- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെ മലയാളികളുടെ പ്രിയ ഡോക്ടര്‍ക്ക് അമിത വണ്ണക്കാരുടെ ഗവേഷണത്തിന് ഇന്ത്യയില്‍ നിന്നും പ്രത്യേക അംഗീകാരം; ഡോ. വിനോദ് മേനോനു പുരസ്‌കാരം സമ്മാനിച്ചത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍; അമിതവണ്ണക്കാരുടെ പ്രശ്നങ്ങള്‍ പഠിക്കുന്ന സംഘടനകള്‍ക്കിടയില്‍ ബ്രിട്ടനും ഇന്ത്യയ്ക്കുമിടയില്‍ പാലമായി മാറാനും ഡോക്ടര്‍ക്ക് അവസരം
യുകെ മലയാളികളുടെ പ്രിയ ഡോക്ടര്‍ക്ക് ഇന്ത്യയില്‍ നിന്നും പ്രത്യേക അംഗീകാരം
ലണ്ടന്‍: രണ്ടു പതിറ്റാണ്ടിലേറെയായി കവന്‍ട്രി മലയാളികളുടെ പ്രിയ ഡോക്ടറായ വിനോദ് മേനോന് ജന്മനാട്ടില്‍ നിന്നും ആജീവനാന്ത അംഗത്വവുമായി ഒബേസിറ്റി സര്‍ജറി സൊസൈറ്റി ഓഫ് ഇന്ത്യയുടെ അംഗീകാരം. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന കോണ്‍ഫറന്‍സില്‍ സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഡോക്ടര്‍ മേനോന് പുരസ്‌കാരം സമ്മാനിച്ചത്. വര്‍ഷങ്ങളായി അമിത വണ്ണക്കാരുടെ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഡോക്ടര്‍ വിനോദ് യുകെയിലെ ഒബേസിറ്റി ആന്‍ഡ് മെറ്റബോളിക് സര്‍ജറി സൊസൈറ്റിയുടെ ആദ്യ വിദേശിയായ പ്രസിഡന്റ് കൂടിയാണ്. കാന്‍സര്‍ സ്പെഷ്യലിസ്റ്റും ലാപ്രോസ്‌കോപ്പിക് സ്പെഷ്യലിസ്റ്റുമായ ഡോ. വിനോദ് മേനോന്‍ കവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷെയര്‍ ഹോസ്പിറ്റല്‍ ട്രസ്റ്റിലെ വിദഗ്ധ ഡോക്ടര്‍മാരില്‍ മുന്‍ നിരക്കാരന്‍ കൂടിയാണ്.
യുകെയില്‍ 1100 ബാരിയാട്രിക് (അമിതവണ്ണക്കാര്‍ക്ക് വേണ്ടിയുള്ള ശസ്ത്രക്രിയ) ശസ്ത്രക്രിയകള്‍ ചെയ്ത നേട്ടവും ഇദ്ദേഹത്തിനൊപ്പമുണ്ട്. യൂണിവേഴ്‌സിറ്റി ഓഫ് വാര്‍വിക്കിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട പ്രൊഫസര്‍ കൂടിയാണ് ഡോക്ടര്‍ വിനോദ്. നിരവധി സ്വകാര്യ ഹോസ്പിറ്റലുകളും ഡോക്ടര്‍ മേനോന്റെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. 1989ല്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ ഡോക്ടര്‍ വിനോദ് 2003 മുതല്‍ കവന്‍ട്രി വാര്‍വിക് ഹോസ്പിറ്റല്‍ ട്രസ്റ്റില്‍ കണ്‍സല്‍ട്ടന്റ് ആയി സേവനം ചെയ്തു വരുകയാണ്. ക്ലിനിക്കല്‍ ലീഡ് പദവിയില്‍ നിരവധി വര്‍ഷത്തെ സേവന പരിചയവും ഇദ്ദേഹത്തിനൊപ്പമുണ്ട്. വെസ്റ്റ് മിഡ്ലാന്‍ഡ്സ് സര്‍ജിക്കല്‍ ട്രെയിനിങ് സെന്റര്‍ ഡയറക്ടര്‍ കൂടിയാണ് ഡോ. വിനോദ് മേനോന്‍.
മലയാളി സംഘടനകളും മറ്റും നടത്തുന്ന പരിപാടികളില്‍ എളിമയോടെ പങ്കെടുക്കുന്ന ഡോക്ടര്‍ വിനോദ് അടുപ്പക്കാരില്‍ അറിയപ്പെടുന്നത് പുഞ്ചിരി ഡോക്ടര്‍ എന്ന വിശേഷണത്തോടെയാണ്. സൗമ്യതയും പുഞ്ചിരിയും മുഖത്ത് സദാ സമയം സൂക്ഷിക്കുന്നതിനാലാണ് ഡോക്ടര്‍ വിനോദിന് ഈ വിളിപ്പേര് വീണത്. ഇന്ത്യയിലെയും യുകെയിലെയും ഒരേ മനസോടെ പ്രവര്‍ത്തിക്കുന്ന ഏക ലക്ഷ്യമുള്ള സംഘടനകള്‍ക്കിടയില്‍ ഡോ. വിനോദിന്റെ സാന്നിധ്യം ഏറെ സവിശേഷ ശ്രദ്ധ നേടുകയാണ്. ഇരു നാടുകളിലേയും സംഘടനകള്‍ക്കിടയില്‍ ഒരു പാലമായി മാറുകയാണ് ഇപ്പോള്‍ ഡോ. വിനോദിന്റെ റോള്‍ എന്നും വിശേഷിപ്പിക്കാനാകും.
ബ്രിട്ടീഷ് ഒബേസിറ്റി ആന്‍ഡ് മെറ്റാബോളിക് സര്‍ജറി സൊസൈറ്റിയുടെ (BOMSS) പ്രസിഡന്റ് പദവി കൂടാതെ ട്രഷറര്‍, സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട് ഡോ. മേനോന്‍. ഡോ. മേനോന്‍ പ്രസിഡന്റായിരുന്ന കാലയളവില്‍ ഒബിസിറ്റി സര്‍ജറി സൊസൈറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ച് ബ്രിട്ടിഷ് ഒബിസിറ്റി സൊസൈറ്റി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. തൃശൂര്‍ ചേലക്കര നമ്പ്യാത്ത് കുടുംബാംഗമായ പദ്മജ മേനോനാണ് ഭാര്യ. ഡോ. വൈഷ്ണവി മേനോന്‍, ഡോ. വിഷ്ണു മേനോന്‍ എന്നിവര്‍ മക്കളാണ്. മരുമകന്‍: പ്രണവ് മനോഹരന്‍.