പത്തനംതിട്ട: സ്പീക്കർ ഷംസീറിന്റെ പ്രസ്താവനയോടെ തുടങ്ങിയ സർക്കാരിന്റെ ഗണപതിപ്പേടി തീരുന്നില്ല! വിനായക ചതുർഥിയോട് അനുബന്ധിച്ച് നടത്തുന്ന ഗണേശ ചിത്രരചനാ മത്സരത്തിന് വേദിയായി തീരുമാനിച്ചിരുന്ന സർക്കാർ സ്‌കൂൾ അവസാന നിമിഷം കൊടുക്കാൻ പറ്റില്ലെന്ന് അറിയിച്ചു. സംഘാടകർ പെട്ടെന്ന് തന്നെ പുതിയ വേദി കണ്ടുപിടിച്ചെങ്കിലും ഇരുന്നൂറോളം കുട്ടികൾക്ക് സുഗമമായി ഇരുന്നു വരയ്ക്കാനുള്ള സൗകര്യം ലഭിച്ചില്ല.

ആറന്മുള ഗവ. ഹൈസ്‌കൂളിൽ കഴിഞ്ഞ 12 വർഷമായി നടന്നിരുന്ന പരിപാടിക്കാണ് ഇക്കുറി അവസാന നിമിഷം അനുമതി വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചത്. ആറന്മുള മൂർത്തിട്ട ഗണപതി ക്ഷേത്രത്തിലെ ഗണേശോത്സവത്തിന്റെ ഭാഗമായാണ് സ്‌കൂൾ വിദ്യാർത്ഥികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നത്.

ഗണപതിയുടെ ചിത്രം മാത്രമാണ് വരയ്ക്കാനുള്ള വിഷയം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലധികം കുട്ടികൾ മത്സരത്തിന് രജിസ്റ്റർ ചെയ്തിരുന്നു. രാവിലെ രക്ഷാകർത്താക്കൾക്കൊപ്പം മത്സരാർഥികൾ എത്തിയപ്പോഴാണ് വേദി മാറ്റിയ വിവരം അറിയുന്നത്. പിടിഎയുടെ അനുമതിയോടെയാണ് മത്സരത്തിന് വേദി വിട്ടു കൊടുത്തിരുന്നത്. ഈ വിവരം മാധ്യമങ്ങളിലൂടെ അറിയിച്ചത് കണ്ടാണ് മത്സരാർഥികൾ എത്തിയത്.

സ്‌കൂൾ അനുവദിക്കാൻ കഴിയില്ലെന്ന് ഇന്നലെയാണ് അധികൃതർ പറയുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും അനുമതി കിട്ടിയില്ലെന്ന കാരണമാണ് ഇവർ പറഞ്ഞത്. ഇതോടെ മല്ലപ്പുഴശേരി കരയോഗ ഹാളിൽ പെട്ടെന്ന് സൗകര്യം ഒരുക്കി. എന്നാൽ ഇത്രയും മത്സരാർഥികൾക്ക് ഈ സ്ഥലം മതിയാകുമായിരുന്നില്ല. ചിലർ മുറ്റത്തിരുന്നാണ് വരച്ചത്. ആറന്മുള പൊലീസ് ഇൻസ്പെക്ടർ സി.കെ. മനോജ് മത്സരം ഉദ്ഘാടനം ചെയ്തു.