- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്റ്റാര്‍ഷിപ്പ് റോക്കറ്റിന് മണിക്കൂറില്‍ 36,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും; ഈ വേഗത്തില്‍ സഞ്ചരിച്ചാല്‍ 80 മുതല്‍ 100 ദിവസത്തിനുള്ളില്‍ ചൊവ്വയിലെത്താം'; ചുവന്ന ഗ്രഹത്തിലേക്കുള്ള യാത്രാ സമയം കുറയ്ക്കാന്‍ ഇലോണ്‍ മസ്‌കിന്റെ പദ്ധതി ഇങ്ങനെ
ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കാന്‍ മുന്നൊരുക്കത്തില്‍ മസ്‌ക്
ന്യൂയോര്‍ക്ക്; മനുഷ്യര്‍ മറ്റു ഗ്രഹങ്ങളിലേക്കു കുടിയേറണമെന്ന് ആഗ്രഹിക്കുന്ന സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌ക് ചൊവ്വയില്‍ മനുഷ്യരുടെ കോളനി സ്ഥാപിക്കുന്നതടക്കമുള്ള ആശയങ്ങളുമായി മുന്നോട്ടുപോകുകയാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ചൊവ്വയില്‍ മനുഷ്യ കോളനി സ്ഥാപിക്കാനുള്ള പദ്ധതി ഇലോണ്‍ മസ്‌ക് വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ മറ്റൊരു രാജ്യത്തേക്ക് വിമാനയാത്ര നടത്തുന്നത് പോലെയായിരിക്കും ഒരിക്കല്‍ ചൊവ്വയിലേക്കുള്ള യാത്രയെന്നും ശതകോടീശ്വരന്‍ പറയുന്നു. ഒരു ദശലക്ഷം ആളുകളെ ചൊവ്വയിലേക്ക് അയക്കാനാണ് താന്‍ ലക്ഷ്യമിടുന്നതെന്നും മസ്‌ക് തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ എക്സില്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ചൊവ്വയിലേക്കുള്ള യാത്ര നിലവിലെ സാങ്കേതിക വിദ്യയും കരുത്തുറ്റ റോക്കറ്റും ഉപയോഗിച്ചാല്‍ പോലും കുറഞ്ഞത് എട്ട് മാസം സമയം എടുക്കുമെന്നാണ് മസ്‌ക് പറയുന്നത്. ഇത്രയും കാലം ബഹിരാകാശത്ത് തുടരുക എന്ന വെല്ലുവിളി മറികടക്കാനാകുമോ എന്നത് നിരവധി സംശയങ്ങള്‍ ശാസ്ത്രലോകത്തിനുണ്ട്. എന്നാല്‍ ചുവന്ന ഗ്രഹത്തിലേക്കുള്ള യാത്രാ സമയം കുറയ്ക്കാനുള്ള പദ്ധതിയാണ് ഇലോണ്‍ മസ്‌ക് ലക്ഷ്യമിടുന്നത്. മസ്‌കിന്റെ പദ്ധതി വിജയിച്ചാല്‍ ഭൂമിയില്‍ നിന്ന് പരമാവധി മൂന്നു മാസം കൊണ്ട് ചൊവ്വയിലെത്താനാകും.
സാധാരണ ഗതിയില്‍ ചൊവ്വയിലേക്കുള്ള യാത്രാമസമയം ആറുമുതല്‍ ഒമ്പത് മാസം വരെ എടുക്കും. ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം ചില സാഹചര്യങ്ങളില്‍ മാറാറുണ്ട്. ഇതിനനുസരിച്ച് യാത്രാസമയത്തില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാം. എന്നാല്‍ ഇതിനെ മറികടന്ന് കൂടുതല്‍ വേഗത്തില്‍ പോകണമെങ്കില്‍ ബഹിരാകാശ പേടകത്തിന്റെ രൂപകല്‍പ്പനയിലും പ്രൊപ്പല്‍ഷന്‍ സംവിധാനത്തിലുമൊക്കെ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ സാധിക്കുമെന്നാണ് മസ്‌കിന്റെ വാദം.
അങ്ങനെ ചെയ്താല്‍ പൂര്‍ണ ശേഷിയില്‍ ആളുകളെയും അവശ്യസാധനങ്ങളും ഇന്ധനവുമൊക്കെ നിറച്ചുകഴിഞ്ഞാല്‍ സ്പേസ് എക്സിന്റെ ഏറ്റവും ശക്തിയേറിയ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന് മണിക്കൂറില്‍ 36,000 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും. ഈ വേഗത്തില്‍ സഞ്ചരിച്ചാല്‍ 80 മുതല്‍ 100 ദിവസങ്ങള്‍ക്കൊണ്ട് ചൊവ്വയുടെ സമീപത്തെത്താന്‍ സാധിക്കും.
