- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോലീസിന്റെ സിവിക് വൊളണ്ടിയര്‍; പ്രതിയുടെ ഫോണില്‍ അശ്ലീലവീഡിയോകള്‍; മെഡി. കോളേജിലെ പി.ജി. ട്രെയിനി ഡോക്ടറോട് കൊടുംക്രൂരത
കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ഡോക്ടറായ യുവതിയെ അതിക്രൂരമായി കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സഞ്ജയ് റോയിയെ കുടുക്കിയത് സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ ബ്ലൂടൂത്ത് ഹെഡ്സെറ്റും സിസിടിവി ദൃശ്യങ്ങളും. സംഭവദിവസം ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായും അന്വേഷണസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായ സഞ്ജയ് റോയ് പോലീസിന്റെ സിവിക് വൊളണ്ടിയര്‍ ആയിരുന്നു. ഇതിനാല്‍ത്തന്നെ ആശുപത്രിയിലെ വിവിധയിടങ്ങളില്‍ പ്രവേശിക്കാനും ഇയാള്‍ക്ക് തടസ്സങ്ങളുണ്ടായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ആശുപത്രിയിലെത്തിയ ഇയാള്‍ സെമിനാര്‍ ഹാളില്‍ വിശ്രമിക്കുകയായിരുന്ന […]

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തില്‍ പി.ജി. ഡോക്ടറായ യുവതിയെ അതിക്രൂരമായി കൊല്ലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സഞ്ജയ് റോയിയെ കുടുക്കിയത് സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ ബ്ലൂടൂത്ത് ഹെഡ്സെറ്റും സിസിടിവി ദൃശ്യങ്ങളും. സംഭവദിവസം ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നതായും അന്വേഷണസംഘത്തെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അറസ്റ്റിലായ സഞ്ജയ് റോയ് പോലീസിന്റെ സിവിക് വൊളണ്ടിയര്‍ ആയിരുന്നു. ഇതിനാല്‍ത്തന്നെ ആശുപത്രിയിലെ വിവിധയിടങ്ങളില്‍ പ്രവേശിക്കാനും ഇയാള്‍ക്ക് തടസ്സങ്ങളുണ്ടായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ ആശുപത്രിയിലെത്തിയ ഇയാള്‍ സെമിനാര്‍ ഹാളില്‍ വിശ്രമിക്കുകയായിരുന്ന വനിതാ ഡോക്ടറെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ചെറുക്കാന്‍ ശ്രമിച്ചതോടെ ഡോക്ടറെ കൊലപ്പെടുത്തി. പിന്നാലെ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ സ്ഥലത്തെത്തിയ മറ്റുഡോക്ടര്‍മാരാണ് വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്.
പ്രതിയായ സഞ്ജയ് റോയിയുടെ മൊബൈല്‍ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഫോണില്‍നിന്ന് നിറയെ അശ്ലീലവീഡിയോകള്‍ കണ്ടെടുത്തതായാണ് റിപ്പോര്‍ട്ട്. പ്രതി നേരത്തെയും സ്ത്രീകള്‍ക്കെതിരേ മോശമായി പെരുമാറിയിരുന്നതായും വിവരങ്ങളുണ്ട്. ഇതുസംബന്ധിച്ചെല്ലാം പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്..
വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാര്‍ ഹാളിനുള്ളില്‍ അര്‍ധനഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തില്‍ വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഇതിനുപിന്നാലെയാണ് ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായത്.
മൃതദേഹം കണ്ടെത്തിയ സെമിനാര്‍ ഹാളില്‍നിന്ന് ബ്ലൂടൂത്ത് ഹെഡ്സെറ്റ് കണ്ടെത്തിയതും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുമാണ് പ്രതിയെ പിടികൂടുന്നതില്‍ നിര്‍ണായക പങ്കുവെച്ചത്. സംഭവത്തിന് പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ സിസിടിവി ദൃശ്യങ്ങള്‍ ഓരോ നിമിഷവും ഒഴിവാക്കാതെ പോലീസ് അരിച്ചുപെറുക്കി. ഇതിനായി 15 ലാപ്ടോപ്പുകളാണ് ഉപയോഗിച്ചത്. ഇതിലൂടെ പുലര്‍ച്ചെ നാല് മണിക്കും ആറ് മണിക്കും ഇടയില്‍വെച്ചാണ് കൃത്യം നടന്നതെന്ന് ഉറപ്പിച്ചു.
