- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധ്രുവനക്ഷത്രം പോലൊരു ചെറുപ്പക്കാരന്; ഒന്നാം വയസ്സിലെ ഓട്ടിസത്തിനും ധ്രുവിനെ തളര്‍ത്താനായില്ല; പതിനെട്ടായപ്പോള്‍ ബ്രിട്ടന് വേണ്ടി സ്പെഷ്യല്‍ ഒളിംപിക്‌സ് വരെയെത്തിയ പോരാളി; പ്രതീക്ഷകളുടെ ലോകത്തെ പകരംവയ്ക്കാനില്ലാത്ത പേരായി ധ്രുവ് ആനന്ദ് മാറുന്നതിങ്ങനെ
ബ്രിട്ടന് വേണ്ടി സ്പെഷ്യല്‍ ഒളിംപിക്‌സ് വരെയെത്തി ധ്രുവ് ആനന്ദ്
കവന്‍ട്രി: 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ്. ഒരു വയസ് തികയാത്ത കൈക്കുഞ്ഞുമായാണ് സോഷ്യല്‍ വര്‍ക്കാറായ ആനന്ദ് കുമാറും അധ്യാപികയായ സ്മിത കുമാറും യുകെയിലേക്ക് എത്തുന്നത്. മറ്റു മലയാളികളെ പോലെ തന്നെ മനസ് നിറയെ സ്വപ്നങ്ങള്‍. മോഹം കണ്ട യുകെ ജീവിതം തളിരിടുന്നതും നിറപ്പകിട്ടാര്‍ന്ന ദിവസങ്ങളും ആഴ്ചകളും മാസങ്ങളും വര്‍ഷങ്ങള്‍ക്കും ഒക്കെയായി സുന്ദരമായ ഒരു ഭാവി ജീവിതം. എന്നാല്‍ മനുഷ്യന്‍ സ്വപ്നം കാണുന്നതും വിധി കാത്തു വയ്ക്കുന്നതുമായ ജീവിതം എല്ലായ്‌പ്പോഴും ഒന്നാകണമെന്നില്ല. അസാധാരണമായ പ്രതിസന്ധികളും തിരിച്ചടികളുമാണ് പലപ്പോഴും മനുഷ്യ ജീവിതത്തില്‍ കാത്തിരിക്കുക.
അത്തരം തിരിച്ചടികളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു ഒരു ഫീനിക്‌സ് പക്ഷിയെ പോലെ പറക്കാന്‍ വളരെ അപൂര്‍വം പേര്‍ക്കേ കഴിയാറുളളൂ. അവരാണ് പിന്നീട് അത്തരം തിരിച്ചടികള്‍ നേരിടേണ്ടി വരുന്ന മനുഷ്യര്‍ക്ക് മുന്നില്‍ പ്രതീക്ഷകളുടെ ആള്‍രൂപങ്ങള്‍ ആയി മാറുന്നതും. ഇപ്പോള്‍ യുകെയിലെത്തി നീണ്ട 17 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കൊച്ചിക്കാരനായ ആനന്ദും ബാംഗ്ലൂര്‍ മലയാളിയായ സ്മിതയും മകന്‍ ധ്രുവ് ആനന്ദും പ്രതീകങ്ങളുടെയും സമര്‍പ്പണത്തിന്റെയും ആള്‍രൂപങ്ങളായി മാറുകയാണ്.
മറ്റു കുട്ടികളെ പോലെ പ്രതികരണം വൈകിയപ്പോള്‍ നടത്തിയ തെറാപ്പി ചികിത്സയില്‍ കണ്ടെത്തിയത് ഓട്ടിസം, മനസ് തകര്‍ന്ന ദിനങ്ങള്‍
സാധാരണ കുട്ടികള്‍ ഒരു വയസാകുമ്പോള്‍ കാണിക്കുന്ന സ്വാഭാവിക പ്രതികരണങ്ങള്‍ പലപ്പോഴും ധ്രുവില്‍ നിന്നും ഉണ്ടാകാതെ വന്നതോടെ തകര്‍ന്ന ഹൃദയവുമായാണ് സ്മിതയും ആനന്ദും വിദഗ്ധരെ കാണാന്‍ എത്തിയത്. ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുന്ന ചെറുപ്പക്കാരായ ഒരു മാതാപിതാക്കളും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത വാക്കുകളാണ് തീമഴ പോലെ അവരുടെ കാതുകളിലേക്ക് പെയ്തിറിങ്ങിയത്.