നിലവില്‍ സ്റ്റാര്‍ഷിപ്പ് റോക്കറ്റിന് 39,600 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ കഴിയും. എന്നാല്‍ അതില്‍ ആളുകളെയും മറ്റും വഹിച്ച് കുതിക്കുമ്പോള്‍ ഈ പറയുന്ന വേഗം കൈവരിച്ചേക്കണമെന്നില്ല. അതിനാലാണ് പുതിയ ചില മാറ്റങ്ങള്‍ സ്റ്റാര്‍ഷിപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. പൂര്‍ണശേഷിയില്‍ മണിക്കൂറില്‍ 38,000 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ കഴിയുന്ന തരത്തില്‍ റോക്കറ്റിനെയും പേടകത്തിനെയും മാറ്റുക എന്നതാണ് മസ്‌കിന്റെ ലക്ഷ്യം.
അതിനായി ബഹിരാകാശത്ത് വെച്ച് സ്റ്റാര്‍ഷിപ്പില്‍ ഇന്ധനം നിറയ്ക്കുക എന്ന ആശയവും മസ്‌ക് മുന്നോട്ടുവെച്ചിട്ടുണ്ട്. കൂടാതെ കൂടുതല്‍ കരുത്തുറ്റ എഞ്ചിനും വികസിപ്പിക്കേണ്ടി വരും. ഇതിലൂടെ 45 ദിവസം കൊണ്ട് ചൊവ്വയിലെത്താന്‍ സാധിച്ചേക്കുമെന്നും മസ്‌ക് വാദിക്കുന്നു.
ബഹിരാകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്ന സംവിധാനം കൊണ്ടുവന്നാല്‍ വിക്ഷേപണത്തിന് മുമ്പ് പേടകത്തില്‍ ഇന്ധനം നിറയ്ക്കേണ്ടി വരില്ല. ബഹിരാകാശത്ത് ഭൂമിയോട് ചേര്‍ന്ന ഭ്രമണപഥത്തില്‍ സജ്ജമാക്കിയ ഇന്ധന ടാങ്കില്‍ നിന്ന് സ്റ്റാര്‍ഷിപ്പ് പേടകം ആവശ്യത്തിന് ഇന്ധനം നിറച്ച ശേഷം ചൊവ്വയിലേക്ക് കുതിക്കുന്ന പദ്ധതിയാണ് മസ്‌കിന്റെ മനസിലുള്ളത്. ഇങ്ങനെ ചെയ്യുമ്പോള്‍ സ്റ്റാര്‍ഷിപ്പ് പേടകത്തിന് കൂടുതല്‍ വേഗതയില്‍ കൂടുതല്‍ ദുരം മറികടക്കാനുള്ള തള്ളല്‍ ശക്തിലഭിക്കും.
യാത്രാസമയം കുറയുന്നത് മാത്രമല്ല ഇതുകൊണ്ടുണ്ടാകുന്ന പ്രയോജനം. ബഹിരാകാശത്ത് ഹാനികരമായ നിരവധി വികിരണങ്ങളുണ്ട്. കൂടുതല്‍ കാലം ഇത് ശരീരത്തില്‍ ഏല്‍ക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇതിനൊപ്പം പേടകത്തില്‍ ദീര്‍ഘകാല യാത്രയ്ക്ക് വേണ്ട അവശ്യസാധനങ്ങള്‍ കരുതാനും ബഹിരാകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കുന്ന ഓര്‍ബിറ്റല്‍ റീഫ്യൂവലിങ് പദ്ധതികൊണ്ട് സാധിക്കുമെന്നാണ് മസ്‌കിന്റെ വാദം.
ബഹിരാകാശ യാത്രയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയില്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ കണ്ടുപിടിത്തങ്ങള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തുന്ന ആളുകൂടിയാണ് ഇലോണ്‍ മസ്‌ക്. ചൊവ്വയില്‍ മനുഷ്യരുടെ കോളനി സ്ഥാപിക്കുക ആശയം സാധ്യമാക്കുക എന്നതാണ് മസ്‌കിന്റെ ലക്ഷ്യങ്ങളിലൊന്ന്. ചൊവ്വായാത്രയ്ക്ക് ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടുള്ള സ്റ്റാര്‍ഷിപ്പ് പേടകത്തിന്റെ വിക്ഷേപണ പരീക്ഷണങ്ങള്‍ നിരവധി തവണ നടത്തിയിരുന്നു.
ഇനി പേടകത്തിനെ നിര്‍ദിഷ്ട ഭ്രമണപഥത്തില്‍ എത്തിച്ചതിന് ശേഷം തിരികെ എത്തിക്കുന്ന പരീക്ഷണവും ഉടന്‍ നടത്തും. നിലവില്‍ ആറ് സ്റ്റാര്‍ഷിപ്പ് പേടകമാണ് സ്പേസ് എക്സ് നിര്‍മിച്ചിട്ടുള്ളത്. 2050 ഓടെ ഏഴാമത്തെ സ്റ്റാര്‍ഷിപ്പ് പേടകവും പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുള്‍. മനുഷ്യരുടെ ഗ്രഹാന്തര യാത്രയുടെ ചിന്തകള്‍ക്ക് പുതിയ മാനംനല്‍കുന്നതാണ് മസ്‌കിന്റെയും സ്റ്റാര്‍ഷിപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍.
