- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഋഷി സുനക് പോയെങ്കിലും നമ്പര്‍ പത്തില്‍ ദീപാവലി വിളക്കുകള്‍ തെളിഞ്ഞു; സ്റ്റര്‍മാര്‍ക്ക് ഒപ്പം വിളക്ക് കൊളുത്താന്‍ എത്തിയത് ഇന്ത്യന്‍ നര്‍ത്തകി അരുണിമ കുമാറും ശിഷ്യരും
ഋഷി സുനക് പോയെങ്കിലും നമ്പര്‍ പത്തില്‍ ദീപാവലി വിളക്കുകള്‍ തെളിഞ്ഞു
ലെസ്റ്റര്‍: ഋഷി സുനക് പ്രധാനമന്ത്രി പദത്തില്‍ നിന്നും തെറിച്ചെങ്കിലും പകരം എത്തിയ തനി ബ്രിട്ടീഷുകാരനായ കീര്‍ സ്റ്റര്‍മാര്‍ക്കും ദീപാവലി ഒഴിച്ച് കൂടാനാകാത്ത ആഘോഷമായി മാറിയിരിക്കുന്നു. ഒരു പക്ഷെ ഇനിയുള്ള കാലം ആര് ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍ എത്തിയാലും ദീപാവലിയുടെ വരവറിയിക്കുന്ന ദിയ വിളക്കുകള്‍ നമ്പര്‍ പത്തിന്റെ വാതിലില്‍ നിറ ദീപമായി കത്തിജ്വലിക്കും. ഇന്ത്യയുടെ ആത്മാവായി ആഘോഷിക്കപ്പെടുന്ന ദീപങ്ങളുടെ ഉത്സവത്തെ അതേ ആദരവോടെയും ആവേശത്തോടെയുമാണ് ഇപ്പോള്‍ ബ്രിട്ടനിലും എതിരേല്‍ക്കുന്നത്.
പ്രധാനമന്ത്രിമാര്‍ മാത്രമല്ല രാജ്യമെങ്ങും ദീപാവലിക്ക് വേദിയാകുന്നു എന്നതാണ് ഇപ്പോള്‍ പ്രത്യേകത. സ്‌കൂളുകള്‍ മുതല്‍ കൗണ്‍സില്‍ ഹാളുകള്‍ വരെ ദീപാവലി ആഘോഷത്തിന്റെ നിറപ്പകിട്ടിലാണ്. നിറഞ്ഞു കത്തുന്ന ചിരാതുകളും സ്‌നേഹം പങ്കിടാന്‍ കൈമാറുന്ന മധുരപലഹാരങ്ങളും ദീപക്കാഴ്ചകളും പടക്കവും കമ്പിത്തിരിയും ഒക്കെ ചേര്‍ന്ന ആഘോഷക്കാഴ്ചകളും ബ്രിട്ടനിലും ദീപാവലിക്ക് ഇന്ത്യക്ക് വെളിയിലെ ഏറ്റവും വലിയ ആഘോഷവേദിയാക്കി മാറ്റുകയാണ്.
മുന്‍പ് ഇന്ത്യക്കാര്‍ തിങ്ങി നിറഞ്ഞ ലിറ്റില്‍ ഇന്ത്യ എന്നറിയപ്പെടുന്ന ലെസ്റ്ററില്‍ മാത്രമാണ് പ്രധാനമായി ദീപാവലി ആഘോഷിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നോര്‍ത്താംപ്ടനും നോട്ടിങ്ഹാമും പോലെയുള്ള ചെറു പട്ടണങ്ങളില്‍ വരെ വലിയ ആഘോഷമാണ് ദീപാവലി. പ്രധാനമന്ത്രി ഇന്ത്യന്‍ വംശജര്‍ക്ക് ദീപാവലി ആശംസ നേര്‍ന്നതിനൊപ്പം യുകെയിലെ ദീപാവലി ആഘോഷക്കാഴ്ചകള്‍ സമൂഹ മാധ്യമം വഴി പങ്കുവച്ചു ഇന്ത്യയുടെ പ്രീതി പിടിച്ചു പറ്റാന്‍ നടത്തിയ ശ്രമങ്ങളും ശ്രദ്ധ നേടി.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വീട്ടിലെ ദീപാവലി ആഘോഷ കാഴ്ചകള്‍ ഇന്ത്യയില്‍ ദേശീയ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെയാണ് വായനക്കാരിലേക്ക് എത്തിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കും ബ്രിട്ടനും ഇടയില്‍ അതിര്‍ത്തികള്‍ പോലും വേണ്ടെന്ന തരത്തില്‍ ദീപാവലി ആഘോഷം മാറപ്പെടുമ്പോള്‍ കോളനിവാഴ്ചക്കാലത്തെ സകല വേദനകള്‍ക്കും മേലെയുള്ള സാന്ത്വനമായി മാറ്റപ്പെടുകയാണ് ഈ ആഘോഷത്തിലെ സമന്വയം.
