- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനന്തവാടി രൂപതയിലെ ഫാ.നോബിള്‍ തോമസ് പാറയ്ക്കല്‍ വെള്ളമടിച്ച് വാഹനം ഓടിച്ചതിന് പിടിയിലായെന്ന് പൊലീസ്; മനുഷ്യജീവന് ഭീഷണിയായ വിധത്തില്‍ വണ്ടിയോടിച്ചെന്ന് എഫ്‌ഐആര്‍; എഫ്‌ഐആര്‍ വ്യാജമല്ലെങ്കിലും താന്‍ മദ്യപിക്കാറില്ലെന്ന് ഫാദറിന്റെ വിചിത്ര വിശദീകരണം; ലഹരി ഉപയോഗത്തിനെതിരെ പ്രചാരണം നടത്തുന്ന സഭയെ വെട്ടിലാക്കി കേസ്
മാനന്തവാടി രൂപതയിലെ ഫാ.നോബിള്‍ തോമസ് പാറയ്ക്കല്‍ വെള്ളമടിച്ച് വാഹനം ഓടിച്ചതിന് പിടിയിലായെന്ന് പൊലീസ്
മാനന്തവാടി: സിറോ മലബാര്‍ സഭയുടെ മാനന്തവാടി രൂപത മുന്‍ പി.ആര്‍.ഒ. ആയിരുന്ന ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കല്‍ മദ്യപിച്ച് വാഹനമോടിച്ച കേസില്‍ പിടിയിലായി. കഴിഞ്ഞ മാസം 11-ന് രാത്രി തിരുനെല്ലി പോലീസാണ് ഇദ്ദേഹത്തെ പിടികൂടിയത്. KL 72 D 5931 എന്ന വാഹനത്തില്‍ മനുഷ്യജീവന് അപകടകരമായ വിധത്തില്‍ അമിതമായി വേഗതയില്‍ വാഹനം ഓടിച്ചതിന്റെ പേരിലാണ് എഫ്‌ഐആര്‍ ഇട്ടത്. പൊലീസ് എഫ്‌ഐആറിലെ ആക്ഷേപവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, തനിക്ക് മദ്യപാന ദുശ്ശീലം ഇല്ലെന്നും കാട്ടി ഫാ.നോബിള്‍ തോമസ് പാറയ്ക്കല്‍ കഴിഞ്ഞ ദിവസം പോസ്റ്റിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
കഴിഞ്ഞ മാസം 11ന് പുലര്‍ച്ചെ 12.30 ഓടെ, തൃശിലേരി, കാട്ടിക്കുളം ടൗണില്‍ വച്ച് തിരുനെല്ലി പൊലീസ് വാഹന പരിശോധന നടത്തവേ, മാനന്തവാടി ഭാഗത്ത് നിന്ന് താഴെ കാട്ടിക്കുളം ഭാഗത്തേക്ക് ഫാ.നോബിള്‍ തോമസ് പാറയ്ക്കല്‍ മദ്യലഹരിയില്‍ അശ്രദ്ധമായും, മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും റോഡിലൂടെ വാഹനം ഓടിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.
പോലീസ് നടത്തിയ പരിശോധനയില്‍ ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കലിന്റെ രക്തത്തില്‍ 173mg/100 ml മദ്യം അടങ്ങിയതായി കണ്ടെത്തി. ഇത് നിയമപരമായി അനുവദനീയമായ അളവിനേക്കാള്‍ വളരെ കൂടുതലാണ്. തിരുനെല്ലി പോലീസ് ഇയാള്‍ക്കെതിരെ ക്രൈം നമ്പര്‍ 477/2025 പ്രകാരം IPC സെക്ഷന്‍ 281, മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റ് 185 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
മദ്യപിച്ചിരുന്നില്ലെന്ന് ഫാ.നോബിള്‍ പാറയ്ക്കല്‍
എന്നാല്‍, പോലീസ് കേസ് എടുത്തത് സത്യമാണെങ്കിലും താന്‍ മദ്യപിച്ചിരുന്നില്ലെന്നാണ് ഫാദര്‍ നോബിള്‍ പാറയ്ക്കലിന്റെ വാദം. തന്റെ പേരിലും വിലാസത്തിലും പ്രചരിക്കുന്ന എഫ്‌ഐആറിലെ ആക്ഷേപവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഫേസ്ബുക്കിലെ പോസ്റ്റില്‍ ഫാദര്‍ പറഞ്ഞു. ആക്ഷേപത്തില്‍ സൂചിപ്പിക്കുന്ന ദുശ്ശീലം തനിക്കില്ലെന്ന് പറയുന്ന ഫാദര്‍ എഫ്‌ഐആര്‍ വ്യാജമാണെന്നല്ല അതിന് അര്‍ഥമെന്ന വിചിത്ര വാദവും ഉന്നയിക്കുന്നു. എഫ്‌ഐആറിനെ കുറിച്ച് പരസ്യ വിശദീകരണം നല്‍കുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്നും പോസ്റ്റില്‍ പറയുന്നു.
എന്തായാലും ഈ സംഭവം സഭയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് മദ്യപാനത്തിനും മയക്കുമരുന്ന് ഉപയോഗത്തിനും എതിരെ കത്തോലിക്കാ സഭ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ഒരു വൈദികന്‍ തന്നെ ഇത്തരം ഒരു കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മദ്യപിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ കാര്യത്തില്‍ എക്‌സൈസ് കമ്മീഷണറെയും പ്രതി ചേര്‍ക്കണമെന്ന കെ.സി.ബി.സി.യുടെ ജാഗ്രതാ സമിതിയുടെ മുന്‍ നിലപാടും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തില്‍ സഭയുടെ ജാഗ്രതാ സമിതി ഫാദര്‍ നോബിള്‍ പാറയ്ക്കലിന്റെ കാര്യത്തില്‍ എന്തു നിലപാട് സ്വീകരിക്കുമെന്നത് കണ്ടറിയേണ്ടതാണ്.
തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയതുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശങ്ങളിലൂടെയാണ് ഫാദര്‍ നോബിള്‍ തോമസ് പാറയ്ക്കല്‍ മുന്‍പ് ശ്രദ്ധേയനായിരുന്നത്. പ്രൊഫ ടി ജെ ജോസഫിന്റെ കയ്യല്ല തലയായിരുന്നു വെട്ടി മാറ്റേണ്ടതെന്ന് ലേഖനമെഴുതിയ ആളാണ് ഫാദര്‍ നോബിള്‍. അഭിപ്രായ ഭിന്നതയുടെ പേരില്‍, സഭയോട് വിയോജിച്ച മാനന്തവാടി രൂപതയിലെ അധ്യാപികയായിരുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ അപവാദപ്രചാരണം നടത്തിയതിന് നോബിളിനെ ഒന്നാം പ്രതിയാക്കി 2019 ഓഗസ്റ്റില്‍ പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ച് അപവാദപ്രചാരണം നടത്തി എന്നതടക്കം കുറ്റങ്ങളാണ് ഈ വൈദികനെതിരെ അന്ന് പൊലീസ് ചുമത്തിയത്. കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം എടുത്താണ് അന്ന് റസ്റ്റ് ഒഴിവാക്കിയത്. നിലവില്‍ മാനന്തവാടി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സി.ഇ.ഒ. ആണ് ഫാ.നോബിള്‍ തോമസ് പാറയ്ക്കല്‍.