- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമ്പതുവയസ്സുകാരി ഒരുവര്‍ഷമായി കോമയില്‍; ദിവസം ആയിരം രൂപയുടെ മരുന്നു വേണം; വാടകയ്ക്കും പണമില്ല; കൂട്ടിരിപ്പായതിനാല് അമ്മക്ക് ജോലിക്കു പോവാന്‍ കഴിയുന്നില്ല; അച്ഛന്‍ സ്ഥിരം ജോലിയില്ല; ആരോഗ്യവകുപ്പ് തിരിഞ്ഞു നോക്കുന്നില്ല; പ്രതി പിടിയിലാവുമ്പോഴും ദൃഷാനയുടെ കുടംബം ദുരിതത്തില്‍
എം റിജു
കോഴിക്കോട്: വാഹനാപടകത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒന്‍പതുവയസ്സുകാരി ദൃഷാന കേരളത്തിന്റെ നൊമ്പരമാവുകയാണ്. 2024 ഫെബ്രുവരി 17-ന് രാത്രിയില്‍ ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പില്‍ ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കുമ്പോഴാണ് ദൃഷാനക്കും അമ്മൂമ്മ ബേബിയെയും ഒരു കാറിടിച്ചത്. അമ്മൂമ്മ തല്‍ക്ഷണം മരിച്ചു. ദൃഷാന ഒരു വര്‍ഷമായി കോമയിലാണ്. ഒരു വെള്ള സിഫ്റ്റ് കാര്‍ എന്നല്ലാതെ ഇടിച്ച വാഹനത്തെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. കേസിലെ പ്രതിയായ പുറമേരിയിലെ മീത്തലെപുനത്തില്‍ ഷെജീല്‍ ഇന്നലെയാണ് അറസ്റ്റിലായത്. അലക്ഷ്യമായി കാറോടിച്ച് രണ്ട് ജീവന്‍ തുലച്ച ഇയാള്‍ ഗള്‍ഫിലേക്ക് കടക്കയായിരുന്നു.
പ്രതിയെ പിടിച്ചതില്‍ സന്തോഷമുണ്ടെങ്കിലും അതിശക്തമായ നീതിനിഷേധത്തിന്റെ അനുഭവമാണ് ദൃഷാനയുടെ ബന്ധുക്കള്‍ക്ക് പറാനുള്ളത്. കുട്ടിക്ക് കൂട്ടിരിക്കുന്നതിനാല്‍ അമ്മ സ്മിതക്ക് ജോലിക്കുപോവാന്‍ കഴിയുന്നില്ല. മരുന്നിനുപോലും ഈ നിര്‍ധന കുടുംബത്തിന്റെ കൈയില്‍ പണമില്ല. സര്‍ക്കാറില്‍നിന്നോ ആരോഗ്യവകുപ്പില്‍നിന്നോ, ആരും ഇതുവരെ വിളിച്ചിട്ടുപോലുമില്ലെന്നാണ് ഈ കുടുംബം പറയുന്നത്.
മരുന്നിനുപോലും പണമില്ല
വാഹനാപകടങ്ങള്‍ കാരണം മരണം പരിക്ക് സംഭവിക്കുന്ന സാഹചര്യങ്ങളില്‍ കാര്‍ കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ ലഭിക്കുന്ന തുകമാത്രമാണ് സര്‍ക്കാരില്‍നിന്ന് ദൃഷാനയുടെ കുടുംബത്തിന് ലഭിച്ചത്. വാഹനം കണ്ടെത്തിയതിനാല്‍ ആ തുക തിരിച്ചടയ്ക്കണം. കുട്ടിയുടെ ചികിത്സയ്ക്കായി കുടുംബം, കോഴിക്കോട് മെഡിക്കല്‍ കോളജിനടുത്ത് 7000 രൂപ നല്‍കി വീട് വാടകയ്‌ക്കെടുത്താണ് താമസിക്കുന്നത്. ദൃഷാനയ്ക്ക് ഒരുദിവസം മരുന്ന്, , ഡയപ്പര്‍ എന്നിവ വാങ്ങാന്‍മാത്രം ആയിരംരൂപയാകും. കുട്ടിയോടൊപ്പം സ്ഥിരമായി കൂട്ടിരിപ്പുകാര്‍ വേണമെന്നതിനാല്‍ അമ്മയും അമ്മാവനും ജോലിക്കു പോകുന്നില്ല. അച്ഛന്‍ സുധീറിന് സ്ഥിരംജോലിയുമില്ല.
