- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസ്റ്റര്‍ ബിയെ സഹായിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് മുന്നറിയിപ്പുമായി ഡോ. സൗമ്യ വീണ്ടും വീഡിയോയുമായി രംഗത്ത്; നിലപാട് കടുപ്പിച്ചു മിസ്റ്റര്‍ ബിയും; പോര് കടുക്കുന്ന ലക്ഷണം; കൂടുതല്‍ ആരോപണങ്ങള്‍ പുറത്തു വരാന്‍ സാധ്യതയേറി
മിസ്റ്റര്‍ ബിയെ സഹായിക്കുന്നത് സൂക്ഷിച്ചു വേണമെന്ന് മുന്നറിയിപ്പുമായി ഡോ. സൗമ്യ
ലണ്ടന്‍: കഴിഞ്ഞ രണ്ടു ദിവസമായി താന്‍ നടത്തിയ യുകെ സന്ദര്‍ശനത്തിന്റെ പേരില്‍ താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് ഫേസ്ബുക്ക് വീഡിയോയുടെ പേരില്‍ സോഷ്യല്‍ മീഡിയ സെലിബ്രിറ്റി ഡോക്ടര്‍ സൗമ്യ സരിനും സൗമ്യയുടെ ഭാഷയില്‍ അറിയപ്പെടുന്ന ബിര്‍മിങാമിലെ മിസ്റ്റര്‍ ബിയും തമ്മിലുള്ള ഓണ്‍ലൈന്‍ യുദ്ധം പുതിയ തലങ്ങളിലേക്ക്. കഴിഞ്ഞ രണ്ടു ദിവസമായി ഡോ. സൗമ്യയുടേയും അതിനു മറുപടിയായി മിസ്റ്റര്‍ ബിയും മറുനാടന്‍ മലയാളിയിലൂടെ നടത്തിയ വെളിപ്പെടുത്തലുകള്‍ കേട്ട് അന്തം വിട്ടു നില്‍ക്കുകയാണ് സാധാരണക്കാരായ യുകെ മലയാളികള്‍.
സൗമ്യയുടെ വെളിപ്പെടുത്തല്‍ വന്നപ്പോള്‍ മിസ്റ്റര്‍ ബി വെറുക്കപ്പെട്ടവനാകുകയും ഇന്നലെ അയാളുടെ ഭാഗം പുറത്തു വന്നപ്പോള്‍ രണ്ടു പേര്‍ക്കിടയിലെ ബിസിനസ് തര്‍ക്കം മാത്രമായി മാറുകയും ചെയ്ത സംഭവത്തില്‍ ഇന്നലെ സൗമ്യ വീണ്ടും പുതിയ വീഡിയോ പുറത്തു വിട്ടതോടെ ഇരുവരും തമ്മില്‍ ഉള്ള പോര് ഉടനെയൊന്നും അവസാനിക്കില്ല എന്ന ധ്വനിയാണ് സാധാരണക്കാര്‍ക്ക് നല്‍കുന്നത്. സൗമ്യയുടെ ഇന്നലത്തെ മറുപടിക്ക് മുന്‍പേ തന്നെ മിസ്റ്റര്‍ ബിയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ ഘട്ടം ഘട്ടം ആയി പുറത്തു വരുകയാണ് എന്ന് ഒരു യുട്യൂബ് ചാനലിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്. മിസ്റ്റര്‍ ബി തന്നെയാണ് ഈ ചാനല്‍ നിയന്ത്രിക്കുന്നത് എന്നാണ് ലഭ്യമാകുന്ന സൂചനകള്‍.
