- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
സൂംബക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയ ടി കെ അഷ്റഫിനെ 24 മണിക്കൂറിനകം സസ്പെന്‍ഡ് ചെയ്യണം; നടപടി ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ്; 'പ്രതികരണബോധമുള്ള അധ്യാപകരെ നിശബ്ദമാക്കാനുള്ള ശ്രമം; കള്‍ച്ചറല്‍ ഫാസിസത്തിനെതിരെയുള്ള പോരാട്ടം തുടരും; നടപടിക്കെതിരെ വിസ്ഡം
സൂംബക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയ ടി കെ അഷ്റഫിനെ 24 മണിക്കൂറിനകം സസ്പെന്‍ഡ് ചെയ്യണം
കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബാ ഡാന്‍സ് പദ്ധതിയെ വിമര്‍ശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി കെ അഷ്റഫിനെതിരെ നടപടിയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറാണ്, അഷ്റഫ് ജോലി ചെയ്യുന്ന സ്‌കൂള്‍ മാനേജര്‍ക്ക് നടപടി എടുക്കാന്‍ ആവശ്യപ്പെട്ട് കത്തു നല്‍കിയത്.
അഷ്റഫിനെതിരെ സസ്പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സര്‍ക്കാരിനെയും പൊതുവിദ്യാഭ്യാസ വകുപ്പിനെയും അപകീര്‍ത്തിപ്പെടുത്തും വിധം ടി കെ അഷ്റഫ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടുവെന്ന് കത്തില്‍ പറയുന്നു. അഷ്റിന്റെ എഫ്ബി പോസ്റ്റും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാംപെയിനിന്റെ ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാന്‍സ് പദ്ധതിക്കെതിരെ ടി കെ അഷ്റഫ് ആയിരുന്നു ആദ്യം പരസ്യമായി വിമര്‍ശനം ഉന്നയിച്ചത്. പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടിക്കലര്‍ന്ന് അല്‍പ്പവസ്ത്രം ധരിച്ച് സംഗീതത്തിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. താന്‍ ഈ കാര്യത്തില്‍ പ്രാകൃതനാണെന്നും അഷ്റഫ് അഭിപ്രായപ്പെട്ടിരുന്നു.
സൂംബ പദ്ധതിയെ വിമര്‍ശിച്ചതിന് ടി അഷ്റഫിനെതിരെ നടപടി സ്വീകരിക്കാനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വിമര്‍ശിച്ചു. ജെന്‍ഡര്‍ സാമൂഹ്യ നിര്‍മ്മിതിയാണ്' എന്ന ആശയം ലൈംഗിക അരാജകത്വങ്ങള്‍ക്കുള്ള ഒരു തുറന്ന വാതിലാണ് എന്നും സംഘടന കുറ്റപ്പെടുത്തി. സമൂഹത്തെ നേര്‍വഴി നടത്താന്‍ നിയോഗിതരായ പ്രതികരണ ശേഷിയുള്ള അധ്യാപക വിഭാഗത്തെ നിശബ്ദമാക്കാനുള്ള ശ്രമമാണിതെന്ന് വിസ്ഡം പ്രസിഡന്റ് പി.എന്‍.അബ്ദുല്‍ ലത്തീഫ് മദനി പ്രസ്താവനയില്‍ പറഞ്ഞു.
അധ്യാപകനും വിസ്ഡം ജനറല്‍ സെക്രട്ടറിയുമായ ടി.കെ അഷ്‌റഫിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കത്ത് നല്‍കിയതിന് പിന്നാലെയാണ് പ്രതികരണം. ' മുഖ്യധാരയിലുള്ള ഒരു സംഘടനയുടെ സംസ്ഥാന ഭാരവാഹി എന്ന നിലയില്‍, ജനാധിപത്യപരമായി വിമര്‍ശനം ഉന്നയിച്ചപ്പോള്‍ തന്നെ, മന്ത്രിയടക്കമുള്ളവരില്‍ നിന്നുള്ള പരിഹാസങ്ങളും ഒറ്റപ്പെടുത്തിയുള്ള വേട്ടയാടലുകളുമുണ്ടായി. ജനാധിപത്യ അവകാശങ്ങളെ ഹനിക്കുന്നതും, പൊതുവിദ്യാലയങ്ങളെ ഗ്രസിക്കുന്നതുമായ ഈ കള്‍ച്ചറല്‍ ഫാസിസത്തിനെതിരെ ജാതി-മത-ഭേദമന്യേ ശബ്ദിച്ചില്ലെങ്കില്‍ നാളെ നമ്മുടെ മക്കളെയും തേടിവരും.
