അതിരപ്പിള്ളി: മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ ചികിത്സിക്കാനുള്ള ദൗത്യത്തിന്റെ ആദ്യ ഘട്ടം വിജയം. മയക്കുവെടിയേറ്റതോടെ മയങ്ങിവീണ ആനയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉണ്ട്. ഈ ആനയെ കുങ്കിയാനകളുടെ സഹായത്തോടെ എഴുനേല്‍പ്പിച്ച് വാഹനത്തില്‍ കയറ്റിയതോടെ ആദ്യ ഘട്ടം വിജയകരുമായി. ഇനി ചികില്‍സയുടെ രണ്ടാം ഘട്ടം. കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്ക് മാറ്റും. ആനയെ പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ആനക്കൂടിന്റെ നിര്‍മാണം അഭയാരണ്യത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു.

മയക്കുവെടിയേറ്റതിനെ തുടര്‍ന്ന് മയങ്ങി വീണ കൊമ്പന്റെ മസ്തകത്തിലെ മുറിവ് ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. പുഴുവരിച്ച നിലയിലായിരുന്നു മുറിവ്. കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം തുടങ്ങിയ മൂന്ന് കുങ്കിയാനകളെയാണ് ആനയെ തളയ്ക്കാനായി എത്തിച്ചത്. ജനുവരി 15 മുതല്‍ മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ കൊമ്പനെ പ്ലാന്റേഷന്‍ തോട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ 24 ന് മയക്കുവെടി വെച്ച് തളച്ച് ചികിത്സ നല്‍കി വിട്ടിരുന്നു. എന്നാല്‍ ഈ മുറുവില്‍ പുഴുവരിച്ചനിലയില്‍ കണ്ടതോടെ വീണ്ടും ആശങ്കയായി. വീണ്ടും ആനയെ മയക്കുവെടി വെച്ച് തളക്കുകയായിരുന്നു. ഇത്തവണ കൂട്ടിലേക്ക് മാറ്റാനും തീരുമാനിച്ചു. ചികിത്സിച്ച് ഭേദമാക്കുന്നതുവരെ കൂട്ടില്‍ പാര്‍പ്പിക്കും.

വെറ്റിലപ്പാറയ്ക്ക് സമീപത്തുവെച്ച് ആന പുഴയിലേക്കിറങ്ങിയിരുന്നു. ഇവിടെ നിന്ന് തുരുത്തിലേക്ക് നീങ്ങുമ്പോഴാണ് മയക്കുവെടി വെച്ചത്. കൊമ്പന്റെ ഒപ്പമുണ്ടായിരുന്ന ഏഴാമുറ്റം ഗണപതി എന്ന മറ്റൊരു കൊമ്പന്‍ ഇതിനെ മറിച്ചിട്ടിരുന്നു. ഏഴാമുറ്റം ഗണപതിയെ വെടിപൊട്ടിച്ച് ഭയപ്പെടുത്തി ഓടിച്ചതിന് പിന്നാലെയാണ് മുറിവേറ്റ കൊമ്പനെ മയക്കുവെടി വെച്ചത്. ഇത് വിജയകരമായി. കൊമ്പനെ രാവിലെ 7.15 ഓടെയാണ് മയക്കുവെടിവെച്ചത്. പിന്നാലെ 15 മിനിറ്റിനുള്ളില്‍ ആന നിലത്തേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്ക ഉയര്‍ത്തിയിരുന്നെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം കുങ്കിയാനകളുടെ സഹായത്തോടെ ആനയെ എഴുന്നേല്‍പ്പിക്കാനായി. തുടര്‍ന്നാണ് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ അനിമല്‍ ആംബുലന്‍സിലേക്ക് മാറ്റിയത്.

