ന്യൂഡല്‍ഹി: ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ എം.പിക്കെതിരേ പകപോക്കല്‍ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. വധശ്രമക്കേസില്‍ കേരളം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. കേസില്‍ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനം അപ്പീല്‍ നല്‍കിയത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

ഇ.പി. ജയരാജന്‍ വധശ്രമക്കേസില്‍ ഗൂഢാലോചനാ കുറ്റമായിരുന്നു കെ. സുധാകരനെതിരെ ചുമത്തിയിരുന്നത്. എന്നാല്‍, സുധാകരനെതിരേ തെളിവുകള്‍ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. അതേസമയം, അദ്ദേഹത്തിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നു.

ആന്ധ്രാപ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ട് പേര്‍ മാത്രമാണ് വിചാരണ നേരിട്ടത്. ഗൂഢാലോചനയില്‍ സുധാകരന്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് കേരള പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയതാണ്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നാണ് ആവശ്യം. സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദ് ആണ് സര്‍ക്കാരിന്റെ അപ്പീല്‍ സമര്‍പ്പിച്ചത്.

1995 ഏപ്രില്‍ 12-നാണ് ഇ.പി. ജയരാജനെതിരേ വധശ്രമം നടന്നത്. ചണ്ഡിഗഢില്‍നിന്ന് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തീവണ്ടിയില്‍ കേരളത്തിലേക്ക് മടങ്ങവെയായിരുന്നു ആക്രമണം. രാവിലെ പത്തുമണിയോടെ ഇ.പി. ജയരാജന്‍ തീവണ്ടിയിലെ വാഷ് ബേസിനില്‍ മുഖംകഴുകുന്നതിനിടെ ഒന്നാംപ്രതിയായ വിക്രംചാലില്‍ ശശി വെടിയുതിര്‍ക്കുകയായിരുന്നു.

ഇ.പി. ജയരാജന്റെ കഴുത്തിനാണ് വെടിയേറ്റത്. ശശിക്കുപുറമേ പേട്ട ദിനേശന്‍, ടി.പി. രാജീവന്‍, ബിജു, കെ. സുധാകരന്‍ എന്നിവരാണ് കേസിലെ മറ്റുപ്രതികള്‍. പ്രതികള്‍ തിരുവനന്തപുരത്ത് താമസിച്ച് ഗൂഢാലോചന നടത്തിയെന്നും തുടര്‍ന്ന് ശശിയെയും ദിനേശനെയും ജയരാജനെ ആക്രമിക്കാന്‍ നിയോഗിച്ചെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്.

വെടിവെപ്പ് സംഭവം നടന്ന് 3 പതിറ്റാണ്ടോളമായപ്പോഴാണു സുധാകരന് ആശ്വാസവിധി ലഭിക്കുന്നത്. 1995 ഏപ്രില്‍ 12നു ചണ്ഡിഗഡില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞു രാജധാനി എക്‌സ്പ്രസില്‍ മടങ്ങുമ്പോള്‍, ആന്ധ്രയിലെ നെല്ലൂര്‍ ഭാഗത്തു വച്ചാണ് ജയരാജനു വെടിയേറ്റത്. കേരളത്തിലെയും ആന്ധ്രയിലെയും എഫ്‌ഐആറുകള്‍ പരിശോധിച്ച ഹൈക്കോടതി, രണ്ടും ഒരേ സംഭവവുമായി ബന്ധപ്പെട്ടതാണെന്നു വിലയിരുത്തി. രണ്ടിലും തൈക്കാട് ഗെസ്റ്റ് ഹൗസില്‍ ഗൂഢാലോചന നടന്നെന്നാണ് ആരോപണം.

കേസില്‍ ഒന്നും രണ്ടും പ്രതികളായ പേട്ട ദിനേശന്‍, വിക്രം ചാലില്‍ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി തന്നെയും കുറ്റമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരന്‍ തിരുവനന്തപുരം അഡിഷണല്‍ സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, അദ്ദേഹം ഗൂഢാലോചയില്‍ പങ്കാളിയായതിനു തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹരജി വിചാരണ കോടതി തള്ളുകയായിരുന്നു. തുടര്‍ന്നാണ് സുധാകരന്‍ ഹൈക്കോടതിയെ സമീപിച്ചതും അനുകൂല വിധി നേടിയതും.