- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സ്വന്തം സ്കൂട്ടറോടിച്ച് പോയത് കാവേരി നദിക്കരയിലെ സായി ആശ്രമത്തില്‍ ധ്യാനത്തിന്; നദിയിലൂടെ ഒഴുകി വന്നത് മൃതദേഹം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം; പക്ഷേ ദുരൂഹത മാറുന്നില്ല; മത്സ്യകൃഷിയ്ക്കായുള്ള ഇന്ത്യയുടെ നീല വിപ്ലവത്തിന്റെ ചാലക ശക്തിയുടെ മരണം കാവേരി നദിയില്‍ ചാടിയോ? ഡോ സുബ്ബണ്ണ അയ്യപ്പന് സംഭവിച്ചത് എന്ത്?
ബംഗളൂരു: ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) മുന്‍ ഡയറക്ടര്‍ ജനറലും വിഖ്യാത അക്വാകള്‍ച്ചര്‍ ശാസ്ത്രജ്ഞനുമായ ഡോ. സുബ്ബണ്ണ അയ്യപ്പനെ (69) മരിച്ചനിലയില്‍ കണ്ടെത്തിയതിലെ ദുരൂഹത മാറുന്നില്ല. ശ്രീരംഗപട്ടണത്ത് കാവേരി നദിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആദ്ദേഹത്തെ കാണാനില്ലെന്ന് വിദ്യാരണ്യപുരം പൊലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
മൂന്ന് ദിവസം മുമ്പാണ് ഡോ. എസ് അയ്യപ്പന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയത്. തിരികെ വരാതായതോടെ അദ്ദേഹത്തെ കാണാതായതായി കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കാവേരി നദിയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മൈസൂരിലെ കെആര്‍ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല.
മത്സ്യോല്‍പ്പാദനവുമായി ബന്ധപ്പെട്ട നീലവിപ്ലവത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശാസ്ത്രജ്ഞനാണ്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫ്രഷ്‌വാട്ടര്‍ അക്വാകള്‍ച്ചര്‍ ഡയറക്ടര്‍, നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ലബറോട്ടറീസ് ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. 2022ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. മൈസൂരുവിലെ വിശ്വേശ്വര നഗര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ അക്കമഹാദേവി റോഡിലാണ് ഡോ. എസ് അയ്യപ്പന്‍ താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ സ്‌കൂട്ടര്‍ നദീതീരത്ത് കണ്ടെത്തി. മൂന്ന് ദിവസം മുമ്പ് ശ്രീരംഗപട്ടണയിലെ സായിബാബ ആശ്രമത്തിന് സമീപം നദിയിലേക്ക് ചാടിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയാണെങ്കില്‍ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
പുഴയുടെ തീരത്ത് നിന്ന് അദ്ദേഹത്തിന്റെ സ്‌കൂട്ടറും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ശനിയാഴ്ച രാവിലെ നദിയിലൂടെ ഒഴുകിവന്ന മൃതദേഹം പ്രദേശവാസികളാണ് കണ്ടത്. ഇവര്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് 11.30 മണിയോടെ മൃതദേഹം പുറത്തെടുത്തതായി മാണ്ഡ്യ എസ്പി മല്ലികാര്‍ജുന്‍ ബലദണ്ഡി പറഞ്ഞു. പിന്നാലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം സുബ്ബണ്ണ അയ്യപ്പന്റേതാണെന്ന് തിരിച്ചറിഞ്ഞത്. ധ്യാനത്തിലും മറ്റും തല്‍പരനായിരുന്നു സുബ്ബണ്ണ, അതുകൊണ്ടുതന്നെ നഗരത്തിലെ ധ്യാനകേന്ദ്രങ്ങളിലെല്ലാം പോലീസ് അന്വേഷണം നടത്തിയിരുന്നു. തന്റെ ഇരുചക്രവാഹനം സ്വന്തമായി ഓടിച്ചാണ് സുബ്ബണ്ണ നദീതീരത്ത് എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിന് പിന്നിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരുമെന്ന് കമ്മീഷണര്‍ സീമ ലത്കര്‍ പറഞ്ഞു.
സുബ്ബണ്ണ അയ്യപ്പ പതിവായി രാമകൃഷ്ണ ആശ്രമത്തിലും സായി ആശ്രമത്തിലും ധ്യാനത്തിനായി പോയിരുന്നതായി അദ്ദേഹത്തിന്റെ ബന്ധുവും അഭിഭാഷകനുമായ ശ്രീനിധി പറഞ്ഞു. 1955 ഡിസംബര്‍ 10 ന് ചാമരാജനഗര്‍ ജില്ലയിലെ യലന്ദൂരില്‍ ജനിച്ച ഡോ. സുബ്ബണ്ണ അയ്യപ്പന് മികച്ച അക്കാദമി മികവും പ്രൊഫഷണല്‍ കരിയറുമായിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹം മംഗലാപുരത്ത് നിന്ന് ഫിഷറീസ് സയന്‍സില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. പിന്നീട് ബംഗളൂരുവിലെ കാര്‍ഷിക ശാസ്ത്ര സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി പൂര്‍ത്തിയാക്കി.
ഇന്ത്യയിലുടനീളം വിവിധ സ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം, രാജ്യത്തെ മത്സ്യകൃഷി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നീല വിപ്ലവം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിംഗ് ആന്‍ഡ് കാലിബ്രേഷന്‍ ലബോറട്ടറീസിന്റെ ചെയര്‍പേഴ്‌സണായി സേവനമനുഷ്ഠിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത വിയോഗം. 2013ല്‍ കര്‍ണാടക രാജ്യോത്സവ അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ഇംഫാലിലെ സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി (സിഎയു) വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.