ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷന് ഒരു പക്ഷവുമില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍. നിഷ്പക്ഷമായാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് പ്രായപൂര്‍ത്തിയായ ഓരോ ഇന്ത്യന്‍ പൗരനും വോട്ടര്‍മാരാകുകയും വോട്ട് രേഖപ്പെടുത്തുകയും വേണം. നിയമപ്രകാരം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രൂപംകൊള്ളുന്നത് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെയാണ്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ കമ്മിഷന് വിവേചനം നടത്താനാകുക. തിരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണ്. ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ പെട്ടവരായാലും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അതിന്റെ ഭരണഘടനാപരമായ കടമയില്‍ നിന്ന് പിന്മാറില്ലെന്നും ഗ്യാനേഷ് കുമാര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയുടെ വോട്ടുകൊള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മീഡിയ സെന്ററില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേനത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറിന്റെ വിശദീകരണം.

18 വയസ് പൂര്‍ത്തിയായ എല്ലാവരും വോട്ട് ചെയ്യണമെന്നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കണം എന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാര്‍ത്താ സമ്മേളനം തുടങ്ങിയത്. വോട്ടര്‍ പട്ടിക പുതുക്കല്‍ വേണ്ടിയാണ് എസ്‌ഐആര്‍ നടത്തുന്നത്. വോട്ടര്‍ പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണിത്. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനിലെ രജിസ്‌ട്രേഷന്‍ വഴിയാണ് നിലനില്ക്കുന്നത്. കമ്മീഷന്‍ എങ്ങനെ ആ രാഷ്ട്രീയ പാര്‍ട്ടികളോട് വിവേചനം കാണിക്കും. കമ്മീഷന് പക്ഷമില്ല എന്നും അദ്ദേഹം പറഞ്ഞു.

ബീഹാറില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ വരെയാണ് സമയം. എല്ലാ രാഷ്ട്രീയ പാര്‍ടികളും സഹകരിച്ച് മുന്നോട്ട് പോകണം. ഇനിയുള്ള 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കൂടി സഹകരിക്കണം. എല്ലാ വോട്ടര്‍മാരും രാഷ്ട്രീയപാര്‍ട്ടികളും ബൂത്ത് ലൈവല്‍ ഓഫീസര്‍മാരും ചേര്‍ന്നു നടപടികള്‍ വേഗത്തിലാക്കണം. ബിഹാറിലെ തീവ്ര പരിഷ്‌കരണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടികളെ പിന്തുണയ്ക്കണം. പരിഭ്രാന്തി പടര്‍ത്താനുള്ള ബോധപൂര്‍വ്വം ശ്രമം നടക്കുന്നുണ്ട്. ബീഹാറിലെ 7 കോടിയലധികം വോട്ടര്‍മാര്‍ കമ്മീഷന്റെ കൂടെ നില്ക്കുന്നു. വോട്ട് ചോരി എന്ന കള്ള കഥ പ്രചരിപ്പിക്കുന്നു. വോട്ട് കൊള്ളയെന്ന ആരോപണം ഇന്ത്യയുടെ ഭരണഘടനയ്ക്ക് അപമാനമാണ്. വോട്ടിംഗ് യന്ത്രത്തെ കുറിച്ച് സുപ്രീം കോടതി അന്തിമ വിധി പറഞ്ഞതാണ്. വോട്ടറുടെ സ്വകാര്യത സംരക്ഷിക്കണം എന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി സ്വകാര്യത ലംഘിച്ചു എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിമര്‍ശിച്ചു.

എത്ര പേരാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കുന്നത്. ആരോപണങ്ങള്‍ നടത്തുന്നതിന് ചില വോട്ടര്‍മാരുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചു. അവര്‍ക്കെതിരെ കള്ള ആരോപണം ഉന്നയിച്ചു. കേരളത്തിലുള്‍പ്പെടെ ഉയരുന്ന ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ടിംഗ് നടക്കുന്ന ദിവസം മുതല്‍ ഫലപ്രഖ്യാപനം പൂര്‍ത്തിയായതിനുശേഷവും പരാതിയുമായി കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. 45 ദിവസത്തിനുള്ളില്‍ എന്തു കൊണ്ട് ഹര്‍ജി നല്കിയില്ല? ഇത് ഒന്നും ചെയ്യാതെ ഇത്ര നാളുകള്‍ക്കു ശേഷം പരാതി ഉന്നയിക്കുന്നവരുടെ ഉദ്ദേശം എന്താണ് എന്ന് കമ്മീഷന്‍ ചോദിച്ചു. കൂടാതെ കേരളത്തിലാകട്ടെ കര്‍ണാടകയിലാകട്ടെ ഉയരുന്ന പരാതികളില്‍ കഴമ്പില്ലെന്ന് കമ്മീഷന്‍ പറയുന്നു.

ബി.എല്‍.ഒമാരുടെ സഹായത്തോടെയാണ് കരട് പട്ടിക തയ്യാറാക്കിയതെന്ന് പ്രത്യേക തീവ്ര പട്ടിക പരിഷ്‌കരവുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയായി ഗ്യാനേഷ് കുമാര്‍ പറഞ്ഞു. വോട്ടര്‍പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വോട്ടുകവര്‍ച്ചാ ആരോപണമുന്നയിച്ച് പ്രചാരണം കടുപ്പിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താ സമ്മേളനവുമായി രംഗത്തെത്തിയത്. ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ വോട്ട് അധികാര്‍ യാത്രയ്ക്ക് രാഹുല്‍ ഗാന്ധി ഇന്ന് തുടക്കം കുറിക്കുകയും ചെയ്തിരുന്നു.രാജ്യത്തെ ജനാധിപത്യത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ വോട്ടുചോര്‍ച്ചാ തെളിവുകള്‍ പുറത്തുവിട്ടിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്തുകൊണ്ട് മൗനം തുടരുന്നു എന്ന ചോദ്യം പ്രതിപക്ഷം നിരന്തരം ആവര്‍ത്തിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ തിരുത്തുന്നതിന് യഥാസമയങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് അവസരം നല്‍കിയിട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ ആ വാര്‍ത്താ കുറിപ്പില്‍ വിശദീകരിച്ചത്. കരടുപട്ടികയിറക്കുമ്പോഴും അന്തിമപട്ടിക വരുമ്പോഴും തെറ്റുകള്‍ പരിശോധിക്കാന്‍ പാര്‍ട്ടികള്‍ക്ക് അവസരം നല്‍കാറുണ്ട്. യഥാവിധി ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍, തെറ്റുകളുണ്ടെങ്കില്‍ തിരഞ്ഞെടുപ്പിനു മുന്‍പ് തന്നെ തിരുത്താന്‍ കഴിയുമായിരുന്നെന്നും കമ്മിഷന്‍ ശനിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.