മനസ്സില്‍ ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും വസന്തം തീര്‍ത്തു പിറന്നു വീണ തങ്ങളുടെ കണ്മണി ഓട്ടിസം ബാധിച്ച കുട്ടിയാണെന്ന് കേട്ട നിമിഷങ്ങളില്‍ സ്വയം ഇല്ലാതായി പോയിരുന്നെങ്കില്‍ എന്ന് മനസ്സില്‍ കൊതിച്ച നിമിഷങ്ങള്‍. വിധി എന്തിനു തങ്ങളോട് ഇങ്ങനെ ക്രൂരത കാട്ടുന്നു എന്ന് സ്വയം ചോദിച്ച ദിവസങ്ങള്‍. സുഹൃത്തുക്കളില്‍ നിന്നും പരിചയക്കാരില്‍ നിന്നുമൊക്കെ ഓടിയൊളിക്കാന്‍ തോന്നിയ സന്ദര്‍ഭം. എത്ര പറഞ്ഞാലും എത്ര എഴുതിയാലും ആര്‍ക്കും മനസിലാകാന്‍ സാധിക്കാത്ത, അനുഭവിക്കുന്നവര്‍ക്ക് മാത്രം അറിയാനാകുന്ന വേദനയുടെ നാളുകള്‍. മറ്റുള്ളവര്‍ക്ക് മുന്‍പില്‍ തങ്ങളോട് പരിഹാസ കാഴ്ചയായി മാറുമോ എന്നായിരുന്നു ആദ്യ നാളുകളില്‍ ആനന്ദിന്റെയും സ്മിതയുടെയും ചിന്തകളും.
കുഞ്ഞായ ധ്രുവിന്റെ മുഖത്തേക്ക് നോക്കാന്‍ പോലും പ്രയാസം തോന്നിച്ച സമയവും. ഇപ്പോഴും ആ നാളുകളെ കുറിച്ച് ഓര്‍ക്കുമ്പോള്‍ പോലും തങ്ങള്‍ എങ്ങനെ ആ സമയം തരണം ചെയ്‌തെന്നു തിരിച്ചറിയാന്‍ ഇരുവര്‍ക്കും പ്രയാസമാണ്. വീട്ടുകാരും പ്രിയപ്പെട്ടവരും ഒന്നും കൂടെയില്ലാതെ, ജീവിതത്തിലെ പ്രയാസ നിമിഷങ്ങള്‍ തനിയെ തരണം ചെയ്യുന്ന ഓരോ യുകെ മലയാളിക്കും അധികം പ്രയാസം കൂടാതെ മനസിലാക്കാന്‍ സാധിക്കുന്നതാണ് ആനന്ദും സ്മിതയും നടന്നു തീര്‍ത്ത മുള്‍വഴികള്‍.
തിരിച്ചറിവ്, സ്വയം പരുവപ്പെടല്‍, യാഥാര്‍ത്ഥ്യത്തെ മനസ്സില്‍ പതിപ്പിക്കല്‍
ആരും പതറിപ്പോകുന്ന സന്ദര്‍ഭത്തില്‍ നിന്നും പുറത്തു കടക്കാന്‍ തങ്ങള്‍ക്ക് ഏറെ സമയം വേണ്ടി വന്നു എന്നാണ് ഇപ്പോള്‍ സ്മിത പറയുന്നത്. അടുത്തിടെ ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിച്ച ജനിച്ച നാള്‍ മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന ഗബ്രിയേല്‍ എന്ന നവജാത ശിശുവിന്റെയും സെറിബ്രല്‍ പാള്‍സി ബാധിച്ചിട്ടും കുതിരയോട്ടത്തില്‍ ദേശീയ ജേതാവായി മാറിയ ഗോവിന്ദ് നമ്പ്യാരുടെയും അതിജീവന കഥകള്‍ കേട്ടാണ് ധ്രുവിന്റെ അതിജീവനവും വിജയ വഴികളും ബ്രിട്ടീഷ് മലയാളി വായനക്കാരുമായി പങ്കുവയ്ക്കാന്‍ സ്മിതയും ആനന്ദും തീരുമാനിച്ചത്.