കീര്‍ സ്റ്റാര്‍മറുടെ വസതിയിലെ ആഘോഷങ്ങള്‍ക്കും ദീപക്കാഴ്ചകള്‍ക്കും നേതൃത്വം നല്‍കാന്‍ പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകിയും ലണ്ടനിലെ വേദികളില്‍ ഇന്ത്യന്‍ നൃത്തത്തിന്റെ മറുവാക്കായി മാറുന്ന അരുണിമ കുമാറിന് ലഭിച്ച ക്ഷണം ഏറെ പ്രത്യേകതയായി. ആചാരപരമായ ചടങ്ങുകള്‍ ഉള്ളതിനാല്‍ ദീപാവലി എന്തെന്ന് അടുത്തറിയുന്ന ഒരാളുടെ സാന്നിധ്യം അനിവാര്യം ആണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ചിന്തിച്ചപ്പോള്‍ അതിനു പറ്റിയ ആള്‍ ഒരു കലാകാരി തന്നെ ആകട്ടെ എന്ന ചിന്തയാണ് ഇത്തവണത്തെ ആഘോഷത്തെ നിറം പിടിപ്പിക്കുന്നത്.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ഒട്ടേറെ ഇന്ത്യന്‍ വംശജരായ എംപിമാരും പാര്‍ട്ടി നേതാക്കളും ഉണ്ടെങ്കിലും അവരെയൊക്കെ പിന്നിലാക്കിയാണ് അരുണിമ കുമാറും ശിഷ്യരും പ്രധാനമന്ത്രിയുടെ ക്ഷണിതാക്കളായി എത്തിയത്. കഴിഞ്ഞ വര്‍ഷവും വനിതാ ദിനത്തില്‍ അരുണിമയെ സ്ത്രീ ശക്തിയുടെ പ്രതീകമായി നമ്പര്‍ പത്തിലേക്ക് ക്ഷണിച്ചു നൃത്താവതരണത്തിന് അനുവാദം നല്‍കിയിരുന്നു.
അരുണിമയും ശിഷ്യരായ ആരുഷിയും ഐശ്വര്യയും ചേര്‍ന്ന് അവതരിപ്പിച്ച ജ്യോതിര്‍ എന്ന കുച്ചുപ്പുഡി നൃത്തമാണ് ഇത്തവണ നമ്പര്‍ പത്തില്‍ ദീപാവലിക്കാഴ്ചയായി നിറഞ്ഞത്. വെളിച്ചത്തിന്റെ ഉത്സവം എന്ന ആശയം ഏറ്റെടുത്താണ് ജ്യോതിര്‍ എന്ന നൃത്ത സങ്കല്‍പം അരുണിമ കൊറിയോഗ്രാഫി ചെയ്തത്. നര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കുങ്കുമ തിലകം അണിയിച്ചാണ് ദീപാവലി ആശംസ കൈമാറിയത്. തുടര്‍ന്ന് നര്‍ത്തക വേഷത്തില്‍ എത്തിയ പെണ്‍കുട്ടികള്‍ക്കൊപ്പം വീടിന്റെ മുറ്റത്തു പ്രധാന വാതിലിനോട് ചേര്‍ന്ന് കീര്‍ സ്റ്റര്‍മാര്‍ ചിരാതുകളില്‍ ദീപം തെളിയിച്ചു. അതോടെ ബ്രിട്ടനിലും ദീപാവലിക്ക് ആഘോഷമായ തുടക്കമായി. ഇന്നലെയും ഇന്നുമായി നൂറുകണക്കിന് ബ്രിട്ടീഷ് പട്ടണങ്ങളിലും ക്ഷേത്രങ്ങളിലും ദീപാവലി ചടങ്ങുകള്‍ അരങ്ങേറും.