തന്റെ ആദ്യ വീഡിയോ വന്ന ഉടനെ എന്തിനാണ് ഈ പൊല്ലാപ്പിനൊക്കെ പോകുന്നത് ആരെങ്കിലും സന്ധി സംഭാഷണത്തിന് അയച്ചു കൂടെ എന്ന് നിരവധി പേര്‍ ചോദിച്ചതും വീണ്ടും വീഡിയോ ഇറക്കാന്‍ സൗമ്യയെ നിര്‍ബന്ധിച്ച ഘടകമാണ്. അതിനാല്‍ ഇക്കാര്യം കൂടി വിവരിക്കാനാണ് സൗമ്യ വീണ്ടും ഓണ്‍ലൈനില്‍ എത്തിയത്. തന്റെ രണ്ടു സുഹൃത്തുക്കള്‍ മിസ്റ്റര്‍ ബിയുമായി ഇതിനിടെ സംസാരിച്ചെന്നും തിരിച്ചെത്തിയ അവരുടെ നിര്‍ദേശമായിരുന്നു ഒരു തരത്തിലും വിട്ടു കൊടുക്കരുത് എന്നും സൗമ്യ പുതിയ വെളിപ്പെടുത്തലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ വലിയൊരു പ്രശ്‌നക്കാരന്‍ ആണെന്ന് മനസിലാക്കിയത് സന്ധി സംഭാഷണത്തിന് പോയവരില്‍ കൂടി ആണെന്നും സൗമ്യ വിശദീകരിക്കുന്നു. മിസ്റ്റര്‍ ബിയുടെ നീണ്ട കാലത്തേ സുഹൃത്തുക്കളില്‍ ഒരാളെയാണ് ഇതിനായി പറഞ്ഞയച്ചത് എന്നും സൗമ്യ വ്യക്തമാക്കുന്നുണ്ട്.
ഇന്നലെ മറുനാടന്‍ മലയാളി നടത്തിയ വെളിപ്പെടുത്തലിനു തൊട്ടു പുറകെയാണ് സൗമ്യ തന്റെ രണ്ടാമത്തെ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ഇതില്‍ മിസ്റ്റര്‍ ബി യെ ഏതെങ്കിലും സംഘടനകളോ അഭിഭാഷകരോ സഹായിക്കാന്‍ തയ്യാറാവുക ആണെങ്കില്‍ കാര്യങ്ങള്‍ തെളിവ് സഹിതം ബോധ്യപ്പെട്ടതിനു ശേഷം ആയിരിക്കണം എന്ന അഭ്യര്‍ത്ഥനയാണ് നടത്തുന്നത്. മറുനാടന്‍ മലയാളി വാര്‍ത്തയില്‍ മിസ്റ്റര്‍ ബി ഉന്നയിച്ച ആരോപണങ്ങളില്‍ ഒന്നായ തന്റെ കേരളത്തിലെ വീട്ടില്‍ ആളുകള്‍ എത്തി വൃദ്ധയായ അമ്മയെ ഭീഷണിപ്പെടുത്തി എന്നതിന് ഫോണ്‍ വിളിച്ചാല്‍ കിട്ടാതായതോടെ ബന്ധുക്കളെ കൊണ്ട് അന്വേഷിപ്പിക്കുക എന്ന സദുദ്ദേശത്തിലാണ് തങ്ങള്‍ക്ക് അറിയാവുന്നവരെ പറഞ്ഞു വിട്ടതെന്ന് സൗമ്യ സമ്മതിക്കുന്നുണ്ട്. മിസ്റ്റര്‍ ബിയുമായുള്ള ഫോണ്‍ ബന്ധം വിച്ഛേദിക്കപ്പെട്ടതോടെയാണ് ഈ നീക്കം നടത്തിയത് എന്നാണ് സൗമ്യ പറയുന്നത്.
