കൊയ്‌റോ: പുരാതന ഈജിപ്ഷ്യന്‍ നാഗരികതയുടെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളില്‍ ഒന്നിനെ ഈജിപ്ത് പുനഃസ്ഥാപിച്ചു. മൂവായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂകമ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച ഏറ്റവും മനോഹരമായ രണ്ട് സ്മാരകങ്ങളാണ് മനോഹരമായി പുനഃസ്ഥാപിച്ചത്. മെംനോണിലെ കൊളോസി എന്നറിയപ്പെടുന്ന അപ്പര്‍ ഈജിപ്തിലെ ചരിത്ര നഗരമായ ലക്സറില്‍ നൈല്‍ നദിയുടെ മറുവശത്തുള്ള രണ്ട് ഭീമന്‍ അലബാസ്റ്റര്‍ പ്രതിമകളാണ് ഇവ. ഏകദേശം 50 അടി ഉയരമുള്ള ഇവ ഓരോന്നും ബിസി 1391 മുതല്‍ പുരാതന ഈജിപ്ത് ഭരിച്ചിരുന്ന ശക്തനായ ഫറവോയായ ആമെന്‍ഹോടെപ് മൂന്നാമനെ പ്രതിനിധീകരിക്കുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ഈജിപ്ഷ്യന്‍ നാഗരികതയുടെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലുകളില്‍ ഒന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അറ്റകുറ്റപ്പണികള്‍ നടത്തിയ പ്രതിമകള്‍ അനാഛാദനം ചെയ്തത്. ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ നീണ്ടുനിന്ന ഒരു നവീകരണ പദ്ധതിയുടെ ഭാഗമായി അവ പുനഃസ്ഥാപിക്കുകയും വീണ്ടും കൂട്ടിച്ചേര്‍ക്കുകയും യഥാര്‍ത്ഥ സ്ഥാനത്തേക്ക് ഉയര്‍ത്തുകയും ചെയ്തു. ആമെന്‍ഹോടെപ് മൂന്നാമന്‍ പുരാതന ഈജിപ്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയായിരുന്നു. സ്വന്തം രാജ്യത്തെ ഉന്നതിയില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നാണ് കരുതപ്പെടുന്നത്.

അദ്ദേഹത്തെ ദൈവതുല്യനായിട്ടാണ് അന്നത്തെ ജനങ്ങള്‍ കണക്കാക്കിയിരുന്നത്. ഓസ്‌ട്രേലിയയിലെ ഫ്ലിന്‍ഡേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ പുരാവസ്തു ഗവേഷകനായ മൈക്കല്‍ ഹാബിച്റ്റ്, അദ്ദേഹം 'സമാധാനം പ്രോത്സാഹിപ്പിക്കുകയും ഏറ്റവും വലിയ സാമ്പത്തിക അഭിവൃദ്ധിയുടെ കാലഘട്ടത്തില്‍ ജീവിക്കുകയും ചെയ്തു' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അക്കാലത്തെ ഏറ്റവും സമ്പന്നനായ ഭരണാധികാരിയും ആമെന്‍ഹോടെപ് മൂന്നാമന്‍ ആയിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. മെംനോണിലെ കൊളോസി യഥാര്‍ത്ഥത്തില്‍ ബിസി 1350-ല്‍ നിര്‍മ്മിച്ചതാണ്.

ആധുനിക കെയ്‌റോയ്ക്ക് സമീപം ഖനനം ചെയ്ത ക്വാര്‍ട്‌സൈറ്റ് മണല്‍ക്കല്ല് കൊണ്ടാണ് ഇത് നിര്‍മ്മിച്ച് 420 മൈല്‍ ദൂരത്തേക്ക് കൊണ്ടു പോയത്. രണ്ട് പ്രതിമകളിലും ആമെന്‍ഹോടെപ് മൂന്നാമന്‍ കൈകള്‍ തുടകളില്‍ അമര്‍ത്തി ഇരിക്കുന്നതും, അവരുടെ മുഖങ്ങള്‍ കിഴക്കോട്ട് നൈല്‍ നദിയിലേക്കും ഉദയസൂര്യനിലേക്കും നോക്കുന്നതുമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ഫറവോന്റെ ഭരണത്തെ പ്രതീകപ്പെടുത്തുന്ന ഇരട്ട കിരീടങ്ങളും മിനുസമാര്‍ന്ന രാജകീയ കില്‍റ്റും കൊണ്ട് മൂടപ്പെട്ട വരയുള്ള 'നെംസ്' എന്ന ശിരോവസ്ത്രമാണ് പ്രതിമകള്‍ക്കുള്ളത്. ഇതിന് ഒപ്പമുള്ള മറ്റ് രണ്ട് ചെറിയ പ്രതിമകള്‍ അദ്ദേഹത്തിന്റെ ഭാര്യ ടിയെയുടേതാണ്.

ഇവയില്‍ നൂറിലവധികം ലിഖിതങ്ങളാണുള്ളത്. ബിസി 1200-ല്‍, കൊളോസിക്ക് ശക്തമായ ഭൂകമ്പം മൂലം കേടുപാടുകള്‍ സംഭവിച്ചു. ഇത് സമീപത്തുള്ള ആമെന്‍ഹോടെപ് മൂന്നാമന്റെ ശവസംസ്‌കാര സ്ഥലത്തേയും നശിപ്പിച്ചു. എന്നാല്‍ ഇതിലെ ചില ഭാഗങ്ങള്‍ കൊളോസി പുനര്‍നിര്‍മ്മിക്കുന്നതിനായി തിരികെ കൊണ്ട് വന്നിരുന്നു. പുരാതന ക്ഷേത്രങ്ങള്‍ക്കും മറ്റ് പുരാവസ്തുക്കള്‍ക്കും പേരുകേട്ടതും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തുടര്‍ച്ചയായ നഗരങ്ങളിലൊന്നായ ലക്സറിന് കൊളോസികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്.

അതേ സമയം ആമെന്‍ഹോടെപ് മൂന്നാമന്‍ നൂറുകണക്കിന് വിദേശ സ്ത്രീകളെ തന്റെ അന്തഃപുരത്തിന്റെ ഭാഗമാക്കിയിരുന്നു എന്നാണ് പറയപ്പെടുന്നത്. നാല്‍പ്പതിനും അമ്പതിനും ഇടയിലുള്ള പ്രായത്തിലാണ് അദ്ദേഹം മരിച്ചതെന്നാണ് കരുതപ്പെടുന്നത്. മകനായ അഖെനാറ്റെന്‍ നാലാമന്‍ ആയിരുന്നു പിന്‍ഗാമിയായി വന്നത്.