- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഗ്യാനേഷ് കുമാറും സംഘം ഈ മാസം അവസാനം കേരളം സന്ദര്‍ശിക്കും; ഏപ്രിലില്‍ പോളിംഗ് ബൂത്തിലേക്ക്; മാര്‍ച്ച് 15-നകം തിരഞ്ഞെടുപ്പ് പ്രഖ്യാപനം; ഏപ്രില്‍ രണ്ടാം വാരം കേരളത്തില്‍ ഒറ്റഘട്ട വോട്ടെടുപ്പിന് സാധ്യത; ഉദ്യോഗസ്ഥ വിന്യാസം ഈ മാസം പൂര്‍ത്തിയാക്കും

തിരുവനന്തപുരം: കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ കാത്തിരിക്കുന്ന 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നു. മാര്‍ച്ച് 15-ന് മുന്‍പായി തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്ന ശക്തമായ സൂചനകളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങളും ഭരണപരമായ ഒരുക്കങ്ങളും വിലയിരുത്തുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍, കമ്മീഷണര്‍മാരായ ഡോ. സുഖ്വിന്ദര്‍ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരടങ്ങുന്ന സംഘം ഈ മാസം അവസാനം കേരളം സന്ദര്‍ശിക്കും. രാഷ്ട്രീയ പാര്‍ട്ടികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും കമ്മീഷന്‍ കൂടിക്കാഴ്ച നടത്തും.
മുന്‍ വര്‍ഷങ്ങളിലെ രീതി പിന്തുടര്‍ന്ന് ഏപ്രില്‍ അവസാനത്തോടെ കേരളത്തില്‍ ഒറ്റഘട്ടമായി വോട്ടെടുപ്പ് പൂര്‍ത്തിയാക്കാനാണ് കമ്മീഷന്റെ ആലോചന. ഏപ്രില്‍ രണ്ടാം വാരം തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. റംസാന്‍, ഈസ്റ്റര്‍, വിഷു തുടങ്ങിയ പ്രധാന ആഘോഷങ്ങളും ദുഃഖവെള്ളിയും ഇതിനിടയില്‍ വരുന്നതിനാല്‍, വോട്ടര്‍മാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ പോളിംഗ് തീയതി നിശ്ചയിക്കുക എന്നത് കമ്മീഷന് മുന്നിലെ വലിയ വെല്ലുവിളിയാണ്. കൂടാതെ, സ്‌കൂള്‍ പരീക്ഷാക്കാലം, വേനല്‍ച്ചൂട് എന്നിവയും കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം.
തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ വിന്യാസവും സ്ഥലംമാറ്റവും ഫെബ്രുവരി 28-നകം പൂര്‍ത്തിയാക്കാന്‍ കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ ഒരേ സ്ഥലത്ത് ജോലി ചെയ്തവരെയോ സ്വന്തം ജില്ലയില്‍ ജോലി ചെയ്യുന്നവരെയോ തിരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്നും മാറ്റും. കേരളത്തിനൊപ്പം തമിഴ്നാട്, ബംഗാള്‍, അസാം, പുതുച്ചേരി എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേന്ദ്ര സേനയുടെ വിന്യാസവും കമ്മീഷന്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
വോട്ടര്‍ പട്ടികയുടെ അന്തിമ പുതുക്കല്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേരളം മറ്റൊരു ചരിത്ര പോരാട്ടത്തിന് സജ്ജമായിക്കഴിഞ്ഞുവെന്നാണ് സൂചന. സംസ്ഥാന സര്‍ക്കാരും അതിവേഗ നടപടികള്‍ എടുക്കുന്നുണ്ട്. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ അതിന് മുമ്പ് നടത്തുമെന്നാണ് സൂചന.