എന്നാല്‍ സൗമ്യയുടെ ഈ വാദത്തെ പൊളിച്ചടുക്കാന്‍ ഉള്ള തെളിവ് തന്റെ ഫോണില്‍ തന്നെയുണ്ട് എന്നാണ് ഇന്നലെ മിസ്റ്റര്‍ ബി മറുനാടന്‍ മലയാളിയോട് വെളിപ്പെടുത്തിയത്. തന്റെ വീട്ടില്‍ സൗമ്യയുടെ ആളുകള്‍ ചെന്ന ദിവസവും അതിനു മുന്‍പുള്ള ദിവസവും ഒക്കെ വാട്‌സാപ്പില്‍ തങ്ങള്‍ നടത്തിയ ചാറ്റുകള്‍ ജീവനുള്ള തെളിവുകളായി നില്‍കുമ്പോള്‍ എങ്ങനെ തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ പറ്റാതായി എന്ന് തെളിയിക്കാനാകും എന്നാണ് മിസ്റ്റര്‍ ബി ചോദിക്കുന്നത്.
ഇത്തരത്തില്‍ പരസ്പരം കൊണ്ടും കൊടുത്തും മുന്നേറുന്ന നിലയിലേക്കാണ് ഈ വാക് പോര് മുന്നേറുന്നത്. യുകെയില്‍ ബുക്കിംഗ് ഡോട്ട് കോം വഴി ക്യാന്‍സല്‍ ചെയ്യാവുന്നതും അല്ലാത്തതുമായ പ്രോപ്പര്‍ട്ടികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് ഇനിയെങ്കിലും സമ്മതിക്കാന്‍ സൗമ്യ തയ്യാറാകണമെന്നും മിസ്റ്റര്‍ ബി ഉപദേശിക്കുന്നു. താന്‍ പിടിച്ച മുയലിനു നാലു കൊമ്പു എന്ന് പറഞ്ഞു നില്‍ക്കുകയല്ല, യുകെയിലെ കാര്യങ്ങള്‍ എങ്ങനെ വ്യത്യസ്തം ആണെന്ന് അറിഞ്ഞിരിക്കണം എന്നാണ് ഇപ്പോള്‍ മിസ്റ്റര്‍ ബി പറയുന്നത്.
മാത്രമല്ല സീസണിലെ ഏറ്റവും തിരക്കേറിയ സമയം ആയതിനാല്‍ സാദാ ഹോട്ടലില്‍ പോലും ഭക്ഷണം കഴിക്കാന്‍ ബുക്ക് ചെയ്യേണ്ടി വരുന്ന നാളുകളാണ് ക്രിസ്മസ് എന്ന് യുകെ ആദ്യമായി കണ്ട സൗമ്യക്ക് അറിയില്ലെങ്കില്‍ അത് തന്റെ തെറ്റല്ല എന്നും മിസ്റ്റര്‍ ബി പറയുന്നു. സാധാരണക്കാര്‍ നടത്തുന്ന ഇത്തരം ഭക്ഷണത്തിനു വേണ്ടിയുള്ള ഹോട്ടല്‍ ബുക്കിങ്ങില്‍ പോലും കഴിക്കാന്‍ സമയത്തിന് എത്തിയില്ലെങ്കില്‍ ബുക്കിംഗ് നടത്തിയ മുഴുവന്‍ പണവും നഷ്ടമാകും, ഇതിനായി ഒരു കോടതി കയറിയിട്ടും കാര്യമില്ലെന്നു സൗമ്യയ്ക്ക് അറിയില്ലെങ്കില്‍ ഇപ്പോഴത്തെ ഉപദേശകരായ സഖാക്കള്‍ക്ക് പകരം ഏതെങ്കിലും സാധാരണക്കാരോട് ചോദിച്ചാല്‍ മതിയെന്നും മിസ്റ്റര്‍ ബി ഉപദേശിക്കുന്നു. ചെറിയ റെസ്റ്റോറന്റുകള്‍ക്ക് പോലും ഇത്തരം നയം ഉണ്ടെന്നും ഓരോ സീറ്റിനും പത്തു പൗണ്ട് അഡ്വാന്‍സ് ബുക്കിംഗ് ഫീ യുകെയിലെ രീതി ആണെനും മിസ്റ്റര്‍ ബി സൗമ്യയെ ഓര്‍മ്മിപ്പിക്കുകയാണ്.