ഏകദേശം നാല് മണിയോടെ സഞ്ജയ് റോയ് കുറ്റകൃത്യം നടന്ന ഭാഗത്തേക്ക് വന്നതായും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. ഇതിനിടെ, മൃതദേഹം കണ്ടെത്തിയ സെമിനാര്‍ ഹാളില്‍നിന്ന് ഒരു ബ്ലൂടൂത്ത് ഹെഡ്സെറ്റ് കണ്ടെത്തിയിരുന്നു. നാല് മണിയോടെ ചെവിയില്‍ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഘടിപ്പിച്ച് ആശുപത്രിയിലെത്തിയ സഞ്ജയ് റോയ്, തിരികെപോകുമ്പോള്‍ ചെവിയില്‍ ഹെഡ്സെറ്റ് ഇല്ലായിരുന്നുവെന്നും സിസിടിവി പരിശോധനയില്‍ വ്യക്തമായിരുന്നു.
സംഭവസമയത്ത് സെമിനാര്‍ ഹാള്‍ പരിസരത്തുണ്ടായിരുന്ന ഡോക്ടര്‍മാരെയും നഴ്സുമാരെയും സഞ്ജയ് റോയിയെയും പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചിരുന്നു. ബാക്കിയെല്ലാവരും എന്തിനാണ് വന്നതെന്നും എപ്പോള്‍ വന്നു, മടങ്ങി എന്നന്നെല്ലാം കൃത്യമായി വിശദീകരണം നല്‍കിയപ്പോള്‍ സഞ്ജയ് റോയി പരസ്പരവിരുദ്ധമായ മൊഴികളാണ് നല്‍കിയത്. ഇതിനുപിന്നാലെ സംഭവസ്ഥലത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഹെഡ്സെറ്റ് പ്രതിയുടെ ഫോണില്‍ കണക്ടായതും നിര്‍ണായകമായി. ഇതോടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
വ്യാഴാഴ്ച രാത്രി ഡ്യൂട്ടിക്ക് ശേഷം സെമിനാര്‍ ഹാളില്‍ ഉറങ്ങുന്നതിനിടെയാണ് വനിതാ ഡോക്ടറെ പ്രതി ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ട വനിതാ ഡോക്ടറടക്കം അഞ്ച് ഡോക്ടര്‍മാര്‍ ഒരുമിച്ചിരുന്നാണ് സെമിനാര്‍ഹാളില്‍വെച്ച് അത്താഴം കഴിച്ചത്. ശേഷം ഇവരെല്ലാം ഒളിമ്പിക്സില്‍ ജാവലിന്‍ത്രോ മത്സരം കണ്ടു. പിന്നാലെ മറ്റുള്ളവര്‍ സെമിനാര്‍ ഹാളില്‍നിന്ന് മടങ്ങിയപ്പോള്‍ പഠിക്കാനും വിശ്രമിക്കാനുമായി വനിതാ ഡോക്ടര്‍ ഹാളില്‍ തന്നെ തങ്ങി. തുടര്‍ന്ന് പഠനത്തിന് ശേഷം ഉറങ്ങുന്നതിനിടെയാണ് പ്രതി സ്ഥലത്തെത്തി ആക്രമണം നടത്തിയത്.
പുലര്‍ച്ചെ മൂന്ന് മണിക്ക് വനിതാ ഡോക്ടര്‍ ഹാളില്‍ വിശ്രമിക്കുന്നത് കണ്ടെന്ന് ദൃക്സാക്ഷി മൊഴികളുണ്ടായിരുന്നു. അതിനാല്‍ ഇതിനുശേഷമാണ് കൃത്യം നടന്നതെന്ന് പോലീസ് ഉറപ്പിച്ചു. പ്രതിയായ സഞ്ജയ് റോയ് വ്യാഴാഴ്ച രാത്രി 11 മണിക്ക് തന്നെ ആശുപത്രി പരിസരത്തുണ്ടായിരുന്നു. ആ സമയത്ത് തന്നെ മദ്യലഹരിയിലായിരുന്ന പ്രതി പിന്നീട് പുറത്തുപോയി വീണ്ടും മദ്യപിച്ചു. തുടര്‍ന്ന് പുലര്‍ച്ചെ നാലുമണിയോടെ ഇയാള്‍ ആശുപത്രി കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിച്ചത്. പിന്നാലെ 40 മിനിറ്റിന് ശേഷം അത്യാഹിതവിഭാഗത്തിലെ വഴിയിലൂടെ ഇയാള്‍ പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായിരുന്നു. സെമിനാര്‍ ഹാളില്‍ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിച്ച പ്രതി, ഇതിനെ ചെറുത്തതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം.
വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ സംസ്ഥാനവ്യാപകമായി വന്‍ പ്രതിഷേധമാണുയര്‍ന്നത്. ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. അതേസമയം, പ്രതിക്ക് വധശിക്ഷ ഉറപ്പുനല്‍കുമെന്നും അതിവേഗ കോടതിയിലാകും കേസിന്റെ വിചാരണ നടക്കുകയെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചു.