തങ്ങളെ പോലെ പ്രതിസന്ധികളിലൂടെ കടന്നു പോയവരും ഇപ്പോള്‍ കടന്നു പോകുന്നവര്‍ക്കും ജീവിതത്തില്‍ പ്രതീക്ഷയോടെ മുന്നേറാന്‍ ധ്രുവിനെ കുറിച്ച് അറിയുന്നതും നല്ലതായിരിക്കും എന്ന ചിന്തയാണ് ഇരുവരെയും ബ്രിട്ടീഷ് മലയാളിയില്‍ എത്തിച്ചത്. ജീവിത വിജയ കഥകള്‍ എന്നും ബ്രിട്ടീഷ് മലയാളി വായനക്കാര്‍ ആദരവോടെയും പോസിറ്റീവ് ചിന്താഗതിയോടെയും ഏറ്റെടുത്തതിന്റെ നൂറു കണക്കിന് ഉദാഹരണം കൂടിയാണ് ബ്രിട്ടീഷ് മലയാളിയുടെ വിജയവും. ടാക്‌സി ഡ്രൈവറില്‍ നിന്നും ചാര്‍ട്ടേഡ് അക്കൗണ്ട് ആയി മാറിയ രൂപേഷ് പോള്‍ മുതല്‍ ഇപ്പോള്‍ മലയാളി നഴ്സില്‍ നിന്നും ഇപ്പോള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എത്തിയ സോജന്‍ ജോസഫ് വരെയുള്ളവര്‍ ബ്രിട്ടീഷ് മലയാളി നല്‍കിയ പിന്തുണ എന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ്.
കുഞ്ഞു ധ്രുവിന്റെ മുഖത്തേക്ക് നോക്കി സങ്കടപ്പെട്ടിരിക്കാതെ അവനായി എങ്ങനെ ജീവിതത്തെ മാറ്റിയെടുക്കാം എന്നാണ് ആനന്ദും സ്മിതയും ആദ്യം ചിന്തിച്ചത്. അതിനായി കുട്ടിയുടെ അവസ്ഥ എന്തെന്ന് സ്വയം തിരിച്ചറിയുകയും അതിനായി സ്വയം പരുവപ്പെടുകയും ഇനി മുന്നോട്ടുള്ള യാത്ര അവനു വേണ്ടിയാണെന്ന് തീരുമാനിച്ചുറപ്പിക്കുകയും ആയിരുന്നു തങ്ങളെന്ന് ആനന്ദും സ്മിതയും പറയുന്നു. പലപ്പോഴും സാഹചര്യങ്ങളെ ഉള്‍ക്കൊളളാന്‍ കഴിയാതെ വരുമ്പോഴാണ് തളര്‍ന്നു പോകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാന്‍ ആയാല്‍ മനസുകൊണ്ട് ചേര്‍ന്ന് പോകാന്‍ പിന്നെ എളുപ്പം ആണെന്നും അത് മാതാപിതാക്കളുടെയും കുഞ്ഞിന്റെയും ഭാവി ജീവിതത്തെ പോസിറ്റീവ് ആക്കി മാറ്റുമെന്നാണ് സ്വാനുഭവത്തില്‍ ആനന്ദും സ്മിതയും തിരിച്ചറിയുന്നത്.
മകന്റെ ഭാവിയോര്‍ത്തു വേദനിച്ച നാളുകളില്‍ നിന്നും സ്പെഷ്യല്‍ ഒളിംപിക്‌സ് വരെ എത്തിയത് കണ്ണടച്ച് തുറക്കുന്ന വേഗതയില്‍
ഓട്ടിസം എന്ന അവസ്ഥയെക്കുറിച്ചു പൊതു ലോകം കാണുന്ന കാഴ്ചപ്പാട് തന്നെയായിരുന്നു തുടക്കത്തില്‍ സ്മിതയ്ക്കും ആനന്ദിനും. എന്നാല്‍ ലോക പ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ വരെ ഈ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട് എന്നറിഞ്ഞതോടെ മനസില്‍ ധൈര്യമായി. പിന്നീട് കുഞ്ഞു ധ്രുവിന്റെ പ്രത്യേകതകള്‍ മനസിലാക്കി അവന്റെ കഴിവുകള്‍ വികസിപ്പിച്ചെടുക്കുക എന്നതായിരുന്നു ഇരുവരുടെയും ലക്ഷ്യം. സ്പെഷ്യല്‍ സ്‌കൂളില്‍ പോയിത്തുടങ്ങിയ ധ്രുവ് കായിക ഇനങ്ങളില്‍ അസാധാരണ അര്‍പ്പണ ബോധത്തോടെ മനസ് അര്‍പ്പിക്കാന്‍ തുടങ്ങിയതോടെ ആനന്ദും അവന്റെ കഴിവുകളെ പ്രോത്സാഹിപ്പിക്കാന്‍ ഒപ്പം കൂടി.
