- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗവര്‍ണറായിരുന്ന സിക്കന്തര്‍ ഭക്ത് മരിക്കാന്‍ കാരണമായ അണുബാധ ചികിത്സാപ്പിഴവ്; അപകടത്തില്‍പ്പെട്ട ആരോഗ്യമന്ത്രി ശങ്കരനെ തിരിഞ്ഞു നോക്കിയത് പൊട്ടിക്കരഞ്ഞപ്പോള്‍; ആന്റണിയേയും ഉമ്മന്‍ചാണ്ടിയേയും ട്രോളുന്നു; ഇത് തിരുത്തലല്ല... തകര്‍ക്കല്‍! ഡോ ഹാരീസ് ചിറയ്ക്കലിന് ഇനി കഷ്ടകാലം തന്നെ; നിലപാട് ദേശാഭിമാനി പറയുമ്പോള്‍
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ഹാരിസ് ചിറയ്ക്കല്‍ അഴിമതി തീണ്ടാത്ത ഉദ്യോഗസ്ഥനാണെന്നും അദ്ദേഹത്തെ പോലെ ഒരാള്‍ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. കേരളത്തെ താറടിച്ച് കാണിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുംവിധം അതൃപ്തികള്‍ പുറത്തുവിട്ടാല്‍ നല്ല പ്രവര്‍ത്തനങ്ങളെല്ലാം തെറ്റായ ചിത്രീകരണത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ഡോക്ടറെ കടന്നാക്രമിച്ച് ദേശാഭിമാനിയും എത്തുകയാണ്. 'കേരളത്തില്‍ ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കിലും നെഗറ്റീവായ കുറേകാര്യങ്ങള്‍ ബോധപൂര്‍വ്വം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ആരും അംഗീകരിക്കുന്നവിധത്തില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ നടന്ന നിരവധി കാര്യങ്ങളുണ്ട്. അടുത്ത കാലത്തുള്ള ചില കാര്യങ്ങള്‍ ചിന്തിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. നല്ലത് അതേ നിലയ്ക്ക് നില്‍ക്കാന്‍ പാടില്ലെന്ന് സമൂഹത്തില്‍ ചിലര്‍ക്ക് താത്പര്യമുണ്ട്. നിര്‍ഭാഗ്യവശാല്‍ മാധ്യമങ്ങളാണ് ഇപ്പോ അതിന് മുന്‍കൈ എടുത്തിട്ടുള്ളത്,' മുഖ്യമന്ത്രി ആരോപിച്ചു. ഈ നിലപാട് ദേശാഭിമാനി മുഖപ്രസംഗത്തിലൂടെ ആവര്‍ത്തിക്കുന്നു. ഡോ ഹാരീസ് ചിറയ്ക്കലിനെ ഇടതുപക്ഷത്തുള്ളവര്‍ പിന്തുണയ്ക്കുന്നതിനെതിരെയുള്ള താക്കീതാണ് ദേശാഭിമാനി എഡിറ്റോറിയല്‍. ഇതോടെ പൊതുനന്മയ്ക്കായി ഡോ ഹാരീസ് ചിറയ്ക്കല്‍ നടത്തിയ പ്രതികരണം പാര്‍ട്ടിക്കും സര്‍ക്കാരിനും അത്ര പിടിച്ചില്ലെന്ന് വ്യക്തം. ഇത് തിരുത്തല്‍ അല്ല തകര്‍ക്കല്‍ എന്നാണ് ദേശാഭിമാനി വിശദീകരിക്കുന്നത്
