കൊച്ചി: മലയാള ചലച്ചിത്ര രംഗത്ത് സജീവമായ നടിയാണ് ദുര്‍ഗ കൃഷ്ണ. കരിയറില്‍ മികച്ച റോളുകള്‍ ചെയ്യവെയാണ് താരം അര്‍ജുന്‍ രവീന്ദ്രനുമായി 2021ല്‍ വിവാഹിതയാകുന്നത്. 2025 നവംബറില്‍ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നതും വലിയ വാര്‍ത്തയായിരുന്നു. ഗര്‍ഭിണി ആയതും പ്രസവുമൊക്കെ ആഘോഷപൂര്‍വ്വമാക്കിയ താരം, നിലവില്‍ മാതൃത്വത്തെക്കുറിച്ചും പ്രസവാനന്തരം താന്‍ അനുഭവിക്കുന്ന കടുത്ത മാനസിക സംഘര്‍ഷങ്ങളെക്കുറിച്ചും പങ്കുവെച്ച കുറിപ്പ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

മാതൃത്വത്തിന്റെ വര്‍ണ്ണപ്പകിട്ടുള്ള ചിത്രങ്ങള്‍ക്കിടയില്‍ മറഞ്ഞുപോകുന്ന അമ്മമാരുടെ കടുത്ത മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. പ്രസവാനന്തരം ഒരു സ്ത്രീ അനുഭവിക്കുന്ന ഏകാന്തതയും, പങ്കാളിയില്‍ നിന്ന് നേരിടുന്ന അവഗണനയും എത്രത്തോളം ഭീകരമാണെന്ന് ദുര്‍ഗ തന്റെ കുറിപ്പിലൂടെ ലോകത്തെ ഓര്‍മ്മിപ്പിക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ്, ഒരാളുടെ ചോദ്യത്തിന്റെ കുറിപ്പായി താന്‍ കടന്നു പോകുന്ന മാനസിക സംഘര്‍ഷത്തെക്കുറിച്ച് നടി എഴുതിയത്. 'പ്രസവശേഷം ആരും നിങ്ങള്‍ക്ക് മുന്നറിയിപ്പ് തരാത്ത ഏറ്റവും കഠിനമായ കാര്യം എന്താണ്?' എന്നതായിരുന്നു താരത്തിനോടുള്ള ചോദ്യം. ഒരു കുഞ്ഞിനെ ലോകത്തിന് നല്‍കാന്‍ വേണ്ടി തന്റെ കരിയറും ഉറക്കവും ശാരീരികക്ഷമതയും വരെ മാറ്റിവെച്ച ഒരു സ്ത്രീ എന്ന നിലയില്‍ താന്‍ ക്ഷീണിതയാണെന്ന് ദുര്‍ഗ പറയുന്നു. കുഞ്ഞിനെ ഞാന്‍ നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നുണ്ട്, പക്ഷേ എന്നെ ആര് ചേര്‍ത്തുപിടിക്കും എന്നും നടി ചോദിക്കുന്നു.




നടിയുടെ കുറിപ്പില്‍ പ്രസവാനന്തര വിഷാദത്തിന്റെ (Postpartum Depression) എല്ലാ വേദനയും അടങ്ങിയിരിക്കുന്നു. കുഞ്ഞിനോടുള്ള സ്‌നേഹക്കൂടുതലിനിടയിലും താന്‍ അദൃശ്യയായി മാറുന്നു എന്ന തിരിച്ചറിവാണ് താരത്തെ ഏറെ വേദനിപ്പിക്കുന്നത്. ഗര്‍ഭകാലത്ത് തന്നെ പൊന്നുപോലെ നോക്കിയിരുന്ന ഭര്‍ത്താവ് അര്‍ജുന്‍, കുട്ടി ജനിച്ചതോടെ ഒരു 'കോ-പാരന്റ്' മാത്രമായി മാറിയെന്നാണ് ദുര്‍ഗയുടെ വെളിപ്പെടുത്തല്‍. തന്നിലെ ഭാര്യയെ കാണാതെ, കുഞ്ഞിനെ നോക്കാന്‍ കൂടെ നില്‍ക്കുന്ന ഒരാളായി മാത്രം അദ്ദേഹം മാറിയത് തന്റെ വിവാഹജീവിതത്തെത്തന്നെ ബാധിച്ചുവെന്ന് ദുര്‍ഗ ഭയപ്പെടുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ

'എനിക്കിത് ഉറക്കെ പറയേണ്ടതുണ്ട്: എനിക്ക് എന്റെ കുഞ്ഞിനോട് അത്രമേല്‍ ഭ്രാന്തമായ ഇഷ്ടമാണ്, പക്ഷേ പുറമെനിന്ന് നോക്കുന്നവര്‍ക്ക് മനസ്സിലാകാത്ത അത്ര ആഴത്തിലുള്ള ഒരു സങ്കടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഈ സ്‌നേഹക്കൂടുതലിനിടയില്‍ ഞാന്‍ ശ്വാസം മുട്ടുകയാണ്.

