- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയില്‍ പൂശേണ്ടിയിരുന്ന 24 കാരറ്റ് സ്വര്‍ണ്ണത്തിന് പകരം നിലവാരം കുറഞ്ഞ ലോഹങ്ങള്‍ ഉപയോഗിച്ചതിലൂടെ ലാഭിച്ച കോടികള്‍ ഹവാല ഇടപാടുകള്‍ക്കായി ഉപയോഗിച്ചോ എന്ന് ഇഡി പരിശോധിക്കും; അയ്യപ്പന്റെ 'മുതല്‍ കട്ടവരുടെ' സ്വത്തെല്ലാം ഖജനാവിലേക്ക് കണ്ടു കെട്ടും; കേന്ദ്ര ഏജന്‍സി ചടുലമായ നീക്കങ്ങളിലേക്ക്; വമ്പന്‍ സ്രാവുകള്‍ക്ക് ഇനി കഷ്ടക്കാലം
കൊച്ചി: ശബരിമല സന്നിധാനത്തെ സ്വര്‍ണ്ണ ഉരുപ്പടികള്‍ കാണാതായതുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് പ്രത്യേക സംഘത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലേക്ക്. അതിനിടെ ശബരിമലയിലെ സ്വര്‍ണ്ണ ഉരുപ്പടികള്‍ കടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നേരിട്ട് ഏറ്റെടുത്തതോടെ ഉന്നത ഉദ്യോഗസ്ഥരും ഇടനിലക്കാരും കടുത്ത ആശങ്കയിലാണ്. കേസ് ഫയലുകള്‍ കൈമാറാന്‍ കൊല്ലം വിജിലന്‍സ് കോടതി ഉത്തരവിട്ടതിന് പിന്നാലെ, കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ണ്ണായക യോഗം ചേര്‍ന്നു. സ്വര്‍ണ്ണപ്പാളികള്‍ മോഷ്ടിച്ച് പകരം ചെമ്പ് പാളികള്‍ വെച്ചതിലൂടെ ലഭിച്ച കോടിക്കണക്കിന് രൂപ എങ്ങോട്ടേക്ക് ഒഴുകി എന്നതിലാണ് ഇ.ഡി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഹവാല ഇടപാടുകളിലൂടെ ഈ പണം വിദേശത്തേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ കടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രത്യേക സാമ്പത്തിക വിദഗ്ധരുടെ സഹായം ഇ.ഡി തേടിയിട്ടുണ്ട്. നിലവില്‍ ജയിലിലുള്ള പ്രതികളായ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെയും മറ്റുള്ളവരെയും ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി തേടും. ഇതിനുശേഷം ഇവരുടെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ പരിശോധിക്കും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കേസ് എടുത്തതോടെ, പ്രതികളുടെയും അവരുടെ ബിനാമികളുടെയും പേരിലുള്ള ഭൂമി, ബാങ്ക് നിക്ഷേപം തുടങ്ങിയ ആസ്തികള്‍ കണ്ടുകെട്ടാനുള്ള നടപടികള്‍ ഇ.ഡി ഉടന്‍ ആരംഭിക്കും. ഇത് മുന്‍ ദേവസ്വം ഭരണസമിതി അംഗങ്ങളിലേക്കും ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളുന്നതിന്റെ സൂചനയാണ്.
അതേസമയം, കേസുമായി ബന്ധപ്പെട്ട ചില പ്രധാന രേഖകള്‍ ദേവസ്വം ബോര്‍ഡ് ഓഫീസില്‍ നിന്ന് കാണാതായത് അന്വേഷണ സംഘം ഗൗരവത്തോടെയാണ് കാണുന്നത്. ഇതില്‍ അട്ടിമറി നടന്നിട്ടുണ്ടോ എന്നറിയാന്‍ ഡിജിറ്റല്‍ തെളിവുകള്‍ ഇ.ഡി വീണ്ടെടുക്കും. ഒളിവില്‍ കഴിയുന്ന ചില പ്രതികള്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനും നീക്കമുണ്ട്. സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഇതുവരെ ശേഖരിച്ച തെളിവുകള്‍ അപൂര്‍ണ്ണമാണെന്ന വിലയിരുത്തലിലാണ് കേന്ദ്ര ഏജന്‍സി. വരും ദിവസങ്ങളില്‍ സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമിലും ഭണ്ഡാരത്തിലും ഇ.ഡി ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിശോധന നടത്തും. സ്വര്‍ണ്ണ പാളികളുടെ സാമ്പിളും പരിശോധിക്കും.
