തിരുവനന്തപുരം: ഡോക്ടര്‍ ഓഫ് സയന്‍സ് (ഡിഎസ് സി) ബിരുദത്തിനായുള്ള കേരള സര്‍വകലാശാല ഒപ്‌ടോ ഇലക്ട്രോണിക്‌സ് ഫിസിക്‌സ് വിഭാഗം പ്രൊഫസര്‍ ഡോ. എസ് ശങ്കരരാമന്റെ അപേക്ഷ കുസാറ്റ് ( കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി) വിസിയുടെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റി അംഗീകരിച്ചിട്ടും, സിന്‍ഡിക്കേറ്റ് വൈകിപ്പിക്കുന്നു. ബിരുദ അപേക്ഷ വൈകിപ്പിക്കുന്നതില്‍ ചാന്‍സലറായ ഗവര്‍ണര്‍ ഇടപെട്ടിരിക്കുകയാണ്. കുസാറ്റ് വിസിയോട് ശങ്കരരാമന് ബിരുദം അവാര്‍ഡ് ചെയ്യാന്‍ വൈകുന്നതിന്റെ സാഹചര്യം വിശദീകരിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

ഡിഎസ് സി ബിരുദത്തിനായി പ്രൊഫ. എസ് ശങ്കരരാമന്‍ തന്റെ ഗവേഷണ പ്രബന്ധം കുസാറ്റിലാണ് സമര്‍പ്പിച്ചത്. കുസാറ്റ് തന്റെ പ്രബന്ധം ഡി എസ് സി ബിരുദത്തിന് പരിഗണിക്കുന്നില്ല എന്ന് കാട്ടി ഹര്‍ജി ഫയല്‍ ചെയ്തതിനെ തുടര്‍ന്ന് കോടതി ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് വിഷയം കുസാറ്റ് സിന്‍ഡിക്കേറ്റ് പരിഗണിച്ചത്.

എസ് ശങ്കരരാമന്റെ ബിരുദ അപേക്ഷ അംഗീകരിക്കുന്നത് സിന്‍ഡിക്കേറ്റ് മാറ്റി വച്ചിരിക്കുകയാണെന്ന് ഗവര്‍ണറുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി കത്തിലൂടെ ശങ്കരരാമനെ അറിയിച്ചു. കുസാറ്റ് സിന്‍ഡിക്കേറ്റിലെ അംഗങ്ങള്‍ ചില എതിര്‍പ്പുകള്‍ ഉന്നയിച്ചതോടെയാണ് ഡി എസ് സി ബിരുദം അവാര്‍ഡ് ചെയ്യുന്നത് മാറ്റി വച്ചത്. ശങ്കരരാമന്റെ അപേക്ഷയില്‍, റിപ്പോര്‍ട്ട് നല്‍കാന്‍ വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ബിരുദം അവാര്‍ഡ് ചെയ്യുന്ന നടപടിക്രമങ്ങള്‍ മാറ്റി വയ്ക്കാനുണ്ടായ സാഹചര്യങ്ങള്‍ വിശദീകരിക്കാനും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ഈ മാസം 20 നാണ് ശങ്കരരാമന് ഗവര്‍ണറുടെ അഡീഷന്‍ ചീഫ് സെക്രട്ടറിയുടെ അറിയിപ്പ് ലഭിച്ചത്.





'Time series and complex network approaches to nonlinear signal processing' എന്ന തന്റെ ഗവേഷണ പ്രബന്ധം അഞ്ചുപേര്‍ക്ക് പകരം 7 പേരെ കൊണ്ട് പരിശോധിപ്പിച്ചുവെന്നും എല്ലാവരും ഡി എസ് സി ബിരുദം നല്‍കാന്‍ ശുപാര്‍ശ ചെയ്തുവെന്നും പ്രൊഫ. എസ് ശങ്കരരാമന്‍ പറഞ്ഞു. എന്നാല്‍, കുസാറ്റ് സിന്‍ഡിക്കേറ്റ് അത് അംഗീകരിക്കാതെ മാറ്റി വയ്ക്കുകയാണ്. 2021ല്‍ സമര്‍പ്പിച്ച തീസിസാണ് അംഗീകരിക്കാതെ മാറ്റി വയ്ക്കുന്നത്.

തീസിസ് പരിശോധിച്ച എല്ലാ പരിശോധകരുടെയും വിശകലന റിപ്പോര്‍ട്ടുകള്‍, 2022 സെപ്റ്റംബര്‍ 13ന് 'ഡീന്‍സ് ' കമ്മിറ്റി മുമ്പാകെ വച്ചതായി കുസാറ്റ് വിസി 2024 സെപ്റ്റംബര്‍ 13 ന് ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടുകള്‍ വിശദമായി പരിശോധിച്ച ശേഷം വിസി അദ്ധ്യക്ഷനായ കമ്മിറ്റി പ്രൊഫ.ശങ്കരരാമന് ഡി എസ് സി ബിരുദം നല്‍കാന്‍ ശുപാര്‍ശ ചെയ്തതായും വിസിയുടെ കഴിഞ്ഞ വര്‍ഷത്തെ കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിസിയുടെ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടും സിന്‍ഡിക്കേറ്റ് ബിരുദത്തിനുള്ള അംഗീകാരം വൈകിക്കുകയാണ് എന്നാണ് വ്യക്തമായത്.




കുസാറ്റ് ഡി.എസ്സി. ബിരുദത്തിന് പ്രൊഫ. എസ്. ശങ്കരരാമന്‍ സമര്‍പ്പിച്ച അപേക്ഷ കുസാറ്റ് സിന്‍ഡിക്കേറ്റ് യോഗം നിരസിച്ചതായി നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, നിരസിച്ചതല്ല, സിന്‍ഡിക്കേറ്റ് തീരുമാനം മാറ്റി വച്ചതാണെന്നാണ് വ്യക്തമാകുന്നത്. കുസാറ്റ് ഡിഗ്രി അവാര്‍ഡ് ചെയ്യുന്നതിന് കാലതാമസം വരുത്തുന്നതായി ആക്ഷേപം ഉന്നയിച്ച ശങ്കരരാമന്‍, കേരള സര്‍വകലാശാലയിലും ഡി.എസ്സി.ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. അതിനിടെ കൊച്ചി സര്‍വകലാശാല തന്റെ പ്രബന്ധങ്ങള്‍ ഡി.എസ്സി. ബിരുദത്തിന് പരിഗണിക്കുന്നില്ലെന്ന് ഹര്‍ജി ഫയല്‍ ചെയ്തതിനെ തുടര്‍ന്നു പ്രബന്ധം പരിഗണിക്കാന്‍ കോടതി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഡിഗ്രി അവാര്‍ഡ് സംബന്ധിച്ച വിഷയം കുസാറ്റ് സിന്‍ഡിക്കേറ്റ് പരിഗണിച്ചത്.