വാഷിംഗ്ടണ്‍: രണ്ടാമതും അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് പ്രായം 78 വയസ്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അദ്ദേഹം ഇപ്പോഴും ഏതൊരു ചെറുപ്പകാരനെയും പോലെ ചുറുചുറുക്കുള്ള ഒരു വ്യക്തിയാണ്. 2015ലെ തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് തന്റെ ഡോക്ടര്‍ക്ക് എഴുതിയ കത്തില്‍ പറയുന്നത് താന്‍ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ രാജ്യം കണ്ട ഏറ്റവും ആരോഗ്യവാനായ പ്രസിഡന്റ് താനായിരിക്കും എന്നാണ്.

തനിക്ക് മികച്ച ശാരീരിക ശേഷയും സ്റ്റാമിനയും ഉണ്ടെന്നും ട്രംപ് ഈ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പലരും ട്രംപിനെ കാണുമ്പോള്‍ കരുതുന്നത്സ അദ്ദേഹം ആരോഗ്യം അങ്ങേയറ്റം കാത്തു സൂക്ഷിക്കുന്ന കൃത്യമായി എക്സര്‍സൈസ് ചെയ്യുകയും ഭക്ഷണക്കാര്യങ്ങളില്‍ നിയന്ത്രണങ്ങളും ഉള്ള ഒരു വ്യക്തി ആയിരിക്കുമെന്നാണ്. എന്നാല്‍ കാര്യങ്ങള്‍ ഇതിന് വിപരീതമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഭക്ഷണക്കാര്യങ്ങളില്‍ ഒന്നും തന്നെ ട്രംപിന് യാതൊരു നിയന്ത്രണവുമില്ല.

മക്ഡൊണാള്‍ഡ്സിലെ ബര്‍ഗറും ഫ്രഞ്ച് ഫ്രെയിസുമാണ് സ്ഥിരമായി ട്രംപ് കഴിക്കുന്നത്. ആകെ അഞ്ച് മണിക്കൂര്‍ സമയം മാത്രമാണ് അദ്ദേഹം ഉറങ്ങുന്നത്. ആകെയുള്ള എക്സര്‍സൈസ് വല്ലപ്പോഴും നടത്തുന്ന ഗോള്‍ഫ് കളി മാത്രമാണ്. ട്രംപിന്റെ ഇത്തരമൊരു ജീവിതശൈലിയില്‍ ഭാര്യ മെലനിയ ട്രംപ് അതീവ ദുഖിതയാണെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ നവംബറില്‍ മെലനിയയും നിയുക്ത ആരോഗ്യ സെക്രട്ടറിയായ ജോണ്‍.എഫ്.കെന്നഡി ജൂനിയറും ഇത് സംബന്ധിച്് വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

ഫാസ്റ്റ്ഫുഡിന് പകരം ട്രംപ് സാലഡുകളും പച്ചക്കറികളും കൂടുതല്‍ പ്രോട്ടീന്‍ ചേര്‍ന്ന ഭക്ഷണവും കഴിക്കണമെന്ന് അവര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ട്രംപ് ഫാസ്റ്റ് ഫുഡ് ദിവസവും വലിയ അളവിലാണ് കഴിക്കുന്നതെന്നാണ് നേരത്തേ അദ്ദേഹത്തിന്റെ സഹായികള്‍ ആയിരുന്നവര്‍

വെളിപ്പെടുത്തിയതും. എന്നാല്‍ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റായ ജോബൈഡന് 82 വയസാണ് പ്രായം.എന്നാല്‍ കടുത്ത അനാരോഗ്യവും ഓര്‍മ്മക്കുറവും കാരണം അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം ഏറെ പ്രശ്നങ്ങളിലായിരുന്നു.

രണ്ടാമതും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാന്‍ ആദ്യം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടു എങ്കിലും പൊതുസംവാദത്തില്‍ പരാജയപ്പെട്ടു പോയ ബൈഡന് ഒടുവില്‍ പിന്‍മാറേണ്ടി വരികയും ചെയ്തു. ട്രംപ് ആകട്ടെ പ്രസംഗങ്ങളില്‍ ടെലിപ്രോംപ്റ്റര്‍ പോലും ഉപയോഗിക്കാറില്ല എന്നുള്ളതും അദ്ദേഹത്തിന്റ ആരോഗ്യവും ഓര്‍മ്മാശക്തിയും എത്രത്തോളം ഉണ്ടെന്നതിന്റെ വ്യക്തമായ തെളിവുകളാണ്. രണ്ട് വധശ്രമങ്ങളെ അതിജീവിക്കാനും ട്രംപിന് കഴിഞ്ഞതും ശ്രദ്ധേയമാണ്. താന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ലഹരി മരുന്നുകള്‍ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്നാണ് ട്രംപ് അവകാശപ്പെടുന്നതും.