ദേശാഭിമാനി എഡിറ്റോറിയലിന്റെ പൂര്‍ണ്ണ രൂപം
ഇത് തിരുത്തലല്ല, തകര്‍ക്കല്‍
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം തലവനായ ഡോ. ഹാരിസ് ചിറക്കലിന്റെ സമൂഹമാധ്യമ കുറിപ്പിന്മേല്‍ മാധ്യമങ്ങളും പ്രതിപക്ഷവും പടുത്തുയര്‍ത്തിയ കോലാഹലങ്ങളും വ്യാജ പ്രചാരണങ്ങളും ഇനിയും കെട്ടടങ്ങിയിട്ടില്ല. സര്‍ജറിക്ക് ആവശ്യമായ ചില ഉപകരണങ്ങളുടെ അഭാവം അടിയന്തരമായി പരിഹരിക്കണം, അവ ലഭ്യമാക്കുന്നതിനുള്ള സാങ്കേതികവും ഉദ്യോഗസ്ഥതലത്തിലുമുള്ള അമാന്തം ഇല്ലാതാക്കണംഇതാണ് അദ്ദേഹം പറഞ്ഞതിന്റെ രത്‌നച്ചുരുക്കം. അത് തെറ്റിദ്ധാരണ പരത്തിയെങ്കിലും ആരോഗ്യവകുപ്പ് ഗൗരവമായി ഇടപെട്ടു. ഇത്തരം സാഹചര്യമുണ്ടാകാനുള്ള കാരണം, ഇനിയെടുക്കേണ്ട മുന്‍കരുതലുകള്‍ എന്നിവയടക്കം അന്വേഷിക്കാന്‍ സമിതിയെ നിയോഗിച്ചു. മാര്‍ച്ചില്‍ത്തന്നെ ഓര്‍ഡര്‍ നല്‍കിയിരുന്ന ഉപകരണങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ എത്തിക്കുകയും ചെയ്തു.
ഉന്നയിക്കപ്പെട്ട ഒറ്റപ്പെട്ട പ്രശ്‌നം പരിഹരിച്ചു. ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള സത്വരനടപടികളിലേക്കും സര്‍ക്കാര്‍ കടന്നു. എന്നാല്‍, ഇതിന്റെ പേരില്‍ സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയാകെ തകര്‍ന്നെന്ന് പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനും മെഡിക്കല്‍ കോളേജ് ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറാക്കാനുമാണ് പ്രതിപക്ഷവും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും ശ്രമിക്കുന്നത്. ലക്ഷക്കണക്കായ സാധാരണക്കാരുടെ ആതുരാലയങ്ങളെ തകര്‍ക്കുക മാത്രമല്ല, ഊറ്റിപ്പിഴിയുന്ന ചില സ്വകാര്യ ആശുപത്രികള്‍ക്കായുള്ള ഒറ്റുകൊടുക്കലും ഇതിനിടയിലൂടെ നടത്തുന്നുണ്ട്. ലോകം മുഴുവന്‍ പ്രശംസിക്കുന്ന കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ എന്തുകൊണ്ടാണ് ഒരവസരമുണ്ടാക്കി ഇത്ര ഉശിരോടെ അപഹസിക്കുന്നത്. ഇത്ര മികവോടെ ആരോഗ്യമേഖല മുന്നോട്ട് പോകരുതെന്ന ദുഷ്ടലാക്കാണ് പിന്നില്‍. വിത്ത് എടുത്ത് കുത്തിത്തിന്നുന്ന ഈ പണി അവര്‍ക്കുതന്നെ വിനയാകുമെന്നാണ് കേരളത്തിന്റെ ചരിത്രമെന്നത് ഓര്‍മിപ്പിക്കട്ടെ.
