസംഗം ആസൂത്രിതമെന്നുമുള്ള പ്രോസിക്യൂഷന്‍ വാദങ്ങളാണ് കോടതി അംഗീകരിച്ചത്.
മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയെങ്കിലും കീഴടങ്ങാന്‍ ദിവ്യക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ല. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടും വരെ കാത്തിരിക്കാമെന്നായിരുന്നു അഭിഭാഷകരുടെ ഉപദേശം. എന്നാല്‍, ഉപതിരഞ്ഞെടുപ്പ് കാലത്ത് ദിവ്യ ഇനിയും ഒളിവില്‍ കഴിഞ്ഞാല്‍, അത് പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് കണ്ടാണ് പാര്‍ട്ടി നേതൃത്വം ഉച്ചയോടെ കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചത്.
ഇതോടെ ദിവ്യ കണ്ണവത്തെ വീട്ടില്‍ ഇല്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ പൊലീസ് അവിടെ തേടിയെത്തി. ഉച്ചകഴിഞ്ഞ് കീഴടങ്ങാനായി കണ്ണൂര്‍ക്ക് യാത്ര തിരിച്ച ദിവ്യ കണ്ണപുരമെത്തിയപ്പോള്‍ പൊലീസുമായി കൂട്ടിമുട്ടി. താന്‍ കീഴടങ്ങാനായി വരികയായിരുന്നുവെന്ന് ദിവ്യ പൊലീസിനോട് പറഞ്ഞു. എന്നാല്‍ അങ്ങനെയാവട്ടെ എന്നുപൊലീസും. പരസ്പര സഹകരണത്തോടെയുള്ള പരിപാടിയായിരുന്നെങ്കിലും, താന്‍ കീഴടങ്ങിയെന്ന് ദിവ്യയും കസ്റ്റഡിയില്‍ എടുത്തെന്ന് പൊലീസും ഭാഷ്യം ചമച്ചു. എന്തായാലും പൊലീസിന് ഒളിച്ചുകളി അവസാനിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. പിപി ദിവ്യ കസ്റ്റഡിയിലെടുത്തപ്പോഴും പൊലീസ് ഉരുണ്ടുകളിച്ചു. പൊലീസുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് ദിവ്യ കീഴടങ്ങിയത്. ദൃശ്യങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ പൊലീസ് ശ്രദ്ധിച്ചു. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിനു സമീപത്തെ സ്ഥലത്ത് നിന്നായിരുന്നു കീഴടങ്ങല്‍. രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരും ദിവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ പൊലീസ് പറയുന്നത് ദിവ്യയെ കസ്റ്റഡിയിലെടുത്തെന്നാണ്.
പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാര്‍ എവിടെ വച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കമുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടില്ല. ദിവ്യ നിരീക്ഷണത്തിലായിരുന്നെന്ന് കമ്മീഷണര്‍ പറഞ്ഞു. കണ്ണൂരില്‍ തന്നെ ഉണ്ടായിരുന്നോയെന്ന ചോദ്യത്തിന് ഇറവലന്റ് ക്വസ്റ്റിയന്‍ എന്നായിരുന്നു പ്രതികരണം. ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതെന്താണെന്ന ചോദ്യത്തിന്, മറ്റു നടപടിക്രമങ്ങളിലൂടെ പൊലീസ് കടന്നുപോകുകയായിരുന്നു. കേസ് കോടതിയുടെ പരിഗണനയിലുമായിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.
ഏതു കുറ്റം നടന്നാലും പൊലീസ് സ്വീകരിക്കുന്ന സര്‍വൈലന്‍സ് ഈ കേസിലും ഉണ്ടായിരുന്നു. കേസില്‍ കോടതി വിധി വന്ന് വളരെ പെട്ടെന്നു തന്നെ ദിവ്യയെ കസ്റ്റഡിയിലെടുത്തുവെന്നും കമ്മീഷണര്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്തത് അടക്കമുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്തതിനുശേഷം പറയാം. തുടര്‍ നടപടി ചോദ്യംചെയ്തതിനു ശേഷം തീരുമാനിക്കുമെന്നും പൊലീസ് കമ്മീഷണര്‍ അജിത് കുമാര്‍ പറഞ്ഞു.
ദിവ്യയുടെ ചിത്രങ്ങള്‍ ക്യാമറ കണ്ണുകളില്‍ പതിയാതിരിക്കാന്‍ അതീവ ശ്രദ്ധയോടെയാണ് പൊലീസ് ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസില്‍ ദിവ്യയെ എത്തിച്ചത്.