കാസര്‍കോട്: മലയാളികളില്‍ മിക്കവരുടെയും ജീവിതം മക്കള്‍ക്കായാണ്. മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന പലരും സ്വയം ജീവിക്കാന്‍ മറന്നുപോകുന്നു. പ്രായമാകുമ്പോള്‍ മാതാപിതാക്കളെ നോക്കാന്‍ കടപ്പെട്ടവരാണ് മക്കളെങ്കിലും അതൊന്നും വകവയ്ക്കാത്തവരും എത്രയോ. വയോജന സംരക്ഷണ നിയമം ഉണ്ടായിട്ടും, അച്ഛനയോ, അമ്മയെയോ പുറന്തള്ളുന്നവരുടെ അനുഭവകഥയും സങ്കടകരം. നീലേശ്വരം പള്ളിക്കരയില്‍ മുണ്ടേമാടിലെ പത്മനാഭന്‍(70) ദേവി(58) ദമ്പതികള്‍ക്ക് പറയാനുള്ളത് അങ്ങനെ ഒരു സങ്കടക്കഥയാണ്. മകളുടെ വിവാഹത്തിനായി എടുത്ത 16 ലക്ഷത്തിന്റെ ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ ഇരുവരും പെരുവഴിയിലായി. കേണപേക്ഷിച്ചിട്ടും മകള്‍ തിരിഞ്ഞുനോക്കിയില്ലെന്നാണ് ഇവര്‍ കണ്ണീരോടെ പറയുന്നത്.

പത്മനാഭന്‍ 2015ല്‍ ആണ് നീലേശ്വരം യൂണിയന്‍ ബാങ്കില്‍ നിന്ന് വീട് സ്ഥലവും പണയപ്പെടുത്തി 16 ലക്ഷം രൂപ ലോണെടുത്തത്. മകള്‍ സജിതയുടെ വിവാഹത്തിനും വീടിന്റെ അറ്റകുറ്റപ്പണിക്കുമായാണ് ലോണെടുത്തത്. 13 ലക്ഷം ഇതിനോടകം തിരച്ചടച്ചു. കൊവിഡ് കാലത്ത് മകന്റെ ജോലി നഷ്ടപ്പെട്ടതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. 2023ല്‍ വീട് ബാങ്ക് ജപ്തി ചെയ്തു. തുടര്‍ന്ന് പറമ്പില്‍ ടാര്‍പ്പായ വലിച്ചുകെട്ടിയ ചായിപ്പിലായിരുന്നു ഇവരുടെ താമസം.

ഇപ്പോള്‍ ഈ താല്‍ക്കാലിക ഷെഡും ബാങ്ക് അധികൃതര്‍ പൊളിച്ച് മാറ്റി. സമയപരിധി അവസാനിച്ചതോടെയാണ് പത്മനാഭന്‍ - ദേവി ദമ്പതികളെ കുടിയിറക്കിയത്. അയല്‍വാസിയായ തങ്കമണിയുടെ വീട്ടില്‍ താല്‍ക്കാലിക അഭയം നല്‍കിയിരിക്കുകയാണ് ഇരുവരും. 25 ലക്ഷത്തോളം ബാങ്കില്‍ കുടിശികയായി അടയ്ക്കണം. ജീവനൊടുക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് ദമ്പതികള്‍ പറയുന്നു.

ലോണ്‍ തിരിച്ചടയ്ക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ സജിതയെ സമീപിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് ദമ്പതികള്‍ പറയുന്നു. കഷ്ടപ്പെട്ട് ജോലി എടുത്താണ് മകളെ പഠിപ്പിച്ചത്. ജോലി കിട്ടി ഒരു രൂപ പോലും അമ്മയ്ക്കും അച്ഛനും നല്‍കിയിട്ടില്ലെന്ന് മാതാവ് ദേവി പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജില്‍ ഡെന്റല്‍ അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് സജിത. ഇവരുടെ പേരിലുള്ള ലോണിന് ഈട് വച്ചതാണ് വീട്. വഴിയോരക്കച്ചവടക്കാരനായ പത്മനാഭന്‍ ഇപ്പോള്‍ അസുഖ ബാധിതനായി ചികിത്സയിലാണ്. മകന്‍ ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.