- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയെ നഗരസഭാ ചെയര്‍പേഴ്സണ്‍ ആക്കാത്തതു കൊണ്ട് എംഎല്‍എ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ; വഴിയാധാരമായത് പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി; വെറുതേയല്ല രാഹുകാലം കഴിയാതെ സ്ഥാനമേല്‍ക്കില്ലെന്ന് പെരുമ്പാവൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പറഞ്ഞത്!
ഭാര്യയെ നഗരസഭാ ചെയര്‍പേഴ്സണ്‍ ആക്കാത്തതു കൊണ്ട് എംഎല്‍എ ഓഫീസ് പൂട്ടിച്ച് കെട്ടിട ഉടമ
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ച ഇടങ്ങളില്‍ സ്ഥാനം ലഭിക്കാതെ പോയവര്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഇപ്പോഴും പുകയുകയാണ്. സ്ഥാനം കിട്ടാത്തവര്‍ വോട്ടു ചെയ്ത ശേഷം പലരും സ്ഥാനമേല്‍ക്കുന്നത് കാണാന്‍ നില്‍ക്കാതെ സ്ഥലം കാലിയാക്കിയ സംഭവങ്ങളുമുണ്ട്. ഇതെല്ലാമാണ് അവസ്ഥ എന്നിരിക്കവേ ചില കൗതുക വാര്‍ത്തകളും പലയിടത്തു നിന്നും പുറത്തുവന്നു.
പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എക്ക് എംഎല്‍എ ഓഫീസ് നഷ്ടമായി എന്നതാണ് ഇത്തരമൊരു വാര്‍ത്ത. കെട്ടിട ഉടമയുടെ ഭാര്യ നഗരസഭയിലേക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ചിരുന്നു. ഇവരെ ചെയര്‍പേഴ്സണ്‍ ആക്കണമെന്ന ആവശ്യം നടപ്പാകാതെ വന്നതോടെയാണ് എംഎല്‍എ ഓഫീസ് എല്‍ദോസ് കുന്നപ്പള്ളിക്ക് നഷ്ടമായത്. എംഎല്‍എ ഓഫീസിന്റെ ബോര്‍ഡ് ഇളക്കി മാറ്റി. ഇവിടുത്തെ വൈദ്യുതി ബന്ധവും വിച്ഛേദിച്ചാണ് കെട്ടിട ഉടമ അരിശം തീര്‍ത്തത്.
ഡിസംബര്‍ മാസം ആദ്യമാണ് പെരുമ്പാവൂര്‍ നഗരസഭയിലെ 20ാം വാര്‍ഡിലെ വീട്ടിലേക്ക് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ ഓഫീസ് മാറ്റിയത്. അതേസമയം വാടക കരാര്‍ എഴുതിയിരുന്നില്ല. കെട്ടിട ഉടമയുടെ ഭാര്യ ജെസി എജി 20ാം വാര്‍ഡിലെ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നഗരസഭാ അധ്യക്ഷ സ്ഥാനത്തേക്ക് മൂന്ന് പേര്‍ അവകാശ വാദം ഉന്നയിച്ചു. കൗണ്‍സിലര്‍മാരുടെ അഭിപ്രായം തേടിയ ഡിസിസി കെഎസ് സംഗീതയെ അധ്യക്ഷയാക്കി.
പിന്നാലെ എംഎല്‍എയോട് കെട്ടിടം ഒഴിയാന്‍ കെട്ടിട ഉടമ ആവശ്യപ്പെട്ടിരുന്നു. ഇന്ന് രാവിലെ ജീവനക്കാര്‍ ഓഫീസിലെത്തിയപ്പോള്‍ എംഎല്‍എ ഓഫീസിന്റെ ബോര്‍ഡ് ഇളക്കി റോഡരികില്‍ തള്ളിയ നിലയിലായിരുന്നു. ഇറങ്ങിപ്പൊയ്‌ക്കോളൂ എന്ന നിലപാടിലേക്ക് കെട്ടിട ഉടമ മാറി. ഇന്ന് തന്നെ മറ്റൊരു കെട്ടിടത്തിലേക്ക് എംഎല്‍എ ഓഫീസ് മാറ്റുമെന്ന് ജീവനക്കാര്‍ അറിയിച്ചു.
അതേസമയം രാഹുകാലം നോക്കിയാണ് പെരുമ്പാവൂര്‍ നഗരസഭാ അധ്യക്ഷ സ്ഥാനമേറ്റത്. ഇതിന് പിന്നാലെയാണ് എംഎല്‍എ വഴിയാധാരമായ വാര്‍ത്തയും പുറത്തുവന്നത്. ഇതോടെ വെറുതേയല്ല പെരുമ്പാവൂര്‍ പുതിയ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാഹുകാലം കഴിയാതെ കസേര ഏറ്റെടുക്കില്ലെന്ന നിലപാട് സ്വീകരിച്ചത് എന്നാണ് പലരും അടക്കം പറുയന്നത്.
ചെയര്‍പേഴ്‌സണ്‍ കെ.എസ്. സംഗീതയാണ് രാഹുകാലം നോക്കി സ്ഥാനാരോഹണം നടത്തിയത്. 11.15ന് തെരഞ്ഞെടുപ്പ് അവസാനിച്ചിട്ടും 12 മണി കഴിഞ്ഞാണ് കെ.എസ് സംഗീത സ്ഥാനമേറ്റത്. ഇതോടെ ആശംസകള്‍ അറിയിക്കാന്‍ എത്തിയവരെല്ലാം വലഞ്ഞു.
11.15ഓടെ തെരഞ്ഞെടുപ്പും സത്യപ്രതിജ്ഞാ ചടങ്ങും അവസാനിച്ചു. എന്നാല്‍ രാഹുകാലം കഴിഞ്ഞിട്ട് മാത്രമേ താന്‍ പുതിയ ഓഫീസിലേക്ക് പ്രവേശിക്കുകയുള്ളൂ എന്ന നിലപാടില്‍ ആയിരുന്നു പുതിയ ചെയര്‍പേഴ്‌സണ്‍ കെ.എസ് സംഗീത. ഇതോടെ ആശംസകള്‍ അറിയിക്കാന്‍ എത്തിയ പാര്‍ട്ടി നേതാക്കളും, മറ്റുള്ള കൗണ്‍സിലര്‍മാരും വലഞ്ഞു. പിന്നെ നഗരസഭ കോറിഡോറില്‍ പുതിയ ചെയര്‍പേഴ്‌സനായുള്ള കാത്തിരിപ്പ്.
രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെയായിരുന്നു ഇന്നത്തെ രാഹുകാലം സമയം. ഒടുവില്‍ 12.05 കഴിഞ്ഞതോടെ പുതിയ ചെയര്‍പേഴ്‌സണ്‍ തന്റെ ഓഫീസില്‍ പ്രവേശിച്ച് കസേരയില്‍ ഇരിപ്പുറപ്പിച്ചു.




