ഷാര്‍ജ: ഉറ്റവരുടെ തോരാത്ത കണ്ണീര്‍ ബാക്കിയാക്കി കുഞ്ഞു വൈഭവിക്ക് പ്രവാസ മണ്ണില്‍ നിത്യശാന്തി. ദുബായ് ജബല്‍ അലി ന്യൂ സോണാപൂരിലെ പൊതു ശ്മശാനത്തില്‍ പ്രാദേശിക സമയം നാല്മണിയോടെ ഹൈന്ദവ ആചാര പ്രകാരമാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഷാര്‍ജയില്‍ കഴിഞ്ഞ 8-നാണ് അമ്മ വിപഞ്ചികയോടൊപ്പം ഒന്നരവയസുകാരിയായ വൈഭവിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വൈഭവിയുടെ അച്ഛന്‍ നിധീഷ്, നിതീഷിന്റെ ബന്ധുക്കള്‍, വിപഞ്ചികയുടെ അമ്മ ഷൈലജ, സഹോദരന്‍ വിനോദ് മോഹന്‍ തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

ദിവസങ്ങളോളം ഷാര്‍ജ മോര്‍ച്ചറിയിലെ തണുത്തുറഞ്ഞ അറയില്‍ ചേതനയറ്റു കിടന്ന ഒന്നര വയസ്സുകാരി വൈഭവിയുടെ സംസ്‌കാര ചടങ്ങുകള്‍ ദുബായ് ജബല്‍ അലി ന്യൂ സോണാപൂരിലെ പൊതു ശ്മശാനത്തിലാണ് നടന്നത്. മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങള്‍ കാരണം ഒരു കുഞ്ഞുശരീരം ഇത്രയും ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിക്കേണ്ടി വന്നെന്നോര്‍ത്ത് ചടങ്ങിനെത്തിയവരുടെയെല്ലാം ഉള്ളം നീറി.

മൃതദേഹം നാട്ടിലെത്തിക്കണമെന്നായിരുന്നു വിപഞ്ചികയുടെ അമ്മയുടെ ആഗ്രഹം. ഇരു കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം നിലനിന്നതോടെ പത്ത് ദിവസമായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് കുഞ്ഞിന്റെ മൃതദേഹം ദുബായില്‍ സംസ്‌കരിക്കാന്‍ വിപഞ്ചികയുടെ കുടുംബം സമ്മതം അറിയിച്ചത്. വിപഞ്ചികയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നാട്ടിലെത്തിച്ച് മൃതദേഹം സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ടുവരുമെന്നാണ് വിവരം.

പിതാവ് നിതീഷ് തന്നെയാണ് മൃതദേഹത്തെ മോര്‍ച്ചറിയില്‍ നിന്ന് ശ്മശാനത്തിലേക്ക് അനുഗമിച്ചത്. കുഞ്ഞുമോളെ അവസാനമായി ഒരു നോക്കുകാണാന്‍ വിപഞ്ചികയുടെ മാതാവ് ഷൈലജ, സഹോദരന്‍ വിനോദ് മോഹന്‍, ഇദ്ദേഹത്തിന്റെ ഭാര്യാസഹോദരന്‍, നിതീഷിന്റെ പിതാവ് മോഹനന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും എത്തിച്ചേര്‍ന്നിരുന്നു.

ഒരു പിഞ്ചു ശരീരം എന്നെന്നേക്കുമായി വിടപറയുന്നത് കണ്ടപ്പോള്‍ പലര്‍ക്കും സങ്കടം അടക്കാനായില്ല. നിശ്ശബ്ദമായ തേങ്ങലുകള്‍ ആ അന്തരീക്ഷത്തെ കൂടുതല്‍ കനപ്പിച്ചു. അമ്മയോടൊപ്പം ദുരൂഹ സാഹചര്യത്തില്‍ മരിച്ച വൈഭവിയുടെ മരണം ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോഴും, അവള്‍ക്ക് സമാധാനപരമായ ഒരു അന്ത്യം ലഭിച്ചു എന്നതില്‍ ആശ്വസിക്കുകയേ നിര്‍വാഹമുള്ളൂ. വേദന നിറഞ്ഞ ഈ വേര്‍പാടിന് സാക്ഷ്യം വഹിച്ച ഓരോ കണ്ണുകളിലും ആ കുഞ്ഞുമോള്‍ ഒരു നനവായി അവശേഷിക്കും.

