തൃശ്ശൂര്‍: സിപിഎം നേതാക്കള്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുയര്‍ത്തുന്ന ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദസന്ദേശം പാര്‍ട്ടി നേതൃത്വത്തിന് കുരുക്കാവുന്നു. നേരത്തേ കരുവന്നൂര്‍ കേസില്‍ പ്രതിക്കൂട്ടിലായിരുന്ന നേതാക്കള്‍ക്കെതിരെയാണ് ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദസന്ദേശമെന്നതിനാല്‍ ഇത് സിപിഎം ജില്ലാ നേതൃത്വത്തില്‍ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

എ.സി. മൊയ്തീന്‍, എം.കെ. കണ്ണന്‍, അനൂപ് ഡേവിസ് കാട എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് വിധേയമായതാണ്. ഇതെല്ലാം ശരിവെയ്ക്കുംവിധത്തിലാണ് ഇപ്പോള്‍ പുറത്തുവന്ന ശബ്ദസന്ദേശം. മണ്ണുത്തി ഏരിയാ കമ്മിറ്റിയില്‍ ചില അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നത്.

സി.പി.എം തൃശൂള്‍ നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗമായ നിബിന്‍ ശ്രീനിവാസനോട് ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദ് സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. പിന്നാലെ നിബിന്‍ ശ്രീനിവാസനെ സിപിഎം നേതൃത്വം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിക്കെതിരെ നടത്തിയ പരസ്യ പ്രസ്താവനയുടെ പേരിലാണ് നിബിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. അഴിമതി പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന ഒറ്റക്കാരണ കൊണ്ട് ഏരിയ കമ്മിറ്റിയില്‍ നിന്ന് തന്നെ ലോക്കല്‍ കമ്മിറ്റിയിലേയ്ക്ക് തരം താഴ്ത്തിയെന്ന് നിബിന്‍ പ്രതികരിച്ചിരുന്നു.

കപ്പലണ്ടി വിറ്റുനടന്ന കണ്ണന്‍ കോടിപതിയാണെന്നും എ.സി. മൊയ്തീന്റെ ഇടപാടുകള്‍ അപ്പര്‍ക്ലാസിലെ ആളുകളുമായിട്ടാണെന്നും ശബ്ദസന്ദേശത്തില്‍ ശരതിന്റെ പറയുന്നു. ഒരുഘട്ടം കഴിഞ്ഞാല്‍ സിപിഎം നേതാക്കളുടെ നിലവാരം മാറുകയാണ്. ജില്ലാ നേതൃത്വത്തില്‍ സാമ്പത്തികമായി ആര്‍ക്കും പ്രശ്നമില്ലെന്നും സന്ദേശത്തിലുണ്ട്. അഞ്ചുവര്‍ഷം മുന്‍പ് നടത്തിയ ഫോണ്‍ സംഭാഷണമാണിതെന്നാണ് ശരത്പ്രസാദ് പറയുന്നത്. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് വന്‍കിട ആളുകളുമായാണ് സാമ്പത്തിക ഇടപാടുകള്‍. കമ്മിറ്റിയിലെ ആര്‍ക്കും സാമ്പത്തികമായി പ്രശ്നങ്ങളില്ല. അതിനു പിന്നില്‍ വലിയതോതിലുള്ള പിരിവുകളാണ്. ഡിവൈഎഫ്ഐ നേതാവ് പിരിക്കുമ്പോള്‍ കിട്ടുന്ന പണമല്ല, സിപിഎം നേതൃത്വം പിരിക്കുമ്പോള്‍ കിട്ടുന്നത് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഓഡിയോ സന്ദേശത്തിലുണ്ട്.

പണ്ട് തൃശ്ശൂര്‍ ടൗണില്‍ കപ്പലണ്ടി വിറ്റുനടന്ന എം.കെ. കണ്ണന്‍ ഇപ്പോള്‍ ഏത് നിലയിലെത്തിയെന്ന് ആലോചിക്കണം. പുതുക്കാട് എംഎല്‍എ കെ.കെ. രാമചന്ദ്രന്റെ സ്ഥിതിയെപ്പറ്റി ചോദിക്കുമ്പോഴും വലിയ സാമ്പത്തിക സ്ഥിതിയിലാണ് എല്ലാവരും എന്ന് മറുപടി പറയുന്നുണ്ട്. അനൂപ് ഡേവിസ് കാട, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വര്‍ഗീസ് കണ്ടംകുളത്തി എന്നിവര്‍ക്കെല്ലാം വലിയ സാമ്പത്തിക ഇടപാടുകളുണ്ടെന്നും ശരത്പ്രസാദ് പറയുന്നു.

പിരിവ് നടത്തിയാല്‍ ഏരിയ സെക്രട്ടറിക്ക് പതിനായിരം കിട്ടുമെന്നാണ് ശരത് പറയുന്നത്. ജില്ലാ ഭാരവാഹി ആയാല്‍ ഇരുപത്തിഅയ്യായിരത്തിന് മുകളിലും പാര്‍ട്ടി കമ്മിറ്റിയിലെത്തിയാല്‍ ഒരുലക്ഷം വരെയാകും പിരിവെന്നും ഡിവൈഎഫ്‌ഐ നേതാവ് പറയുന്നു. ഡിവൈഎഫ്‌ഐതൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റേതാണ് ശബ്ദരേഖ.

നേതാക്കള്‍ വലിയ വലിയ ഡീലേഴ്‌സാണെന്നും എം.കെ. കണ്ണന് കോടാനുകോടി രൂപയുടെ സ്വത്തുണ്ടെന്നും ശബ്ദരേഖയില്‍ പറയുന്നു. രക്ഷപെട്ടത് രാഷ്ട്രീയംകൊണ്ടാണ്. കണ്ണന്‍ കപ്പലണ്ടിക്കച്ചവടം നടത്തിയിരുന്നയാള്‍. വര്‍ഗീസ് കണ്ടംകുളത്തി നടത്തുന്നത് നിസാര ഡീലല്ലെന്നും പറയുന്നു. എ.സി. മൊയ്തീന്‍ അപ്പര്‍ ക്ലാസിനിടയില്‍ ഡീല്‍ നടത്തുന്നയാളെന്നും ശബ്ദരേഖയില്‍ പറയുന്നു.