ആരോഗ്യം വീണ്ടെടുത്ത ആന തലയും ചെവിയും ചെറുതായി ഇളക്കി അനുസരണയോടെ ലോറിയില്‍ നില്‍ക്കുന്നതിനാല്‍ വലിയ പ്രതീക്ഷയിലാണ് ദൗത്യ സംഘം. അതിരപ്പള്ളിയില്‍നിന്ന് 25 കിലോമീറ്റര്‍ ദൂരെയുള്ള അഭയാരണ്യത്തിലേക്ക് പതുക്കെ മാത്രമേ ആനയുമായി പോകാനാകൂ. ഒരു മണിക്കൂറിനകം അവിടെ എത്തിക്കാനാണു വനംവകുപ്പിന്റെ ശ്രമം. വെടിയേല്‍ക്കും മുന്‍പ് കൂടെയുണ്ടായിരുന്ന ഏഴാറ്റുമുഖം ഗണപതി എന്ന മറ്റൊരു കാട്ടാനയാണ് ഈ കൊമ്പനെ കുത്തിയിരുന്നു. ഇതാണു കൊമ്പന്‍ പെട്ടെന്നു വീഴാന്‍ കാരണം. വെടിവച്ച് ഭയപ്പെടുത്തിയാണു ഗണപതിയെ തുരത്തിയത്. ആനയെ ചികിത്സിക്കുന്നതിനുള്ള രണ്ടാംഘട്ട ദൗത്യത്തിന്റെ ഭാഗമായി ഇന്നു രാവിലെയാണ് ദൗത്യം തുടങ്ങിയത്. വെറ്റിലപ്പാറയ്ക്കു സമീപം എണ്ണപ്പനത്തോട്ടത്തിലെ പുഴയിലേക്കിറങ്ങിയ ആന തുരുത്തിലേക്കു നീങ്ങുമ്പോള്‍ ഡോ.അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ വെടിവയ്ക്കുകയായിരുന്നു.

ആന എഴുന്നേറ്റ ഉടനെ പെട്ടെന്ന് തന്നെ അനിമല്‍ ആംബുലന്‍സിലേക്ക് കയറ്റാനുള്ള നിര്‍ണായക ദൗത്യം പൂര്‍ത്തിയാക്കി. ജെസിബി ഉപയോഗിച്ച് വഴി തുരന്ന ശേഷമാണ് ആനയെ അനിമല്‍ ആംബുലന്‍സിലേക്ക് മാറ്റിയത്. കൊമ്പന്റെ മസ്തകത്തിലെ മുറിവ് മൂലമുള്ള വേദന കുറയ്ക്കുന്നതിനാണു പ്രഥമ പരിഗണന. ഡോ. അരുണ്‍ സഖറിയ അടക്കം 25 അംഗ സംഘമാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. അഭയാരണ്യത്തില്‍ പുതിയ കൂടാണ് ഒരുക്കിയത്. മുന്‍പുണ്ടായിരുന്ന കൂടിന് കാര്യമായ ബലക്ഷയം ഉണ്ടായിരുന്നില്ലെങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി പുതിയ കൂട് നിര്‍മിക്കാന്‍ വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. മൂന്നാറില്‍നിന്ന് യൂക്കാലിപ്റ്റസ് തടികള്‍ കൊണ്ടുവന്ന് കൂട് നിര്‍മാണം നടത്തി. മുന്‍പ് അരിക്കൊമ്പനു വേണ്ടി നിര്‍മിച്ച കൂട് പൊളിച്ചുനീക്കി അതേ സ്ഥാനത്താണ് പുതിയ കൂട് നിര്‍മിച്ചത്.

അഭയാരണ്യത്തിലെ ആനകളെയും ജെ.സി.ബി.യും ഉപയോഗിച്ച് നിലവിലുണ്ടായിരുന്ന കൂടിന്റെ ബലപരിശോധന നടത്തിയെങ്കിലും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ കൂട് നിര്‍മ്മിച്ചത്. വയനാട് നിന്നുള്ള വനംവകുപ്പിന്റെ ദ്രുതകര്‍മ സേനാംഗങ്ങളായ ആറുപേരുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. അഭയാരണ്യത്തിലെ ജീവനക്കാര്‍ സഹായത്തിനുണ്ടായിരുന്നു.