അതേസമയം, വിപഞ്ചികയുടെ മൃതദേഹം ഇതുവരെ വിട്ടുകിട്ടിയിട്ടില്ല. ഷാര്‍ജ ഫോറന്‍സിക് വിഭാഗത്തിലായുരുന്നു രണ്ട് മൃതദേഹങ്ങളും സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹം ഏറ്റുവാങ്ങാനായി നാട്ടില്‍ നിന്ന് വിപഞ്ചികയുടെ മാതാവ് ഷൈലജയും കാനഡയില്‍ നിന്ന് സഹോദരന്‍ വിനോദും ഷാര്‍ജയിലെത്തിയിരുന്നു. വൈഭവിയുടെ മൃതദേഹവും നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കണമെന്നായിരുന്നു ഷൈലജയുടെ ആഗ്രഹം. എന്നാല്‍, തനിക്ക് യാത്രാ വിലക്കുള്ളതിനാല്‍ നാട്ടിലേക്ക് പോകാനാവില്ലെന്നും അതുകൊണ്ട് യുഎഇയില്‍ തന്നെ സംസ്‌കരിക്കണമെന്നും പിതാവ് നിതീഷ് വാശിപിടിച്ചു.

തുടര്‍ന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരുമായി വിപഞ്ചികയുടെയും ഭര്‍ത്താവ് നിതീഷ് മോഹന്റെയും ബന്ധുക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിലും തീരുമാനം നിതീഷിന് അനുകൂലമായി മാറുകയായിരുന്നു. കഴിഞ്ഞ ദിവസം ഷാര്‍ജ കോടതി ഉത്തരവ് പ്രകാരം വൈഭവിയുടെ മൃതദേഹം പിതാവ് നിതീഷിന് വിട്ടുനല്‍കുകയും തുടര്‍ന്ന് ഷാര്‍ജ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ ഒരുങ്ങുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഷൈലജയുടെ ആവശ്യപ്രകാരം ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് വിലക്കിയത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ച( ഈ മാസം 8)യാണ് ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ മാനേജരായ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയനെയും മകള്‍ വൈഭവിയെയും ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വൈഭവിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് കയറില്‍ കെട്ടിത്തൂക്കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നേരത്തെ, മാതാവ് ഷൈലജ നല്‍കിയ പരാതിയില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറായ നിതീഷ് മോഹനെ ഒന്നാം പ്രതിയാക്കി കൊല്ലം കുണ്ടറ പൊലീസ് കേസെടുത്തിരുന്നു. ഇയാളുടെ സഹോദരി നീതു രണ്ടാം പ്രതിയും പിതാവ് മോഹനന്‍ മൂന്നാം പ്രതിയുമാണ്. വിപഞ്ചികയെ സ്ത്രീധനത്തെച്ചൊല്ലി ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിച്ചെന്നും ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് കേസ്. വിപഞ്ചികയുടെയും മകള്‍ വൈഭവിയെടുയും മൃതദേഹങ്ങള്‍ നാട്ടിലെത്തിയ ശേഷം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിന് ആവശ്യപ്പെടുമെന്ന് കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുന്നയിക്കുന്ന വിപഞ്ചികയുടെ ആറോളം പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീടത് അപ്രത്യക്ഷമായി. ഭര്‍ത്താവ് നിതീഷ് മോഹന്‍, ഭര്‍തൃപിതാവ് മോഹന്‍, ഭര്‍തൃ സഹോദരി നീതു എന്നിവര്‍ക്കെതിരെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സംബന്ധമായി ഒട്ടേറെ കാര്യങ്ങള്‍ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ഷാര്‍ജ പൊലീസ് ഫോറന്‍സിക് വിഭാഗം നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി തൊട്ടിലിന്റെ കയറില്‍ കെട്ടിത്തൂക്കിയശേഷം വിപഞ്ചിക തൂങ്ങി മരിക്കുകയായിരുന്നെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് വേലക്കാരി മടങ്ങിപ്പോയശേഷമാകാം മരണം നടന്നിട്ടുള്ളത്. അടുത്തദിവസം രാവിലെയെത്തി വിളിച്ചപ്പോള്‍ പ്രതികരണമില്ലാതായതോടെ ഭര്‍ത്താവ് നിധീഷിനെ വിവരമറിയിക്കുകയായിരുന്നു. ഇയാളെത്തി കതക് ബലംപ്രയോഗിച്ച് തുറന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.