വാഷിങ്ടണ്‍: യുഎസ് ഗവണ്‍മെന്റിന്റെ ചെലവുകള്‍ വെട്ടിക്കുറയ്ക്കാന്‍ ചുമതലപ്പെടുത്തിയ ടെക് ഭീമന്‍ ഇലോണ്‍ മസ്‌ക് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനിലും (എഫ്.ബി.ഐ) കയറിക്കളിക്കുന്നു. എഫ്ബിഐയിലേക്കും ചിലവുചുരുക്കല്‍ നടപടികളിലേക്കാണ് ഡോജ് ടീം കടക്കുന്നത്. ഇതോടെ എഫ്ബിഐ ഏജന്റുമാരും തൊഴില്‍നഷ്ട ഭീതിയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

ഡൊണാള്‍ഡ് ട്രംപിന്റെ സ്വപ്ന പദ്ധതികളിലൊന്നാണ് 'ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി. ബ്യൂറോക്രസിയുടെ ചട്ടക്കൂടുകള്‍ ലഘൂകരിക്കുക, അധിക നിയന്ത്രണങ്ങള്‍ വെട്ടിക്കുറയ്ക്കാനും, ചെലവുചുരുക്കല്‍, ഫെഡറല്‍ ഏജന്‍സികളെ പുന:സംഘടിപ്പിക്കുക തുടങ്ങിയവയെല്ലാമാണ് ഇവരുടെ ഉത്തരവാദിത്വം. ഇതിന്റെ ചുമതലക്കാരനായി മസ്‌ക്കിനെയാണ് നിയമിച്ചത്. ഡോജ് ടീമിന് സര്‍ക്കാര്‍ ഫണ്ടില്‍ പരിശോധനാ അധികാരം നല്കിയത് യുഎസില്‍ വിവാദമായിരിക്കയാണ്.

ഇതിന് പിന്നാലെയാണ് എഫ്ബിഐലേക്കും ഡോജ് ടീം എത്തുന്നത്. കാര്യക്ഷമതാ പരിശോധന എന്ന പേരില്‍ നടത്തുന്ന പരിശോധന ട്രംപിനോടുള്ള കൂറുതെളിയിക്കലായി മാറുന്ന അവസ്ഥയിലാണ്. ഇല്ലാത്ത പക്ഷം ജോലി തെറിക്കുന്ന സ്ഥിതിയാണുള്ളത്. എഫ്‌ഐഐ ആസ്ഥാനത്തെത്തിയ ഡോജ് ടീം ജനുവരി 6ലെ കാപ്പിറ്റോല്‍ കലാപ കേസുകള്‍ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ ശേഖരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

5000ത്തോളം എഫ്.ബി.ഐ ഏജന്റുമാരുടെ പേരുവിവരങ്ങളാണ് ഡോജ് ടീം ശേഖരിച്ചത്. ഇവരില്‍ പലരും ട്രംപിന്റെ പ്രതികാര നടപടി നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ്. ട്രംപിന് വേണ്ടി നടന്ന കലാപം അന്വേഷിച്ചിവരെ പുറത്താക്കുന്ന അവസ്ഥ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്. തങ്ങളുടെ പേരു വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ വേണ്ടി ട്രംപ് ഭരണകൂടത്തിനെതിരെ ഏജന്റയുമാര്‍ നിയമ പോരാട്ടവും നടത്തുന്നുണ്ട്. തങ്ങള്‍ക്ക് ജോലി ദിവസങ്ങള്‍ക്കുള്ളില്‍ നഷ്ടമായേക്കാമെന്നും ഇവര്‍ പറയുന്നു. 2021, ജനുവരി ആറാം തീയ്യതിയുണ്ടായ അക്രമ കേസിലെ നിങ്ങളുടെ റോള്‍ എന്തായിരുന്നു എന്നത് അടക്കമുള്ള ചോദ്യങ്ങളഴാണ് ഏജന്റുമാരോട് ചോദിച്ചറിഞ്ഞത്.