അതേസമയം, ചൊവ്വയില്‍ മനുഷ്യര്‍ ദീര്‍ഘകാലം ജീവിക്കുക എന്നത് എളുപ്പമായിരിക്കില്ലെന്ന് മിക്ക ശാസ്ത്രജ്ഞരും മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. എന്തായാലും ചൊവ്വയില്‍ കോളനി സ്ഥാപിക്കാന്‍ ആദ്യം എത്തുന്നവര്‍ക്ക് അപകടകരമായ പല വെല്ലുവിളികളും നേരിടേണ്ടിവരുമെന്നും മരണം വരെ മുന്നില്‍ കാണേണ്ടിവരുമെന്നുമാണ് മസ്‌ക് പറയുന്നത്.
യാഥാര്‍ഥ്യം
ടെഡ് കോണ്‍ഫറന്‍സ് മേധാവി ക്രിസ് ആന്‍ഡേഴ്സണുമായി സംസാരിക്കവെയാണ് മസ്‌ക് വിവരിച്ചത്. ചൊവ്വയില്‍ ആഡംബര ജീവിതമൊന്നും ആരും സ്വപ്നം കാണേണ്ടന്നാണ് അദ്ദേഹം പറഞ്ഞത്. മനുഷ്യക്കോളനി സ്ഥാപിക്കാനായി ആദ്യം ചൊവ്വയില്‍ എത്തുന്നവര്‍ സാഹസികര്‍ ആയിരിക്കണം, അവരെ കാത്തിരിക്കുന്നത് വിഷമം പിടിച്ചതും ജീവിക്കാന്‍ ഇടുങ്ങിയതുമായ ഇടമായിരിക്കും. അവര്‍ കഠിനാധ്വാനം ചെയ്യാന്‍ തയാറുള്ളവരും ആയിരിക്കണം. ആദ്യ കാലത്തെ ചൊവ്വ ജീവിതം ലോല ഹൃദയര്‍ക്കുള്ളതല്ല. തുടക്കകാലത്ത് എന്തായാലും അവിടെ ആഡംബരം പ്രതീക്ഷിക്കേണ്ടെന്നും മസ്‌ക് പറഞ്ഞു.
ഒരുങ്ങുന്നത് പടുകൂറ്റന്‍ റോക്കറ്റുകള്‍
മസ്‌കിന്റെ കമ്പനിയായ സ്പേസ്എക്സ് ചൊവ്വയിലേക്ക് പറക്കാനുള്ള പ്രത്യേക റോക്കറ്റുകള്‍ തയാറാക്കുന്ന തിരക്കിലാണ്. ചൊവ്വയില്‍ 2050 ഓടെ കുടിയേറണമെന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം. ഇത്തരം മുന്നൊരുക്കങ്ങളെക്കുറിച്ച് മുന്‍പും മസ്‌ക് വാചാലനായിട്ടുണ്ടെങ്കിലും ചൊവ്വയില്‍ പോകാന്‍ ചാടിപ്പുറപ്പെടുന്നവര്‍ എന്തു പ്രതീക്ഷിക്കണമെന്ന കാര്യത്തെക്കുറിച്ച് ആദ്യമായാണ് അദ്ദേഹം മനസ്സു തുറന്നത്. കോളനി സ്ഥാപിക്കാനായി ചൊവ്വയിലേക്ക് മനുഷ്യര്‍ കുടിയേറുമെന്നു പ്രതീക്ഷിക്കുന്നത് 2050 ഓടെയാണെങ്കിലും ഈ പതിറ്റാണ്ടില്‍ത്തന്നെ മനുഷ്യരെ ചൊവ്വയില്‍ ഇറക്കാനുളള ശ്രമത്തിലാണ് അദ്ദേഹം. ഇതിനായി പടുകൂറ്റന്‍ സ്റ്റാര്‍ഷിപ് റോക്കറ്റുകളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.
മിക്കവര്‍ക്കും 'താങ്ങാവുന്ന തുകയായിരിക്കും' ചൊവ്വയിലേക്കുള്ള ടിക്കറ്റ് നിരക്ക് എന്നാണ് മസ്‌ക് പറയുന്നത്. അത് 100,000 ഡോളറാണ്. ഒരു വശത്തേക്കുള്ള ടിക്കറ്റിനാണിത്. മസ്‌ക് ചൊവ്വയിലേക്ക് 1,000 സ്റ്റാര്‍ഷിപ്പുകള്‍ അയയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവ കൂട്ടം കൂട്ടമായി 2030 കളിലും 2040 കളിലും വിക്ഷേപിക്കും. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും അയച്ചു കൊണ്ടിരിക്കാനാണ് പദ്ധതി. ഓരോന്നിലും 100 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ ഉണ്ടായിരിക്കും. ഭൂമിയില്‍ നിന്നുള്ള സഹായം എത്താതെ സ്വയം നിലനില്‍ക്കാവുന്ന കോളനികള്‍ സ്ഥാപിക്കലാണ് ലക്ഷ്യമിടുന്നത്. ആളുകള്‍ ടിക്കറ്റിനായി നല്‍കുന്ന പണവും ചൊവ്വയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് മസ്‌കിന്റെ ഉദ്ദേശ്യം.