എന്തൊക്കെ മാറ്റമാണ് ഒമ്പതുവര്‍ഷത്തിനിടെ സര്‍ക്കാര്‍ ആശുപത്രികളിലുണ്ടായത് ?. ആരുമത് പറഞ്ഞില്ലെങ്കിലും അനുഭവസാക്ഷ്യങ്ങളിലൂടെ ഏറ്റുപറയുന്ന ജനലക്ഷങ്ങളുണ്ട് കേരളത്തില്‍. സര്‍ക്കാര്‍ ആതുരാലയങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം പതിന്മടങ്ങായി വര്‍ധിച്ചതെങ്ങനെയാണ്. ചികിത്സയ്ക്കായി പ്രതിവര്‍ഷം 10 ലക്ഷം പേരെത്തുന്ന മെഡിക്കല്‍ കോളേജ് ആശുപത്രികളുണ്ട്. എന്താണ് കാരണം. സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍മാത്രം നടത്തിയിരുന്ന നവീന ചികിത്സാ സൗകര്യങ്ങളും ആന്‍ജിയോപ്ലാസ്റ്റിയും ബൈപാസ് സര്‍ജറിയും അവയവമാറ്റ ശസ്ത്രക്രിയകളും മിക്ക നഗരങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്. അര്‍ഹര്‍ക്കെല്ലാം സൗജന്യ ചികിത്സ, മതിയായ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, മികച്ച ഓപ്പറേഷന്‍ തിയറ്ററുകള്‍, വാര്‍ഡുകള്‍, മരുന്ന് ലഭ്യത തുടങ്ങി മുഴുവന്‍ മേഖലയും ഇത്രമാത്രം നവീകരിക്കപ്പെട്ട മറ്റൊരു കാലഘട്ടമില്ല. മാതൃമരണ നിരക്ക്, ശിശുമരണ നിരക്ക്, നവജാതശിശു മരണനിരക്ക് തുടങ്ങി ആരോഗ്യമേഖലയുടെ സജീവത അളക്കാനുള്ള ഏത് മാനദണ്ഡമെടുത്താലും നേട്ടം കൊയ്ത സംസ്ഥാനമാണിത്.
സൗജന്യ ചികിത്സാ പദ്ധതിക്കായി ഒരു വര്‍ഷം കുടുംബത്തിന് യുഡിഎഫ് കാലത്ത് കൊടുത്തിരുന്നത് 30,000 രൂപയായിരുന്നെങ്കില്‍ ഇപ്പോഴത് അഞ്ച് ലക്ഷമാണ്. അതും 28 ലക്ഷം കുടുംബമെന്നത് 42.5 ലക്ഷമായി ഉയര്‍ന്നിട്ടും. യുഡിഎഫ് കാലത്ത് സൗജന്യ ചികിത്സയ്ക്കായി വര്‍ഷം ചെലവഴിച്ചത് ശരാശരി 110 കോടിയാണെങ്കില്‍ ഇന്നത് 1600 കോടിയാണ്. ചികിത്സാ ചെലവ് യുഡിഎഫ് കാലത്തുനിന്ന് 60 ശതമാനമാണ് കുറഞ്ഞതെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് ! 2011-16 യുഡിഎഫ് കാലത്തെ സര്‍ക്കാര്‍ ആശുപത്രികളും അതിനുശേഷമുള്ള കാലവും താരതമ്യത്തിനുപോലും അവസരം നല്‍കുന്നില്ല എന്നത് ആരോപണമല്ല, യാഥാര്‍ഥ്യമാണ്.
