തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ടിലൂടെ നേടിയ വിദേശവായ്പ വകമാറ്റിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് ഇ.ഡി റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പു കാലത്ത് ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ രാഷ്ട്രയമാണ് ചര്‍ച്ചയാകുന്നത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയും രാഹുല്‍ മാങ്കൂട്ടം വിഷയവും സജീവമായിരിക്കവേയാണ് ഇഡിയും രംഗപ്രവേശനം ചെയ്തത്. 'ഫെമ' ചട്ടത്തിന്റെ ലംഘനം ആരോപിച്ചാണ് ഇഡി രംഗത്തുവന്നത്.

ഭൂമി ഏറ്റെടുക്കല്‍ രേഖകളില്‍ മുഖ്യമന്ത്രി ഒപ്പിട്ടത് ധനമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെയും കിഫ്ബി സി.ഇ.ഒ കെ.എം ഏബ്രഹാമിന്റെയും അറിവോടെയാണെന്നും ഇഡി പറയുന്നു. മസാല ബോണ്ടിലൂടെ നേടിയ വിദേശ വാണിജ്യ വായ്പയുപയോഗിച്ച് അയ്യായിരം ഏക്കറിലേറെ ഭൂമി വാങ്ങിയെന്നും ഇതില്‍ 'ഫെമ' ചട്ടത്തിന്റെ ലംഘനം ഉണ്ടെന്നുമാണ് ഇഡി കണ്ടെത്തല്‍.

ഭൂമിക്കായി 466 കോടി രൂപയാണ് ചെലവിട്ടത്. ദേശീയപാത, കുടിവെള്ളം, റെയില്‍ പദ്ധതികള്‍ക്കായാണ് ഭൂമി ഏറ്റെടുത്തത്. ഇടപാടിന്റെ വിവരങ്ങള്‍ റിസര്‍വ് ബാങ്കാണ് ഇ.ഡിക്ക് കൈമാറിയത്. തുടര്‍ന്ന് കിഫ്ബി ജോയന്റ് ഫണ്ട് മാനേജരെയും സിഇഒ കെ.എം.ഏബ്രഹാമിനെയും ചോദ്യം ചെയ്തശേഷമാണ് ഇഡി റിപ്പോര്‍ട്ട് തയാറാക്കിയത്.

ഫെമ ചട്ടലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്കുള്‍പ്പടെ ഇഡി നോട്ടിസ് നല്‍കിയിരുന്നു. ശനിയാഴ്ചയാണ് നോട്ടിസ് നല്‍കിയത്. മൂന്ന് വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലായാണ് ഇഡിയുടെ നടപടി. മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസനത്തിനായി വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇഡി പറയുന്നത്. 2019 ജനുവരിയില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗത്തിലാണ് നടപടി പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്.

വിവാദങ്ങള്‍ക്കിടെ കിഫ്ബിയെ പ്രശംസിച്ചും വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയന്‍. ദുബായില്‍ നടന്ന പ്രവാസി സംഗമത്തിലാണ് കിഫ്ബിയെ മുഖ്യമന്ത്രി പ്രശംസിച്ചത്. ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുത്തു നല്‍കാത്തതിന്റെ പിഴ അടച്ചതു പോലും കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ്. കിഫ്ബി ഉള്‍പ്പടെ കഴിഞ്ഞ 10 വര്‍ഷത്തില്‍ 1.5 ലക്ഷം കോടി രൂപ സര്‍ക്കാര്‍ ചെലവഴിച്ചെന്നും അതിന്റെ മാറ്റങ്ങളാണ് കേരളത്തില്‍ കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇ ഡി നോട്ടീസ് അസംബന്ധമാണെന്നും നോട്ടീസിന് മറുപടി നല്‍കണോ എന്ന കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുന്‍ ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഭൂമി വാങ്ങുന്നത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. കിഫ്ബി ഭൂമി ഉപയോഗിച്ച് ഊഹക്കച്ചവടം നടത്താന്‍ കഴിയില്ലെന്നും തോമസ് ഐസക് പറഞ്ഞു. ഇ ഡി നോട്ടീസില്‍ പറയുന്നത് തെറ്റായ കാര്യങ്ങളാണെന്ന് കിഫ്ബി സിഇഒ കെ എം എബ്രഹാമും പറഞ്ഞു. ഏത് പരിശോധനയ്ക്കും തയ്യാറാണ്. മറയ്ക്കാനും ഒളിക്കാനും ഒന്നുമില്ല. ഫെമ നിയമം അടക്കം ഒരു നിയമവും തെറ്റിച്ചിട്ടില്ല. മസാല ബോണ്ട് വരുമാനത്തിന്റെ വിഹിതം നിയമപരമായി മാത്രമേ വിനിയോഗിച്ചിട്ടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫ്ബി മസാല ബോണ്ട് കേസില്‍ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക്ക്, കിഫ്ബി ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇ ഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇ ഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കല്‍ നോട്ടീസ്. ഇ ഡി അന്വേഷണത്തില്‍ ഫെമ ചട്ട ലംഘനം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയത്. കിഫ്ബി ഹാജരാക്കിയ രേഖകളടക്കം പരിശോധിച്ചാണ് ഇ ഡിയുടെ നിര്‍ണായക നീക്കം.