ഇത് അടുത്ത തലമുറക്ക് വേണ്ടിയുള്ള പോരാട്ടമാണ്. നാടിന്റെ ധാര്‍മിക സംസ്‌കാരവും മൂല്യബോധവും നിലനിന്ന് കാണണമെന്നാഗ്രഹിക്കുന്ന എല്ലാവര്‍ക്കുമൊപ്പം ചേര്‍ന്നുനിന്ന് ഈ ആശയ പോരാട്ടത്തില്‍ വിജയം വരിക്കുന്നത് വരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മുന്നോട്ട് പോകും'- അബ്ദുല്‍ ലത്തീഫ് മദനി വ്യക്തമാക്കി.
സൂംബ ഡാന്‍സ് പരിപാടിക്കെതിരെ ആദ്യമായി വിമര്‍ശനവുമായി രംഗത്തെത്തിയത് ടി.കെ അഷ്‌റഫായിരുന്നു. സൂംബ ഡാന്‍സ് കളിക്കണമെന്ന നിര്‍ദേശം പാലിക്കാന്‍ തയാറല്ലെന്നും ഒരു അധ്യാപകനെന്ന നിലയില്‍ താന്‍ വിട്ടുനില്‍ക്കുകയാണെന്നും ഈ വിഷയത്തില്‍ ഏത് നടപടിയും നേരിടാന്‍ താന്‍ തയാറാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു.
'ഞാന്‍ പൊതു വിദ്യാലയത്തിലേക്ക് എന്റെ കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ്. ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തില്‍ തുള്ളുന്ന സംസ്‌കാരം പഠിക്കാന്‍ വേണ്ടിയല്ല. ഇത് പുരോഗമനമായി കാണുന്നവര്‍ ഉണ്ടായേക്കാം. ഞാന്‍ ഈ കാര്യത്തില്‍ പ്രാകൃതനാണ്. ഈ പരിപാടിയോട് മാനസികമായി യോജിക്കാത്ത ധാരാളം അധ്യാപകരും വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉണ്ട്. പ്രതികരിച്ചാല്‍ എന്താകുമെന്ന ഭീതിയാണ് പലരെയും അസ്വസ്ഥരാക്കുന്നത്.
ഇത് ചെയ്തില്ലെങ്കില്‍ ഡിപ്പാര്‍ട്ട്‌മെന്റിന് വിശദീകരണം നല്‍കേണ്ടി വരുമെന്നും നടപടി വരുമെന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാന്‍ ശ്രമിക്കുന്നതും ശ്രദ്ധയില്‍ പെട്ടു. ഇതില്‍ നിന്ന് മാറി നിന്നാല്‍ എന്താണ് സര്‍ക്കാര്‍ എടുക്കുന്ന നടപടിയെന്ന് അറിയാന്‍ വേണ്ടി തന്നെയാണ് പരസ്യമായി ഈ നിലപാട് പറയുന്നത്. വിദ്യാഭ്യാസ രംഗത്തുള്ള ഈ ഭയപ്പെടുത്തല്‍ ബ്രൈക്ക് ചെയ്തില്ലെങ്കില്‍ ഇതിലും വലിയ പ്രതിസന്ധികള്‍ക്ക് നാം തല വെച്ച് കൊടുക്കേണ്ടി വരും.'- എന്നാണ്, ടി.കെ അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചത്.