സത്യം പറഞ്ഞാല്‍, എനിക്ക് എന്റെ ഭര്‍ത്താവിനെ നഷ്ടപ്പെട്ടതായും പകരം ഒരു 'കോ-പാരന്റിനെ' (കുഞ്ഞിനെ നോക്കാന്‍ കൂടെയുള്ള ഒരാള്‍) മാത്രം ലഭിച്ചതായും തോന്നുന്നു. ഗര്‍ഭകാലത്ത് എന്നെ അത്രയധികം പരിചരിച്ചിരുന്ന ആ വ്യക്തി എവിടെയോ മറഞ്ഞുപോയിരിക്കുന്നു; പകരം കുഞ്ഞിനെ മാത്രം കാണാന്‍ കഴിയുന്ന ഒരാളായി അദ്ദേഹം മാറി. അവിടെ ഞാന്‍ അദൃശ്യയായി തീര്‍ന്നു.

എന്റെ കരിയര്‍, എന്റെ ശരീരം, എന്റെ ആരോഗ്യം, എന്റെ ഉറക്കം എന്നിവയെല്ലാം ത്യാഗം ചെയ്തത് ഞാനാണ്. അദ്ദേഹം മറ്റൊരു മുറിയില്‍ സുഖമായി ഉറങ്ങുമ്പോള്‍, രാത്രിയുടെ നിശബ്ദതയില്‍ ഉണര്‍ന്നിരിക്കുന്നത് ഞാനാണ്. എന്റെ ശേഷിക്കുന്ന കരുത്തെല്ലാം ഉപയോഗിച്ച് ഞാന്‍ കുഞ്ഞിനെ പിടിച്ചിരിക്കുകയാണ്, പക്ഷേ എന്നെ താങ്ങാന്‍ ആരുമില്ലാത്തതിനാല്‍ എന്റെ കൈകള്‍ വിറയ്ക്കുന്നു.

എന്റെ ഉത്തരവാദിത്തങ്ങള്‍ മാറുക മാത്രമല്ല ചെയ്തത്; എനിക്ക് എന്റെ വിവാഹജീവിതം തന്നെ നഷ്ടപ്പെട്ടതായി തോന്നുന്നു. ഞാന്‍ സൃഷ്ടിച്ച ഈ ജീവനോട് എനിക്ക് വല്ലാത്ത ഇഷ്ടമാണ്, പക്ഷേ ഇപ്പോള്‍ ഞാന്‍ ജീവിക്കുന്ന ഈ ഏകാന്തത എന്നെ വിഷാദത്തിലാക്കുന്നു.' എന്നാണ് കുറിപ്പ്.

മാതൃത്വത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ പലപ്പോഴും അമ്മമാരുടെ ഇത്തരം മാനസികാവസ്ഥകള്‍ ആരും ശ്രദ്ധിക്കാതെ പോകുന്നു എന്നതാണ് ദുര്‍ഗ തന്റെ കുറിപ്പിലൂടെ ഓര്‍മ്മിപ്പിക്കുന്നത്. ദുര്‍ഗയുടെ കുറിപ്പ് ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞു. പ്രസവശേഷം സ്ത്രീകള്‍ അനുഭവിക്കുന്ന കടുത്ത മാനസികവും വൈകാരികവുമായ മാറ്റങ്ങളെയാണ് പ്രസവാനന്തര വിഷാദം (Postpartum Depression) എന്ന് വിളിക്കുന്നത്.


നടി ദുര്‍ഗ കൃഷ്ണയുടെ അനുഭവക്കുറിപ്പില്‍ നടി പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്നു പോകുന്നതെന്നാണ് സൂചനകളില്‍ നിന്ന് മനസിലാക്കുന്നത്. സാധാരണയായി ഇത്തരം തുറന്നുപറച്ചിലുകള്‍ മലയാള സിനിമാ ലോകത്ത് കുറവാണ്. 2025 നവംബറില്‍ അമ്മയായ ദുര്‍ഗയുടെ ഈ വെളിപ്പെടുത്തല്‍, പ്രസവാനന്തര മാനസികാരോഗ്യത്തെക്കുറിച്ച് (Maternal Mental Health) വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുമെന്നുറപ്പാണ്.

'വിമാനം' എന്ന ചിത്രത്തിലൂടെ വന്ന്, 'ഉടല്‍', 'തങ്കമണി' തുടങ്ങിയ സിനിമകളിലൂടെ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ദുര്‍ഗ കൃഷ്ണ. മോഹന്‍ലാല്‍ നായകനാകുന്ന 'റാം' ആണ് ദുര്‍ഗയുടേതായി പുറത്തിറങ്ങാനിരിക്കുന്ന വലിയ പ്രോജക്റ്റ്.