കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസില്‍ തൃപ്തിയില്ലാതെ വന്ദനയുടെ മാതാപിതാക്കള്‍. പ്രതി സന്ദീപ് ദാസിന് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. വന്ദനാദാസ് കൊലക്കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കലും വ്യക്തമാക്കി. വധശിക്ഷയായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. വിധിപ്രസ്താവം കൂടുതല്‍ പരിശോധിച്ചശേഷം ബാക്കി കാര്യങ്ങള്‍ പറയാന്‍ സാധിക്കൂ. പ്രതി ജീവിത കാലം മുഴുവന്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസില്‍ പ്രതി കുടവട്ടൂര്‍ സ്വദേശിയും അധ്യാപകനുമായ സന്ദീപിന് ജീവപര്യന്തം ശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷവിധിച്ചത്. ആശുപത്രികളിലെ സുരക്ഷയെകുറിച്ച് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച കേസായിരുന്നു ഇത്.

302ാം വകുപ്പ് പ്രകാരം ജീവപര്യന്തവും കഠിന തടവ്, വധശ്രമത്തിന് 307-ാം വകുപ്പ് പ്രകാരം പത്തുവര്‍ഷം, 326-ാം വകുപ്പ് പ്രകാരം മറ്റൊരു പത്തുവര്‍ഷം, ആശുപത്രിയില്‍ അതിക്രമം കാണിച്ചതിന് 5 വര്‍ഷം, ഇതുകൂടാതെ 323, 324, 332, 333 പ്രകാരമുള്ള ശിക്ഷകള്‍ ഉള്‍പ്പെടെ ആദ്യത്തെ 30 വര്‍ഷം ശിക്ഷ അനുഭവിച്ചതിന് ശേഷം ഡോ. വന്ദനാ ദാസിനെ കൊലപാതക്കേസില്‍ ജീവപര്യന്തം ശിക്ഷ ആരംഭിക്കുമെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. കൂടാതെ പിഴയും ഒടുക്കണം.

കേസില്‍ 302-ാം പ്രകാരമുള്ള കുറ്റകൃത്യം പ്രതി ചെയ്തു എന്ന് കോടതി കണ്ടെത്തിയപ്പോള്‍ പരമാവധി ശിക്ഷ പ്രതിക്ക് നല്‍കണമെന്നവാദമാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തിയത്. എന്നാല്‍ ഐപിസി 302ല്‍ രണ്ടുതരത്തിലുള്ള ശിക്ഷകള്‍ അനുവദിക്കാനുള്ള വിവേചനാധികാരം കോടതിക്കുണ്ടെന്നും പ്രതിക്ക് ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. തന്റെ മകള്‍ അനുഭവിച്ച വേദന എന്തെന്ന് പ്രതി അറിണയമെന്ന് വന്ദനാദാസിന്റെ മാതാവ് കണ്ണീരോടെ പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് വന്ദനാ ദാസിന്റെ പിതാവ് പറഞ്ഞു.

'എന്റെ മകള്‍ അനുഭവിച്ച വേദന, ഭയപ്പാട്, അവളുടെ ശരീരത്തിലേറ്റ 27 കുത്ത്, ഒരു കൈയിലേയും കാലിലേയും മാംസത്തോടെ അടര്‍ന്ന ശരീരം... 45-50 കിലോ ഭാരമുള്ള കുട്ടിയുടെ ശരീരത്തില്‍ വിറക് കീറുന്നത് പോലെ കുത്തിക്കീറിയത്... ആ വേദനയെല്ലാം അവന്‍ അറിയണം. അങ്ങനെ ഉള്ള ശിക്ഷ കിട്ടണം. ഇത് നീതിന്യായമല്ലേ, അങ്ങനെയല്ലേ ആഗ്രഹിക്കാന്‍ പറ്റൂ. നിയമത്തിന് കൊടുക്കാന്‍ പറ്റുന്ന വിധി ഇതായിരിക്കാം. പ്രോസിക്യൂട്ടറുമായി ആലോചിച്ച് എന്താണെന്ന് നോക്കാം. വധ ശിക്ഷ എന്നതിനേക്കാളുപരി, എന്റെ മകളനുഭവിച്ച വേദന പ്രതി അറിയണം. പ്രാണഭയത്താല്‍ ഓടിയപ്പോള്‍ രക്ഷിക്കാന്‍ ആരുമില്ലായിരുന്നു'- വന്ദനാദാസിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

'വിധിയില്‍ താല്‍ക്കാലികാശ്വാസമുണ്ട്. കൂടുതല്‍ ശിക്ഷയ്ക്കായി നടപടിക്രമങ്ങള്‍ തുടരും. കോടതിയുടെ നിഗമനമനുസരിച്ച്, തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭേദപ്പെട്ട ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. എങ്കിലും ഉയര്‍ന്ന ശിക്ഷയ്ക്കായി നിയമപോരാട്ടം തുടരും'- വന്ദനാദാസിന്റെ പിതാവ് മോഹന്‍ദാസ് പറഞ്ഞു.