തിരുവനന്തപുരം: മനോരമ ചാനല്‍ പാലക്കാട് നടത്തിയ വോട്ട് കവല പരിപാടിയില്‍ പാനലിസ്റ്റായി പങ്കെടുക്കുകയായിരുന്ന സംസ്ഥാന കമ്മിറ്റി അംഗം പി എം ആര്‍ഷോയെ സഹപാനലിസ്റ്റായ ബിജെപി ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ കയ്യേറ്റം ചെയ്തുവെന്ന് ഡിവൈഎഫ്‌ഐയും സമമതിച്ചു. നടപടി പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ പത്രക്കുറിപ്പിറക്കി. ഇതോടെ ആര്‍ക്കെതിരെയാണ് കൈയ്യേറ്റം ഉണ്ടായതെന്ന് വ്യക്തമാകുകയാണ്.

സംഘപരിവാര്‍ പിന്തുടരുന്ന ജനാധിപത്യവിരുദ്ധതയുടെയും അസഹിഷ്ണുതയുടെയും പ്രതിഫലനമാണ് പാലക്കാട് കണ്ടത്. പാലക്കാട് നഗരസഭയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന നഗരസഭ ഭരണത്തിനെതിരെ ജനങ്ങളുടെ പരാതികള്‍ ചര്‍ച്ച ചെയ്യവെ വെല്ലുവിളികളും ആക്ഷേപങ്ങളും ഉയര്‍ത്തി ഒരു ചര്‍ച്ചയില്‍ കാണിക്കേണ്ട സാമാന്യമായ മര്യാദ പോലും കാണിക്കാതെ ഗുണ്ടായിസം കാണിക്കുകയാണ് പ്രശാന്ത് ശിവന്‍ ചെയ്തത്-എന്നാണ് ഡിവൈഎഫ്‌ഐയുടെ പ്രസ്താവന.

പ്രശാന്ത് ശിവന്റെ പെരുമാറ്റത്തിലൂടെ ആര്‍എസ്എസിന് കൂടുതല്‍ സ്വാധീനം ഉണ്ടായാല്‍ സംഭവിക്കാവുന്ന അപകടത്തിന്റെ സൂചനയാണ് കാണിക്കുന്നത്. അസഹിഷ്ണുതയുടെയും അക്രമത്തിന്റെയും ആശയധാര പേറുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ നിരന്തരമായി നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷത്തെ ആക്രമിച്ച് അഭിപ്രായങ്ങളെ ഇല്ലാതാക്കാം എന്ന് കരുതുന്ന ഇത്തരം ജനാധിപത്യവിരുദ്ധരായ സംഘപരിവാര്‍ നേതൃത്വത്തെ ജനം തിരിച്ചറിയും. ഇത്തരം കയ്യേറ്റങ്ങളെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും. പി എം ആര്‍ഷോക്കെതിരെയുള്ള പ്രശാന്ത് ശിവന്‍ നടത്തിയ കയ്യേറ്റത്തില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി പ്രസ്താനവയില്‍ അറിയിച്ചു.

ചെറിയ കോട്ടമൈതാനത്ത് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് സംവാദത്തിനിടെയാണ് സംഭവം. ചര്‍ച്ചയ്ക്കിടെ പ്രശാന്ത് ശിവന്‍ അസഭ്യവര്‍ഷം നടത്തിയത് ചോദ്യം ചെയ്തതോടെ ഡയസില്‍നിന്ന് ഇറങ്ങി വന്ന് പിടിച്ചുതള്ളുകയായിരുന്നു. തുടക്കം മുതല്‍ ചര്‍ച്ചകളില്‍ പാലിക്കേണ്ട സാമാന്യ മര്യാദകള്‍ പാലിക്കാതെയായിരുന്നു പ്രശാന്ത് ശിവന്റെ സംസാരം. അപക്വമായ പെരുമാറ്റവും സഭ്യതയില്ലാത്ത വാക്കുകളും അവതാരകനെ ഉള്‍പ്പെടെ അലോസരപ്പെടുത്തി. മാന്യമായി സംസാരിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും അസഭ്യം പറയുന്നത് തുടര്‍ന്നു. ആര്‍ഷോയെ തള്ളിയതോടൊപ്പം സമീപത്തുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകര്‍ സംഘര്‍ഷം സൃഷ്ടിക്കാനും ശ്രമിച്ചു. കസേരകള്‍ വലിച്ചെറിഞ്ഞു. പൊലീസ് ഇടപെട്ട് സ്ഥിതിഗതി നിയന്ത്രണ വിധേയമാക്കി. ഇതോടെ ചാനല്‍ പരിപാടി അവസാനിപ്പിച്ചുവെന്ന് ഡിവൈഎഫ്‌ഐ പറയുന്നു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മനോരമ ന്യൂസ് നടത്തിയ ചര്‍ച്ചക്കിടെ ഏറ്റുമുട്ടി ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആര്‍ഷോയും എന്നായിരുന്നു മനോരമ വാര്‍ത്ത. പാലക്കാട് കോട്ട മൈതാനിയില്‍ സംഘടിപ്പിച്ച 'വോട്ടുകവല'യില്‍ വച്ചാണ് ഇരുനേതാക്കളും പരസ്പരം കൊമ്പുകോര്‍ത്തത്. പിന്നാലെ സിപിഎം.-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം ഉണ്ടായി. ചര്‍ച്ചക്കിടെ പ്രശാന്ത് ശിവനും പി.എം. ആര്‍ഷോയും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയില്‍ എത്തുകയായിരുന്നുവെന്ന് മനോരമ വിശദീകരിച്ചിരുന്നു. എന്നാല്‍ കൈയ്യേറ്റം അര്‍ഷോയ്‌ക്കെതിരെ മാത്രമാണെന്നാണ് ഡിവൈഎഫ്‌ഐ പറയുന്നത്.

സിപിഎം പാലക്കാട് നഗരസഭയില്‍ പത്ത് സീറ്റ് നേടിയാല്‍ താന്‍ രാഷ്ട്രീയം നിര്‍ത്തുമെന്ന് പ്രശാന്ത് ശിവന്റെ വെല്ലുവിളിയാണ് ബഹളത്തിന് തുടക്കമിട്ടത്. പ്രശാന്ത് ശിവന്‍ മോശമായ പദപ്രയോഗം നടത്തിയെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ എഴുന്നേറ്റതോടെ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. ഇതിനിടെ നേതാക്കന്‍മാര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പൊലീസ് ഇടപെട്ടാണ് രംഗം പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയതെന്നാണ് വാര്‍ത്ത.