കൊച്ചി: ഭാരതപ്പുഴയ്ക്കുകുറുകെയുള്ള നിര്‍ദിഷ്ട തിരുനാവായ-തവനൂര്‍ പാലത്തിന്റെ നിലവിലെ അലൈന്‍മെന്റിനെതിരെ മെട്രമോന്‍ ഇ ശ്രീധരന്‍ ഹൈക്കോടതിയില്‍. പാലത്തിന്റെ നിര്‍മാണം ഞായറാഴ്ച തുടങ്ങാനിരിക്കവേയാണ് നിര്‍മാണത്തിനെതിരെ മെട്രോമാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള തിരുനാവായ -തവനൂര്‍ പാലം പുനഃസ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍ പരിഗണിക്കാത്ത സംസ്ഥാന സര്‍ക്കാരിന്റെ പരാജയത്തെ ചോദ്യം ചെയ്തുകൊണ്ടാണ് ഇ ശ്രീധരന്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി (പിഎല്‍) കേരള ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍, നിലവിലെ അലൈന്‍മെന്റിനെതിരെ ഇ ശ്രീധരന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സ്റ്റേ നല്‍കിയില്ല. വിഷയത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി, ഹര്‍ജി 12ന് പരിഗണിക്കാന്‍ മാറ്റി. ഭാരതപ്പുഴയുടെ തീരത്തുള്ള ക്ഷേത്രങ്ങളുടെ മതപരമായ പവിത്രതയെ ബാധിക്കാതെ കേരള സര്‍ക്കാര്‍ പാലം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടാണ് താന്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. നിര്‍മ്മാണത്തെ എതിര്‍ക്കുമ്പോഴും, അലൈന്‍മെന്റ് പുനര്‍നിര്‍മ്മിക്കുന്നതിനായി തന്റെ സേവനം സൗജന്യമായി കേരള സര്‍ക്കാരിന് വാഗ്ദാനം ചെയ്യുകയും അവസരം ലഭിച്ചാല്‍ അത് എങ്ങനെ ചെയ്യുമെന്ന് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ അലൈന്‍മെന്റ് രീതി നടപ്പിലാക്കിയാല്‍ അത് ചെലവ് കുറഞ്ഞതായിരിക്കുമെന്നും ഇ ശ്രീധരന്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മരുമകന്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനും കത്തെഴുതിയെങ്കിലും പ്രതികരണം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇ ശ്രീധരന്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് 92 കാരനായ മെട്രോ മാന്റെ ഹര്‍ജി പരിഗണിച്ച് മൊഴി നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചത്. ഭാരതപ്പുഴയുടെ വടക്കേ കരയിലുള്ള മലപ്പുറം ജില്ലയിലെ തിരുനാവായയിലെ മഹാവിഷ്ണു ക്ഷേത്രത്തെ നിര്‍ദിഷ്ട പാലം മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നതാണ് നിര്‍ദിഷ്ട പാലമെന്നറിഞ്ഞതിനെ തുടര്‍ന്നാണ് ഇ ശ്രീധരന്‍ വിഷയം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

ഇത് മതവിശുദ്ധിയെ ബാധിക്കുമെന്നും ഹിന്ദു ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുമെന്നും അദ്ദേഹം മനസ്സിലാക്കി. പാലത്തിന്റെ നിലവിലെ അലൈന്‍മെന്റ് ഓഫീസ് സമുച്ചയത്തെ വിഭജിക്കുകയും 'കേരള ഗാന്ധി' എന്ന് വിളിക്കപ്പെടുന്ന അന്തരിച്ച കെ കേളപ്പന്റെ സമാധിയിലേക്ക് കടന്നുകയറുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബദല്‍ അലൈന്‍മെന്റ് കൂടി പരിഗണിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ചൂണ്ടിക്കാട്ടിയ ഇ ശ്രീധരന്‍ ഞായറാഴ്ച നിര്‍മാണം ആരംഭിക്കുമെന്ന് കോടതിയെ അറിയിച്ചു.

നിലവിലെ അലൈന്‍മെന്റുപ്രകാരം ക്ഷേത്രഭൂമി ആവശ്യമില്ലെന്നും കേളപ്പജി സ്മാരകത്തിന് പ്രശ്നമുണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇ ശ്രീധരന്‍ 2022ല്‍ പാലത്തിനായി ഒരു അലൈന്‍മെന്റ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ചെലവ് കുറഞ്ഞ ആ രൂപരേഖ പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.