തിരുവനന്തപുരം: ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് പി സരിന്‍ രംഗത്തുവന്നിരുന്നു. ഇതോടെ സരിനെതിരെ സൈബറിടത്തില്‍ ഒരു വിഭാഗം ആളുകളും രംഗത്തെത്തി. ഡോ. സൗമ്യ സരിനെയും സൈബറിടത്തില്‍ ആക്രമിക്കുന്ന അവസ്ഥ വന്നു. ഇതോടെ ഈ വിഷയത്തില്‍ പ്രതികരിച്ചു സരിന്റെ ജീവിത പങ്കാളി സൗമ്യ സരിന്‍ രംഗത്തെത്തി.

താന്‍ നേരിടുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി ഡോ. സൗമ്യ സരിന്‍. ഒരു മാങ്കൂട്ടം മാത്രമാണ് അഴിക്കുള്ളിലുള്ളതെന്നും അതിനേക്കാള്‍ വിഷമുള്ള പലതും ഇപ്പോഴും പുറത്തുണ്ടെന്നും സൗമ്യ സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാഹുലിനെതിരേ പരാതിനല്‍കിയ യുവതി സൗമ്യ സരിന്‍ ആണെന്ന തരത്തില്‍ രാഹുല്‍ അനുകൂല ഫേസ്ബുക്ക് അക്കൗണ്ടുകളില്‍നിന്ന് ഉണ്ടായ പോസ്റ്റുകളുടെയും സരിന്റെ വാട്‌സാപ്പിലേക്ക് അയച്ച സഭ്യമല്ലാത്ത മെസ്സേജുകളുടെയും സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവെച്ചാണ് സൗമ്യ സരിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

അതിജീവിത എന്ന വാക്കിനോട് ഈ അധമര്‍ക്ക് പുച്ഛം ആയിരിക്കും. പക്ഷെ എനിക്കില്ല. അവര്‍ അതിജീവിതകള്‍ എന്നതിലുപരി 'അപരാജിതകള്‍' ആണ്. നേരിട്ട അപമാനത്തിനോട് സന്ധി ചെയ്യാത്തവര്‍. അതുകൊണ്ട് തന്നെ ഇവര്‍ പടച്ചുണ്ടാക്കിയ ഈ പോസ്റ്റുകള്‍ ഒരു അധിക്ഷേപം ആയി ഞാന്‍ കണക്കാക്കുന്നതും ഇല്ല.

ഇതൊരു കണ്ണാടി ആണ്. ഇവര്‍ ഇവര്‍ക്കുനേരെ തന്നെ പിടിച്ചിരിക്കുന്ന ഒരു കണ്ണാടി. എല്ലാവരും കാണുക. ഇവര്‍ എന്താണെന്ന്. ഇവരുടെ വൃത്തികെട്ട മുഖവും ചിന്തകളും എന്താണെന്ന്. ഒരു മാങ്കൂട്ടം മാത്രമേ അഴിക്കുള്ളില്‍ ആയിട്ടുള്ളു. അവനെക്കാള്‍ വിഷമുള്ള പലതും ഇപ്പോഴും പുറത്തുണ്ട്. ജാഗ്രതയോട് കൂടി ഇരിക്കുക.

പിന്നെ, നിങ്ങളുടെ എതിര്‍ചേരിയില്‍ ഉള്ളവരുടെ ജീവിതപങ്കാളികളായ സ്ത്രീകളെ വെച്ചു ഇത്തരം ഇക്കിളി പോസ്റ്റുകള്‍ പടച്ചുണ്ടാക്കിയാല്‍ പിന്തിരിഞ്ഞോടും എന്ന് കരുതിയോ വെട്ടുക്കിളി കൂട്ടങ്ങളെ? ഇത് സൗമ്യയും സരിനും അല്ല, രണ്ടും കൂടി ചേര്‍ന്ന 'സൗമ്യ സരിന്‍' ആണ്. ഓര്‍മിച്ചാല്‍ നിങ്ങള്‍ക്ക് കൊള്ളാം.

നേരത്തെ മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഷാഫി പറമ്പില്‍ എംപിയെ ഉന്നംവെച്ചാണ് സരിന്‍ പ്രതികരിച്ചിരുന്നത്. രാഹുലിനെതിരായ പരാതിയില്‍ യുവതി വടകരയിലെ ഒരു ഫ്ളാറ്റിനെ കുറിച്ച് പറയുന്നുണ്ട്. വടകരയില്‍ ഫ്ളാറ്റ് ഉണ്ടെന്നും അവിടേയ്ക്ക് ചെല്ലാനും രാഹുല്‍ ആവശ്യപ്പെട്ടതായാണ് പരാതിക്കാരി പറയുന്നത്. എന്നാല്‍ രാഹുലിന് വടകരയില്‍ ഫ്ളാറ്റുള്ളതായി ആര്‍ക്കെങ്കിലും അറിവുണ്ടോ എന്ന് സരിന്‍ ചോദിക്കുന്നു. സ്ഥലം എംപിയായ ഷാഫി പറമ്പിലിനോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാല്‍ മതി. കൃത്യമായ മറുപടിയില്ലെങ്കില്‍ പിന്നെ ചോദിക്കാന്‍ വരുന്നത് കേരള പൊലീസായിരിക്കുമെന്നും സരിന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള മൂന്നാമത്തെ എഫ്ഐആര്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വായിക്കുകയായിരുന്നു. പരാതിയുടെ അഞ്ചാം പേജില്‍ ആവലാതിക്കാരി പറയുന്നത് ഇങ്ങനെയാണ്: 'വടകരയില്‍ ഫ്ളാറ്റുണ്ടെന്നും മറ്റൊരു ദിവസം വടകരയിലേക്ക് ചെല്ലണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു', വടകരയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ഫ്ളാറ്റ് ഉള്ളതായി വടകരക്കാര്‍ക്ക് ആര്‍ക്കെങ്കിലും അറിവുണ്ടോ? സ്ഥലം എംപിയോട് ചോദിച്ച് ആരെങ്കിലും അറിയിച്ചാലും മതി. ഇല്ലെങ്കില്‍, പിന്നെ ചോദിക്കാന്‍ വരുന്നത് പൊലീസായിരിക്കും, കേരളാ പൊലീസ്!

അതിനാടകീയമായായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാലക്കാട്ടെ കെപിഎം റീജിയന്‍സിന്റെ 2002 എന്ന മുറിയിലെത്തി രാഹുലിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ രാഹുലിനെ പതിനാല് ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. ഇതിന് ശേഷം രാഹുലിനെ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങളായിരുന്നു റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പരാതിക്കാരിയെ ക്രൂരമായ ലൈംഗിക വൈകൃതം പ്രകടിപ്പിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തെന്ന വിവരങ്ങള്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരിക്കെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ ഇത്തരത്തില്‍ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പാലക്കാട് ഒളിവില്‍ താമസിച്ചിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിക്രമങ്ങളും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിട്ടുണ്ട്.