മൂന്നുമാസം വീഴ്ചകൂടാതെ തുടര്‍ചികിത്സ നടത്തിയാല്‍മാത്രമേ പുരോഗതിയുണ്ടാകൂവെന്ന് ബെംഗളൂരു നിംഹാന്‍സ് ആശുപത്രി ന്യൂറോ വിഭാഗം ഡോക്ടമാര്‍ അറിയിച്ചതായി ദൃഷാനയുടെ ബന്ധുക്കള്‍ പറയുന്നു. മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തില്‍നിന്ന് 2024 ഡിസംബര്‍ 12-ന് ദൃഷാനയെ ഡിസ്ചാര്‍ജ് ചെയ്തു. ദിവസവും ഫിസിയോതെറാപ്പി ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ജനുവരിയില്‍ കുട്ടിക്ക് പനി കൂടിയതിനാല്‍ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ ഒരുമാസം ചികിത്സതേടി. അതോടെ ഫിസിയോതെറാപ്പി മുടങ്ങി.
ബെംഗളൂരു നിംഹാന്‍സ് ആശുപത്രിയിലെ ന്യൂറോ വിഭാഗം ഡോക്ടര്‍ കുട്ടിയുടെ ചികിത്സാരേഖകള്‍ പരിശോധിച്ചശേഷം അറിയിച്ചത് ദിവസവും നാലുനേരം ഫിസിയോതെറാപ്പി നടത്തണമെന്നാണ്. മെഡിക്കല്‍ കോളേജില്‍ നിലവില്‍ ഒരുനേരം ഫിസിയോതെറാപ്പി ചെയ്യാനുള്ള സൗകര്യമേയുള്ളൂ. തുടര്‍ചികിത്സ സ്വകാര്യ ആശുപത്രിയില്‍ നടത്താനൊരുങ്ങുകയാണ് കുടുംബം. പക്ഷേ അതിനുള്ള സാമ്പത്തികം എവിടെനിന്ന് കണ്ടെത്തണം എന്ന് അറിയാതെ അമ്പരുന്ന നില്‍ക്കയാണ് അവര്‍. അധികൃതര്‍ ഈ കുടുംബത്തെ തിരിഞ്ഞുനോക്കുന്നുമില്ല.
അപകടത്തിന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നവേളയിലാണ്, കാറോടിച്ച പുറമേരിയിലെ മീത്തലെപുനത്തില്‍ ഷെജീല്‍ അറസ്റ്റിലായത്. അപകടത്തിനുശേഷം യുഎഇയിലേക്കുപോയ ഷെജീല്‍ കോയമ്പത്തൂര്‍ വിമാനത്താവളംവഴി നാട്ടിലേക്കുവരുന്നതിനിടെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഇമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായത്. വ്യാജതെളിവുണ്ടാക്കി ഇന്‍ഷുറന്‍സ് ക്ലെയിം നേടിയെന്നതിന് നാദാപുരം പോലീസ് ഇയാളുടെപേരില്‍ മറ്റൊരുകേസെടുത്തിട്ടുണ്ടെങ്കിലും ഈ കേസില്‍ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ജാമ്യം ലഭിച്ചിട്ടുണ്ട്. പ്രതിപിടിലായതോടെ കേസില്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങുകയാണ് പൊലീസ്.