കേസ് ഫയലുകള്‍ വിട്ടുകിട്ടാന്‍ കൊല്ലം വിജിലന്‍സ് കോടതിയില്‍ നിന്ന് ഉത്തരവ് സമ്പാദിച്ച ഇ.ഡി, ഈ കേസില്‍ നേരിട്ട് എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തു. സ്വര്‍ണ്ണപ്പാളികള്‍ ഉരുക്കി വിറ്റതിലൂടെ ലഭിച്ച പണം രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിലുള്ള ഉന്നതര്‍ക്ക് വീതം വെച്ചു നല്‍കിയിട്ടുണ്ടെന്ന നിഗമനത്തിലാണ് കേന്ദ്ര ഏജന്‍സി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ കര്‍ശനമായ വകുപ്പുകള്‍ പ്രകാരമാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. പ്രതികളായ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു, മുന്‍ തിരുവാഭരണം കമ്മീഷണര്‍ ബൈജു എന്നിവരുടെ പങ്ക് സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ട് ഇ.ഡി വിശദമായി വിശകലനം ചെയ്തു വരികയാണ്.
ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയുമായി ഇവര്‍ നടത്തിയ രഹസ്യ കൂടിക്കാഴ്ചകളുടെ വിവരങ്ങളും ഡിജിറ്റല്‍ തെളിവുകളും ഇ.ഡി ശേഖരിച്ചു കഴിഞ്ഞു. ക്ഷേത്രത്തില്‍ പൂശേണ്ടിയിരുന്ന 24 കാരറ്റ് സ്വര്‍ണ്ണത്തിന് പകരം നിലവാരം കുറഞ്ഞ ലോഹങ്ങള്‍ ഉപയോഗിച്ചതിലൂടെ ലാഭിച്ച കോടികള്‍ ഹവാല ഇടപാടുകള്‍ക്കായി ഉപയോഗിച്ചോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്. പ്രതികളുടെ ബിനാമി ആസ്തികളെക്കുറിച്ച് പ്രാഥമിക അന്വേഷണം പൂര്‍ത്തിയായതായും, ഉടന്‍ തന്നെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള 'അറ്റാച്ച്മെന്റ്' നടപടികള്‍ തുടങ്ങുമെന്നും ഇ.ഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
സന്നിധാനത്തെ സ്‌ട്രോങ്ങ് റൂമില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥരുടെ കാലയളവില്‍ കാണാതായ സ്വര്‍ണ്ണത്തിന്റെ വിവരങ്ങളും ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. രജിസ്റ്ററുകളില്‍ വരുത്തിയ തിരുത്തലുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും. സ്വര്‍ണ്ണത്തിന്റെ ശുദ്ധി പരിശോധിക്കാന്‍ കേന്ദ്ര ലബോറട്ടറിയുടെ സഹായം തേടാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന പോലീസ് അന്വേഷണത്തില്‍ പുറത്തുവരാത്ത ചില ഉന്നതരുടെ പേരുകള്‍ പങ്കജ് ഭണ്ഡാരിയുടെ മൊഴിയില്‍ ഉള്ളതായാണ് വിവരം.
ഇവരെ ചോദ്യം ചെയ്യുന്നതിനായി ഇ.ഡി ഉടന്‍ നോട്ടീസ് അയക്കും. വരും ദിവസങ്ങളില്‍ ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഓഫീസിലും ദേവസ്വം ഓഫീസുകളിലും ഇ.ഡി മിന്നല്‍ പരിശോധന നടത്താന്‍ സാധ്യതയുണ്ട്.




