കോഴിക്കോട്: മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ സഹോദരന്‍ പി കെ ബുജൈര്‍ (35) ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ ബുജൈര്‍ ഇന്നലെ വാഹന പരിശോധനയ്ക്കിടെ കുന്നമംഗലം പൊലീസിനെ ആക്രമിച്ചിരുന്നു. ഇയാള്‍ ലഹരി ഇടപാട് നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് ചൂലാംവയല്‍ ആമ്പ്രമ്മല്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ പൊലീസ് എത്തി. തുടര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്നതിനിടെ പൊലീസിനെ ആക്രമിക്കുകയായിരുന്നു. കുന്ദമംഗലം പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അജീഷിനാണ് ആക്രമണത്തില്‍ പരുക്കേറ്റത്.


ബുജൈറിന്റെ കയ്യില്‍ നിന്നും ലഹരി മരുന്ന് കണ്ടെത്തിയില്ലെങ്കിലും ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്നാണ് പൊലീസ് പറയുന്നത് കുന്ദമംഗലം സ്വദേശി റിയാസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ മൊഴിയില്‍ നിന്നാണ് ബുജൈറിന്റെ ലഹരി മരുന്ന് ബന്ധം വ്യക്തമായതെന്ന് കുന്ദമംഗലം പൊലീസ് അറിയിച്ചു. റിയാസും ബുജൈറും ലഹരി ഇടപാട് നടത്തിയതിന്റെ വാട്‌സ്ആപ്പ് ചാറ്റും പൊലീസ് കണ്ടെത്തി.

സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കാന്‍ ചെന്നപ്പോഴാണ് ബുജൈര്‍ പൊലീസിനെ കയ്യേറ്റം ചെയ്തത്. ബുജൈറിനെതിരെ ബി എന്‍ എസ് 132 , 121 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള വകുപ്പ് അടക്കം ചേര്‍ത്താണ് കേസ്. ലഹരി ഉപയോഗത്തിനായുള്ളതെന്ന് സംശയിക്കുന്ന വസ്തുക്കള്‍ ബുജൈറിന്റെ കാറില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.

പി കെ ഫിറോസിന്റെ ലഹരിക്ക് എതിരായ പോസ്റ്റ് ആയുധമാക്കി പരിഹാസം

അതേസമയം, പി കെ ഫിറോസ് ഫെബ്രുവരി 28 ന് ഇട്ട ലഹരിക്ക് എതിരായ പോസ്റ്റ് ആയുധമാക്കി പരിഹാസം ചൊരിയുകയാണ് മറ്റുരാഷ്ട്രീയ കക്ഷികള്‍. ' എവിടെ നിന്നാണ് കേരളത്തിലേക്ക് ഇത്രയും മയക്കുമരുന്നുകള്‍ വരുന്നത്? മയക്കുമരുന്നിന്റെ വന്‍ഒഴുക്ക് എന്തുകൊണ്ടാണ് തടയാന്‍ കഴിയാത്തത്? മയക്കുമരുന്ന് ലോബിയെ സഹായിക്കുന്നവര്‍ കപ്പലില്‍ തന്നെ അല്ലേ ഉള്ളത്? ' പി കെ ഫിറോസിന്റെ പോസ്റ്റ് ഇങ്ങനെ.

ബുജൈറിന്റെ അറസ്റ്റിനു പിന്നാലെ പി.കെ ഫിറോസിനെതിരെ ബിനീഷ് കോടിയേരി രംഗത്തെത്തി. സഹോദരന്‍ ലഹരി കേസില്‍ അറസ്റ്റിലായതില്‍ പി.കെ. ഫിറോസ് യൂത്ത് ലീഗ് അധ്യക്ഷ സ്ഥാനം രാജിവെച്ച് മാതൃക കാണിക്കുമോ എന്ന് ബിനീഷ് കോടിയേരി ചോദിച്ചു.

സംഭവത്തില്‍ പി.കെ. ഫിറോസിന്റെ പങ്കും അന്വേഷിക്കണമെന്നും ബിനീഷ് കോടിയേരി പറഞ്ഞു. പി.കെ. ബുജൈറിന് കിട്ടുന്ന സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും മുന്‍പ് പല കേസുകളിലും പി.കെ ഫിറോസും യൂത്ത് ലീഗും എടുത്ത നിലപാട് ഇവിടെയും ആവര്‍ത്തിക്കുമോയെന്നും ബിനീഷ് ചോദിച്ചു.

വീട്ടുകാരെ നന്നാക്കിയിട്ട് നാട്ടുകാരെ നന്നാക്കലല്ലേ ബുദ്ധി എന്ന് കെ ടി ജലീല്‍ ചോദിച്ചു. സ്വന്തം സഹോദരനെ മയക്കുമരുന്ന് വിതരണത്തില്‍ നിന്നും ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ കഴിയാത്ത യൂത്ത് ലീഗ് നേതാവിന് നാട്ടുകാരെ നന്നാക്കാന്‍ എന്തര്‍ഹത എന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.