സൈക്കിളിംഗ്, ബാഡ്മിന്റണ്‍, ഗോള്‍ഫ്, നീന്തല്‍ എന്നിവയില്‍ എല്ലാം ധ്രുവ് അസാധാരണ മികവോടെ പങ്കെടുത്തു തുടങ്ങി. വളരെ വേഗത്തില്‍ ദേശീയ മത്സരങ്ങളില്‍ വരെ പങ്കെടുക്കും വിധം ധ്രുവ് നേട്ടങ്ങള്‍ സ്വന്തമാക്കി തുടങ്ങി. ഒരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലാത്ത വിധമായിരുന്നു ധ്രുവിന്റെ പിന്നീടുള്ള നാളുകള്‍. മാനസികവും ശാരീരികവും ആയ വെല്ലുവിളികളെ ഒക്കെ ഒരു യോദ്ധാവിനെ പോലെ അവന്‍ കീഴടക്കി കൊണ്ടിരുന്നു. ആ യാത്രയാണ് ഇപ്പോള്‍ സ്പെഷ്യല്‍ ഒളിംപിക്‌സിലെ ദേശീയ ടീമിലെ അംഗത്വവും മെഡല്‍ നേട്ടങ്ങളും വരെ എത്തി നില്‍ക്കുന്നത്.
ഏറ്റവും ഒടുവിലായി ധ്രുവ് സ്വന്തമാക്കിയ നേട്ടപ്പട്ടിക
ജാക് പെചെയ് അവാര്‍ഡ് 2020: അസാധാരണമായ കഠിന അധ്വാനവും ഇച്ഛാശക്തിയും പ്രകടിപിക്കുന്ന യുവജനങ്ങള്‍ക്കുള്ള ദേശീയ അംഗീകാരം. മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്കാണ് ഈ പുരസ്‌കാരം.
ആദ്യ ദേശീയ സൈക്കിളിംഗ് 2022 : വെങ്കല മെഡല്‍ നേട്ടം
രണ്ടാം ദേശീയ സൈക്കിളിംഗ് 2023 : ഒരു സ്വര്‍ണം, രണ്ടു വെള്ളി, ഒരു വെങ്കലം. ലണ്ടന്‍ മാരത്തണില്‍ അറുപതു മൈല്‍ ദൂരം സൈക്കിളിംഗില്‍ താണ്ടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. ബെംഷം മാനേര്‍ സ്‌കൂള്‍ ചാരിറ്റിക്ക് വേണ്ടി 2000 പൗണ്ട് കണ്ടെത്തി. വെയ്ല്‍സില്‍ അതേ വര്‍ഷം 22 മൈല്‍ സൈക്കിളിംഗ്. സ്പെഷ്യല്‍ ഒളിംപിക് ചാരിറ്റിക്ക് വേണ്ടി 500 പൗണ്ട് സമാഹരണം.
മൂന്നാം ദേശീയ സൈക്കിളിംഗ് 2024 : രണ്ടു വെള്ളി മെഡലുകള്‍
സ്പെഷ്യല്‍ ഒളിമ്പിക് 2024 : ബാഡ്മിന്റണില്‍ രണ്ടു സ്വര്‍ണം. ഗോള്‍ഫില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗം.
അന്തര്‍ദേശീയ സൈക്കിളിംഗ് : സ്പെയിനില്‍ 102 കിലോമീറ്റര്‍ താണ്ടിയ മൗണ്ടൈന്‍ സൈക്കിളിംഗ്. 3284 അടി ഉയരത്തിലേക്ക് നിര്‍ത്താതെ സൈക്കിള്‍ ചവിട്ടിക്കയറ്റി എന്ന നേട്ടവും.