തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരുടെ ആരോപണത്തിന് മറുപടിയുമായി ഡോ. ഹാരിസ് ചിറക്കല്‍. തന്റെ മുറിയില്‍ നിന്ന് കണ്ടെത്തിയത് നേരത്തേ ഉണ്ടായിരുന്ന നെഫ്രോസ്‌കോപ്പ് എന്ന ഉപകരണമെന്ന് ഡോ. ഹാരിസ് ചിറക്കല്‍ സ്ഥിരീകരിച്ചു. കേടുപാട് വന്നപ്പോള്‍ റിപ്പയര്‍ ചെയ്യാന്‍ വേണ്ടി എറണാകുളത്തേക്ക് അയയ്ക്കുകയായിരുന്നു. റിപ്പയര്‍ ചെയ്യാന്‍ വലിയ തുകയാകും എന്ന് എറണാകുളത്തെ കമ്പനി അറിയിച്ചു. ഇതോടെ ഉപകരണങ്ങള്‍ മടക്കി അയക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടു. അങ്ങനെ വന്ന ഉപകരണങ്ങളാണ് റൂമില്‍ ഉണ്ടായിരുന്നതെന്നും ഹാരിസ് ചിറക്കല്‍ പറയുന്നു. ഡോ. ഹാരിസിനെ സംശയമുനയില്‍ നിര്‍ത്തിക്കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സുനില്‍ കുമാറും പ്രിന്‍സിപ്പല്‍ പി.കെ. ജബ്ബാറും നടത്തി വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് ഡോ. ഹാരിസ് ചിറക്കലിന്റെ മറുപടി. മെഡിക്കല്‍ ഓഫീസര്‍മാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഇട്ട വിശദീകരണക്കുറിപ്പിലാണ് ഹാരിസ് ഇക്കാര്യം പറയുന്നത്.

കേടായ നെഫ്രോസ്‌കോപ്പ് കൊച്ചിയിലേക്ക് റിപ്പയറിനായി അയച്ചിരുന്നു. അതാണ് തിരിച്ചെത്തിയത്. 10-15 വര്‍ഷം പഴക്കമുള്ള നെഫ്രോസ്‌കോപ്പുകള്‍ കണ്ടം ചെയ്യുന്നതിന് മുമ്പ് ഏതെങ്കിലും തരത്തില്‍ നന്നാക്കിയെടുക്കാന്‍ പറ്റുമോ എന്നറിയാന്‍ വേണ്ടിയാണ് എറണാകുളത്തെ കമ്പനിയിലേക്ക് അയച്ചത്. രണ്ട് മാസം മുമ്പാണ് ഇത് അയച്ചെതെന്നും അദ്ദേഹം വിശദീകരണത്തില്‍ പറയുന്നു. ഇതായിരിക്കാം പരിശോധനയില്‍ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോ. ഹാരിസ് ചിറക്കലിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടും പ്രിന്‍സിപ്പലും വാര്‍ത്താ സമ്മേളനം വിളിച്ചത്. കാണാതായി എന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറഞ്ഞ ഉപകരണം കണ്ടെത്തിയെന്നും എന്നാല്‍ ഇത് പുതിയതാണോ എന്ന് സംശയമുണ്ടെന്നും ഹാരിസ് ചിറക്കലിന്റെ മുറിയില്‍നിന്ന് വലിയ ബോക്‌സും ബില്ലും അടക്കം ലഭിച്ചുവെന്നും വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു.

ആദ്യഘട്ടത്തില്‍ നടത്തിയ പരിശോധനയില്‍ ഈ പെട്ടി കണ്ടിരുന്നില്ലെന്നും വീണ്ടും നടത്തിയ പരിശോധനയില്‍ ഈ പെട്ടി കണ്ടെത്തിയതില്‍ അസ്വാഭാവികത തോന്നിയതായും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. ഈ ഉപകരണം പുതിയതായി വാങ്ങിയതാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ബില്ലില്‍ മോസിലോസ്‌കോപ്പ് എന്നാണ് എഴുതിയിരുന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം.

നിലവില്‍ ഹാരിസ് ചിറക്കല്‍ അവധിയിലാണെന്നും താക്കോല്‍ മറ്റൊരു ഡോക്ടറുടെ കൈയിലാണെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സിസിടിവി പരിശോധിച്ചുവെന്നും മുറിക്കുള്ളില്‍ ആരോ കടന്നതായി വ്യക്തമായെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. വിഷയത്തില്‍ വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. എന്തുകൊണ്ട് പൊലീസിന് പരാതി നല്‍കിയില്ല എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ളത് സര്‍ക്കാരിനാണെന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു.

നേരത്തേ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യൂറോളജി വിഭാഗത്തില്‍ ഉപയോഗിച്ചിരുന്ന ഉപകരണത്തിന്റെ ഒരു ഭാഗം കാണാനില്ലെന്ന ആരോപണവുമായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തിയിരുന്നു. ഓസിലോസ്‌കോപ്പ് എന്ന ഉപകരണത്തിന്റെ ഭാഗമായ മോസിലോസ്‌കോപ്പ് എന്ന ഭാഗം കാണാനില്ലെന്നായിരുന്നു പിന്നീട് പുറത്തുവന്ന വിവരം. എന്നാല്‍ അത്തരത്തില്‍ ഒരു ഉപകരണം കാണാതായിട്ടില്ലെന്നായിരുന്നു ഹാരിസ് ചിറക്കല്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ ഹാരിസ് ചിറക്കലിന്റെ മുറിയില്‍ പരിശോധന നടത്തിയത്. ഇതിനിടെയാണ് പെട്ടി കണ്ടെത്തുന്നത്. ഇത് തുറന്ന് പരിശോധിച്ചപ്പോള്‍ നെഫ്രോസ്‌കോപ്പിന്റെ ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്. എന്നാല്‍ ഇതിന് മുകളില്‍ മോസിലോസ്‌കോപ്പ് എന്ന് എഴുതിയ ബില്ല് എങ്ങനെ വന്നു എന്നത് സംശയത്തിനിടയാക്കിയിരുന്നു.

മെഡിക്കല്‍ കോളേജിലെ പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞതിന് പിന്നാലെ, തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ ശ്രമംനടക്കുന്നുവെന്ന് ഹാരിസ് ചിറക്കല്‍ പറഞ്ഞിരുന്നു. തന്നെ കുടുക്കാനുള്ള ശ്രമം നടക്കുന്നുവെന്നും ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രിന്‍സിപ്പലും സൂപ്രണ്ടും ചേര്‍ന്ന് വീണ്ടും ഹാരിസ് ചിറക്കലിനെ സംശയമുനയില്‍ നിര്‍ത്തിക്കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തിയത്.