കഴിഞ്ഞ ആഴ്ച, ട്രംപിന്റെ അന്വേഷണത്തില്‍ ഉള്‍പ്പെട്ടിരുന്ന നിരവധി ഉന്നത എഫ്ബിഐ, ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. അതേവഴിയാകും തങ്ങള്‍ക്കുമെന്നാണ് അയ്യായിരത്തോളം വരുന്ന എഫ്.ബിഐ ഏജന്റുമാര്‍ ഭയപ്പെടുന്നത്. അതിനിടെ ഡോജ് ടീമിനെതിടെ ആക്ഷേപങ്ങള്‍ ഉയരുമ്പോള്‍ അതില്‍ പ്രതികരണവുമായി ട്രംപും രംഗത്തുവന്നു. തന്റെ അനുമതിയില്ലാതെ ഇലോണ്‍ മസ്‌കിന് ഒന്നും ചെയ്യാന്‍ കഴിയുകയില്ല, ചെയ്യുകയുമില്ല എന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച പറഞ്ഞു. യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് അവസാനിപ്പിക്കുമെന്ന് കോടീശ്വരന്‍ പ്രഖ്യാപിച്ചതിന് ശേഷം സര്‍ക്കാരിന്റെ പേയ്മെന്റ് സിസ്റ്റത്തിനുള്ളില്‍ എലോണ്‍ മസ്‌കിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിന് പ്രവേശനം നല്‍കിയതിനെക്കുറിച്ചുള്ള വര്‍ദ്ധിച്ചുവരുന്ന ആശങ്കകളെ തുടര്‍ന്നാണ് ഈ പരാമര്‍ശം.

നേരത്തെ സര്‍ക്കാര്‍ ഫണ്ടില്‍ കൈവെയ്ക്കാന്‍ അധികാരം നല്‍കിയിരുന്നു ട്രംപ്. ബെനഫിറ്റുകള്‍ പാഴാകുന്നത് തടയാനാണ് ഈ നടപടി എന്നാണ് ട്രംപ് അനുകൂലികള്‍ വ്യക്തമാക്കുന്നത്. രാഷ്ട്രീയ നിയമനത്തിലൂടെ അമേരിക്കന്‍ സര്‍ക്കാരിന്റെ ഉന്നത പദവികള്‍ വഹിക്കുന്നവര്‍ മുമ്പൊരിക്കലും ഇത്തരത്തില്‍ ഒരു ചുമതല വഹിച്ച ചരിത്രം അമേരിക്കയില്‍ ഇല്ല. സര്‍ക്കാര്‍ ഫണ്ടുകള്‍ നേരത്തേ തോന്നിയതു പോലെ ചെലവാക്കിയിരുന്ന പലരും ഇക്കാര്യത്തില്‍ ഇപ്പോള്‍ ആശങ്കയിലാണ്.

ആരോഗ്യ മേഖലയിലും സാമൂഹ്യ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുമായി നിരവധി ട്രില്യണ്‍ ഡോളറാണ് മാറ്റി വെച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇടപെടുമ്പോള്‍ എന്തെങ്കിലും വീഴ്ച ഉണ്ടായാല്‍ അത് അമേരിക്കയുടെ സാമ്പത്തിക മേഖലയെ മോശമായി ബാധിക്കും എന്നത് ഉറപ്പായ കാര്യമാണ്. അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌ക്കോട്ട് ബെസന്റ് മസ്‌ക്കിന് ഇത് സംബന്ധിച്ച ചുമതലകള്‍ നല്‍കിയത്.

ഓരോ വര്‍ഷവും അഞ്ച് ട്രില്യണ്‍ ഡോളര്‍ ഇതിനായി ചെലവാക്കുമ്പോള്‍ പലപ്പോഴും ഫണ്ടുകള്‍ ശരിയായ തോതിലല്ല ചെലവഴിപ്പെടുന്നത് എന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് തന്റെ അതിവിശ്വസ്തനായ മസ്‌ക്കിന് ട്രംപ് ഈ പ്രത്യേക അധികാരം നല്‍കുന്നതെന്നാണ് പറയപ്പെടുന്നത്. ആദ്യ ട്രംപ് സര്‍ക്കാരിന്റെ കാലത്തും ബൈഡന്‍ സര്‍ക്കാര്‍ ഭരിക്കുമ്പോഴും ഇത്തരം സര്‍ക്കാര്‍ ഫണ്ടുകളുടെ ചുമതല വഹിച്ചിരുന്നത് ഡേവിഡ് ലെബ്രിക്ക് ആണ്.

ഇലോണ്‍ മസ്‌ക്കിനെ ഈ ചുമതല ഏല്‍പ്പിക്കുന്നതിനെ അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് ലെബ്രിക്കിനോട് അവധിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. അതേ സമയം മസ്‌ക്കിന് ഇത്തരത്തില്‍ നല്‍കിയ അധികാരത്തിന് എതിരെ വിമര്‍ശനവുമായി ഡെമോക്രാറ്റുകള്‍ രംഗത്തെത്തി.

അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവുകളില്‍ രണ്ട് ട്രില്യന്റെ കുറവ് വരുത്തണമെന്ന നിലപാടുകാരനാണ് മസ്‌ക്ക്. ട്രംപും മസ്‌ക്കും ചേര്‍ന്ന് അമേരിക്കന്‍ കോണ്‍ഗ്രസിനെ മറികടക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.