സംസ്ഥാന ഗവര്‍ണറായിരുന്ന സിക്കന്തര്‍ ഭക്ത് മരിക്കാന്‍ കാരണമായ അണുബാധ തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ ചികിത്സാപ്പിഴവുമൂലമാണെന്ന് കുടുംബം ആരോപിച്ചത് എ കെ ആന്റണിയുടെ കാലത്താണ്. അപകടത്തില്‍പ്പെട്ട ആരോഗ്യമന്ത്രി പി ശങ്കരന്‍ മെഡിക്കല്‍ കോളേജില്‍ ചെന്ന് പൊട്ടിക്കരഞ്ഞപ്പോഴാണ് തിരിഞ്ഞുനോക്കിയതെന്നും ആക്ഷേപമുയര്‍ന്നു. ഗവര്‍ണറുടെയും മന്ത്രിയുടെയും സ്ഥിതി അതായിരുന്നെങ്കില്‍ സാധാരണക്കാരുടെ സ്ഥിതി പറയണോ. കൈക്കൂലിയും കൊള്ളയും പുറത്തുവരാത്ത ദിവസങ്ങള്‍ അപൂര്‍വമായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ കാലത്താണ് സ്വകാര്യ മരുന്ന് കമ്പനികളെ സഹായിക്കാനായി സ്റ്റോക്കുള്ള മരുന്ന് കക്കൂസില്‍ നിക്ഷേപിച്ച സംഭവം പുറത്തുവന്നത്. സര്‍ക്കാര്‍ ആതുരാലയങ്ങളുടെ ദയനീയസ്ഥിതി മുതലെടുത്ത് അമിത ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന വന്‍കിട സ്വകാര്യആശുപത്രികള്‍ തടിച്ചുകൊഴുത്തതും അക്കാലത്തായിരുന്നു. ഈ അവസ്ഥ മനസ്സിലാക്കിത്തന്നെയാണ് 2016ല്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ പൊതുജനാരോഗ്യരംഗം പരമാവധി ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്. എന്നാല്‍, ആരോഗ്യമേഖലയെ പഴയ അവസ്ഥയിലേക്ക് എത്തിക്കലാണ് ചില മാധ്യമങ്ങളുടെ ലക്ഷ്യമെന്ന് അവരുടെ പേജുകള്‍തന്നെ സാക്ഷ്യം.
സ്വകാര്യ ആശുപത്രികളുടെ സേവനങ്ങളെ ആര്‍ക്കും കുറച്ചുകാണാനാകില്ല. എന്നാല്‍, ചിലരെങ്കിലും അതൊരു കച്ചവടമാക്കുന്ന സ്ഥിതിയുമുണ്ടായി. അവിടെനിന്നാണ് സാധാരണക്കാരുടെ ഏത് ചികിത്സാ ആവശ്യത്തിനും പ്രാപ്തമായ സംവിധാനമെന്ന നിലയിലേക്ക് സര്‍ക്കാര്‍ ആശുപത്രികള്‍ മാറിയത്. അതിന്റെ അസ്വസ്ഥത സ്വാഭാവികമായും സ്വകാര്യമേഖലയ്ക്കുണ്ടാകും. പക്ഷേ, ജനക്ഷേമ തല്‍പ്പരരായ സര്‍ക്കാരിന് ലാഭേച്ഛയല്ല, സാധാരണ മനുഷ്യരുടെ താല്‍പ്പര്യമാണ് പ്രധാനം. ഒമ്പതുവര്‍ഷമായി കേരളം കാണുന്നതും അതേ ലക്ഷ്യത്തോടെയുള്ള ആത്മാര്‍ഥമായ പരിശ്രമമാണ്.
പിഴവ് ചൂണ്ടിക്കാണിക്കുന്നതും തിരുത്താന്‍ ശ്രമിക്കുന്നതും മനസ്സിലാക്കാം. അതും ഒരു പോരായ്മയുടെ പേരില്‍ മുച്ചൂടും തകര്‍ക്കാനുള്ള ശ്രമവും പക്ഷേ, ഒരുപോലെ കാണാനാകില്ല. പ്രതിപക്ഷമാണെന്ന് കരുതി വസ്തുതകള്‍ പറയേണ്ട എന്നുണ്ടോ. പൊതുവിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കാന്‍ സൂംബ നൃത്തത്തിന്റെ പേരില്‍ തീവ്ര വര്‍ഗീയവാദികളെ ഇളക്കിവിടാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ജാള്യം മനസ്സിലാക്കാം. അതിന്റെ പേരില്‍ പാവപ്പെട്ട രോഗികളുടെ നെഞ്ചത്തേക്ക് കയറാനാണോ ഭാവം. എങ്കില്‍, അതെല്ലാം കാണാനും പ്രതികരിക്കാനും ഇവിടെ ജനങ്ങളുണ്ട് എന്നത് ആരും മറക്കരുത്.