കോതമംഗലം: സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി എതിര്‍പ്പുമായി രംഗത്തുവന്നെങ്കിലും ഡിവൈഎഫ്‌ഐയുടെ പോര്‍ക്ക് ചലഞ്ച് വന്‍ ഹിറ്റ്. വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക് സ്‌നേഹവീടുകള്‍ നിര്‍മിക്കാന്‍ പണം സ്വരൂപിക്കുന്നതിനായി ഡി.വൈ.എഫ്.ഐ നടത്തിയ 'പോര്‍ക്ക് ചലഞ്ച്ാ'ണ് വന്‍ വിജയമായി മാറിയത്.

ഡി.വൈ.എഫ്.ഐ കോതമംഗലം മുനിസിപ്പല്‍ നോര്‍ത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ 517 കിലോ ഇറച്ചിയാണ് വില്‍പന നടത്തിയത്. കിലോക്ക് 375 രൂപ നിരക്കിലായിരുന്നു വില്‍പന. ചേലാട് മിനിപ്പടിയില്‍ നടന്ന പോര്‍ക്ക് ചലഞ്ചിലെ ആദ്യവില്‍പന ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എ.ആര്‍. രഞ്ജിത്ത് നിര്‍വഹിച്ചു. ജില്ല പ്രസിഡന്റ് അനീഷ് എം. മാത്യു, കെ.പി. ജയകുമാര്‍, ജിയോ പയസ് തുടങ്ങിയവര്‍ സംസാരിച്ചു.

ഞായറാഴ്ച രാവിലെ ഏഴുമുതല്‍ ഉച്ച രണ്ടുവരെ നടത്തിയ പരിപാടിയില്‍നിന്ന് ലഭിച്ച തുക സ്‌നേഹവീടുകള്‍ക്കായി കൈമാറും.വയനാടിന് കരുത്ത് പകരാന്‍ നിരവധി ചലഞ്ചുകള്‍ സംഘടിപ്പിച്ചു വരികയാണെന്നും അതിന്റെ ഭാഗമായാണ് പന്നിമാംസം കൂടുതലായി ഉപയോഗിക്കുന്ന പ്രദേശത്ത് ചലഞ്ച് സംഘടിപ്പിച്ചതെന്നും ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എല്‍ദോസ് പോള്‍ പറഞ്ഞു.

കേരള പ്രവാസി സംഘം കോതമംഗലം ഏരിയ സെക്രട്ടറിയും സി.പി.എം മിനിപ്പടി ബ്രാഞ്ച് അംഗവുമായ എ.വി സന്തോഷ് സ്‌നേഹവീടുകളുടെ നിര്‍മാണത്തിന് തന്റെ പറമ്പിലെ രണ്ട് മഹാഗണി വൃക്ഷങ്ങള്‍ ഡി.വൈ.എഫ്.ഐക്ക് കൈമാറി. ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ ജോ. സെക്രട്ടറി ആര്‍. അനില്‍ കുമാര്‍ ഏറ്റുവാങ്ങി.

പായസ ചലഞ്ച്, സ്‌ക്രാപ്പ് ചലഞ്ച് എന്നിവയിലൂടെയും മീന്‍ വില്‍പന നടത്തിയും ചായക്കട നടത്തിയും ലക്ഷക്കണക്കിന് രൂപ ഡി.വൈ.എഫ്.ഐ വയനാടിന് വേണ്ടി സമാഹരിക്കുന്നുണ്ട്. വിവിധ മേഖലകളില്‍ ബസുകളും ഓട്ടോറിക്ഷകളും തങ്ങളുടെ ദിവസവരുമാനം സ്‌നേഹവീടുകള്‍ക്കായി മാറ്റിവെച്ചിരുന്നു.

നേരത്തെ ഡിവൈഎഫ്‌ഐ പോര്‍ക്ക് ചലഞ്ചിനെതിരെ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി രംഗത്തുവന്നിരുന്നു. പന്നി മാംസം നിഷിദ്ധമായവരാണ് വയനാട്ടിലെ ദുരിത ബാധിതരില്‍ വലിയൊരു വിഭാഗം. അവരെ അവഹേളിക്കുന്നതാണ് ഡിവൈഎഫ്‌ഐ പോര്‍ക്ക് ചലഞ്ച് എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ചലഞ്ചില്‍ ഒളിച്ച് കടത്തുന്ന മതനിന്ദയെന്ന തലക്കെട്ട് ഓടെയാണ് ഫേസ്ബുക്ക് പോസ്റ്റ്.

മതനിരപേക്ഷതയെ സങ്കര സംസ്‌കാരമാക്കുന്ന ചെഗുവേരിസം. വയനാട്ടിലെ ദുരിതത്തില്‍ പെട്ടവര്‍ അധികവും പന്നി ഇറച്ചി നിഷിദ്ധമായി കരുതിയവരാണ്. അറിഞ്ഞ് കൊണ്ട് ഡിവൈഎഫ്‌ഐ കോതമംഗലം കമ്മറ്റി അത് ചലഞ്ചാക്കി ഫണ്ടുണ്ടാക്കി നല്‍കുകയാണെന്ന് പോസ്റ്റ് വിമര്‍ശിക്കുന്നു. അനുവദനീയമായ ഭക്ഷ്യം പലതും ചലഞ്ചാക്കാമായിരുന്നിട്ടിട്ടും ദുരിതരില്‍ വലിയൊരു വിഭാഗത്തിന് നിഷിദ്ധ ഭക്ഷ്യത്തിന്റെ വരുമാനമുണ്ടാക്കി ദുരിത നിവാരണം നടത്തുന്നത് സാമാന്യമായി പറഞ്ഞാല്‍ അവഹേളനമാണ്, അധിക്ഷേപമാണ്, നിന്ദയുമാണെന്നും കുറിപ്പിലുണ്ട്. അതേസമയം പോസ്റ്റിന് താഴെ രൂക്ഷവിമര്‍ശനമാണ് നേരിടേണ്ടി വന്നത്.