- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഡോ. വന്ദന ദാസിനെ തുരുതുരെ കുത്തുന്നത് കണ്ടതായി ദൃക്‌സാക്ഷി; കുത്തിയത് ആശുപത്രിയില്‍ ഉപയോഗിക്കുന്ന സര്‍ജിക്കല്‍ കത്രിക ഉപയോഗിച്ച്; പോലീസുകാരുടെയും തലയില്‍ പ്രതി കുത്തി; ആയുധവും തിരിച്ചറിഞ്ഞു ഒന്നാം സാക്ഷി; കേസിന്റെ വിചാരണയില്‍ ആദ്യ ദിനം തന്നെ നിര്‍ണായക മൊഴി
ഡോ. വന്ദന ദാസിനെ തുരുതുരെ കുത്തുന്നത് കണ്ടതായി ദൃക്‌സാക്ഷി
കൊല്ലം: ഡോ. വന്ദനദാസ് കൊലപാതകക്കേസിലെ വിചാരണ തുടങ്ങി. വിചാരണയുടെ ആദ്യദിനത്തില്‍ കേസിലെ ഒന്നാം സാക്ഷിയെ കോടതി വിസ്തരിച്ചു. പ്രതി സന്ദീപ് വന്ദനയെ കൊലപ്പെടുത്തുന്നതിനായി ആക്രമിക്കുന്നത് താന്‍ കണ്ടെന്ന് കോടതിയില്‍ ദൃക്‌സാക്ഷി മൊഴി നല്‍കി. ഒന്നാം സാക്ഷിയായ ഡോ. മുഹമ്മദ് ഷിബിന്‍ പ്രോസിക്യൂഷന്റെ ചോദ്യത്തിന് മൊഴിനല്‍കിയത്.
ബുധനാഴ്ച കൊല്ലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് മുമ്പാകെയാണ് സംഭവദിവസം കാഷ്വല്‍റ്റിയില്‍ ജോലി നോക്കിയിരുന്ന ഡോക്ടറെ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ വിസ്തരിച്ചത്. സംഭവദിവസം രാവിലെ അഞ്ചോടെ, പൂയപ്പള്ളി പൊലീസ് പ്രതിയെ കൊട്ടാരക്കര ഗവ. ആശുപത്രിയില്‍ കൊണ്ടുവന്നതായും തുടര്‍ന്ന്, സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ പ്രതി തലയില്‍ കുത്തുന്നത് കണ്ടതായുമാണ് മൊഴി.
തുടര്‍ന്ന്, ആശുപത്രിയിലെ നിരീക്ഷണമുറിയില്‍വെച്ച് പ്രതി വന്ദനയെ തുരുതുരെ കുത്തുന്നത് കണ്ടതായും സാക്ഷി പറഞ്ഞു. അക്രമിയെ അറിയാമോ എന്ന സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് സാക്ഷി പ്രതി സന്ദീപിനെ ചൂണ്ടിക്കാട്ടി. ആശുപത്രിയില്‍ ഉപയോഗിക്കുന്ന തരം സര്‍ജിക്കല്‍ കത്രികയാണ് പ്രതി വന്ദനയെ കുത്തിക്കൊലപ്പെടുത്താനും മറ്റുമായി ഉപയോഗിച്ചതെന്ന് സാക്ഷി മൊഴി നല്‍കി. കോടതിയിലുണ്ടായിരുന്ന ആയുധവും സാക്ഷി തിരിച്ചറിഞ്ഞു.
കൃത്യസമയം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങളും ഡോക്ടര്‍ വന്ദനയുടെ സ്‌തെതസ്‌കോപ്പും വസ്ത്രങ്ങളും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു. കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് അന്വേഷണവിഭാഗം നടത്തിയ അന്വേഷണത്തെത്തുടര്‍ന്ന് ഹാജരാക്കിയ കുറ്റപത്രത്തില്‍ 35ഓളം ഡോക്ടര്‍മാരെ കേസില്‍ സാക്ഷിയാക്കിയിട്ടുണ്ട്. കേസിലെ ആദ്യ 50 സാക്ഷികളെയാണ് കേസിന്റെ ആദ്യ വിചാരണഘട്ടത്തില്‍ കോടതി മുമ്പാകെ വിസ്തരിക്കുന്നത്.
എന്നാല്‍, സംഭവം നടന്നശേഷം പൊലീസിനു നല്‍കിയ മൊഴിയില്‍ പറയാത്ത കാര്യങ്ങളാണ് ഒന്നാംസാക്ഷി ഷിബിന്‍ കോടതിയില്‍ നല്‍കിയതെന്നും ഒരാഴ്ചക്കുശേഷമാണ് മൊഴിനല്‍കിയതെന്നും 12 ദൃക്‌സാക്ഷികളുടെ മൊഴി കേട്ടതിനുശേഷമേ സാക്ഷിവിസ്താരം തുടങ്ങാവൂവെന്ന് പ്രതിഭാഗം അപേക്ഷ നല്‍കിയതായും പ്രതിഭാഗം അഭിഭാഷകന്‍ ബി.എ. ആളൂര്‍ വിചാരണക്കുശേഷം പ്രതികരിച്ചു. തുടര്‍ സാക്ഷിവിസ്താരം വെള്ളിയാഴ്ച നടക്കും.
കേസില്‍ 131 സാക്ഷികളില്‍ 35 പേര്‍ ഡോക്ടര്‍മാരാണ്. പ്രതി പൂയപ്പള്ളി കുടവട്ടൂര്‍ സ്വദേശി സന്ദീപിന്റെ ആക്രമണത്തില്‍ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 5 പേരെയും വിസ്തരിക്കും. ആദ്യ ഘട്ടത്തില്‍ 50 പേരെയാണു വിസ്തരിക്കുന്നത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്‍പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.