തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങളും വിമര്‍ശനങ്ങളും ഇന്ധനമാക്കി തിയേറ്ററുകളെ പൂരമ്പറമ്പാക്കി 'എമ്പുരാന്റെ പടയോട്ടം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ 200 കോടി ക്ലബ്ബില്‍ അഞ്ച് ദിവസം കൊണ്ട് ഇടംപിടിച്ചാണ് ചരിത്രനേട്ടം കൈവരിച്ചത്. ചിത്രം ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംപിടിച്ചു. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുനില്‍ക്കേയാണ് സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

മോഹന്‍ലാലാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആദ്യം അറിയിച്ചത്. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാന്‍ 200 കോടി ക്ലബിലെത്തിയത്. എമ്പുരാന്‍ ചരിത്രം സൃഷ്ടിച്ചുവെന്നാണ് പ്രത്യേക പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചത്. നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിച്ചത്.

ആദ്യ വാരാന്ത്യ കളക്ഷന്‍ എത്തിയപ്പോള്‍ ചിത്രം ഈ വര്‍ഷത്തെ ഇന്ത്യന്‍ ലിസ്റ്റില്‍ത്തന്നെ ഒന്നാം സ്ഥാനം നേടിയെടുത്തിരുന്നു. എന്നാല്‍ വാരാന്ത്യം പിന്നിട്ടപ്പോഴും ജനത്തെ കൂട്ടത്തോടെ തിയറ്ററുകളിലെത്തിക്കുന്നത് തുടരുകയാണ് ചിത്രം. ഇപ്പോഴിതാ ബോക്‌സ് ഓഫീസില്‍ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരന്റെ മോഹന്‍ലാല്‍ ചിത്രം.

ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ കളക്ഷന്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് എമ്പുരാന്‍. ടൊവിനോ തോമസ് നായകനായ 2018 എന്ന ചിത്രത്തെ മറികടന്നാണ് എമ്പുരാന്റെ നേട്ടം. 175.4 കോടി ആയിരുന്നു 2018 ന്റെ ലൈഫ് ടൈം ബോക്‌സ് ഓഫീസ് നേട്ടം. വെറും അഞ്ച് ദിനങ്ങള്‍ കൊണ്ടാണ് എമ്പുരാന്‍ ഇതിനെ മറികടന്നിരിക്കുന്നത്. ഒപ്പം 200 കോടി ക്ലബ്ബില്‍ ഇടംപിടിക്കുകയും ചെയ്തു.

ഔദ്യോഗികമായിത്തന്നെ അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിട്ടുമുണ്ട് ഇപ്പോള്‍. മോഹന്‍ലാലിന്റെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമാണ് ഇത്. മഞ്ഞുമ്മല്‍ ബോയ്‌സ് മാത്രമാണ് മലയാളത്തില്‍ എമ്പുരാന് മുന്നില്‍ കളക്ഷനില്‍ അവശേഷിക്കുന്നത്. 240 കോടിയാണ് മഞ്ഞുമ്മലിന്റെ നേട്ടം.

ആദ്യ വാരാന്ത്യത്തിന് ശേഷം പെരുന്നാള്‍ പൊതു അവധി ആയതിന്റെ ഗുണവും ചിത്രത്തിന് ഇന്ന് തിയറ്ററുകളില്‍ ലഭിച്ചിട്ടുണ്ട്. മികച്ച ഒക്കുപ്പന്‍സിയോടെയാണ് കേരളത്തിലും ബെംഗളൂരു അടക്കമുള്ള നഗരങ്ങളിലും വിദേശ മാര്‍ക്കറ്റുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. ചിത്രം റീ സെന്‍സര്‍ ചെയ്യുന്നതായി വാര്‍ത്ത വന്നതിനെതിന് പിന്നാലെ ശനിയാഴ്ച വൈകിട്ട് മുതല്‍ ടിക്കറ്റ് വില്‍പ്പനയില്‍ വലിയ കുതിപ്പ് നടന്നിരുന്നു.

അതേസമയം ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് ഉടന്‍ തീയേറ്ററുകളിലെത്തും. പ്രമേയവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളെത്തുടര്‍ന്ന് മൂന്ന് മിനിറ്റാണ് ചിത്രത്തില്‍നിന്ന് നീക്കം ചെയ്തത്. എന്നാല്‍ പുതിയ പതിപ്പ് ഇനിയും തിയറ്ററുകളില്‍ എത്തിയിട്ടില്ല. ഇത് നാളെയോടെയേ പ്രദര്‍ശനം ആരംഭിക്കൂ എന്നാണ് അറിയുന്നത്. മുരളി ഗോപിയുടേതാണ് തിരക്കഥ.

എഡിറ്റ് ചെയ്ത പതിപ്പ് ഇന്ന് രാത്രിയിലുള്ള ഷോ കഴിഞ്ഞു വേണം തിയറ്ററുകളില്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രദര്‍ശനത്തിനു സജ്ജമാക്കേണ്ടത്. എന്നാല്‍ മാത്രമേ നാളെ പുതിയ പതിപ്പ് പ്രദര്‍ശിപ്പിക്കാനാകൂവെന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. ഇതുവരെ ഒരു തിയറ്ററിലും പുതിയ പതിപ്പ് എത്തിയിട്ടില്ലെന്നും നാളെ റീ എഡിറ്റിങ് പതിപ്പ് പ്രദര്‍ശിപ്പിക്കുമെന്നും ഫിയോക്ക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.

തിയറ്ററുകളിലെ ഡൗണ്‍ലോഡ് ബോക്‌സിലാണ് ഉള്ളടക്കം എത്തുന്നത്. ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ അരമണിക്കൂറോളം വേണ്ടിവരും. ഇന്റര്‍നെറ്റിന്റെ വേഗം അനുസരിച്ച് ഈ സമയപരിധിയില്‍ വ്യത്യാസം വരാം. സംസ്ഥാനത്ത് മിക്ക തിയറ്ററുകളിലും രാവിലെ തുടങ്ങുന്ന എമ്പുരാന്റെ പ്രദര്‍ശനം പുലര്‍ച്ചെ 3 മണിയോടെയാണ് അവസാനിക്കുന്നത്. നഗരങ്ങളിലെ പല തിയറ്ററുകളിലും രാത്രി വൈകി 12 മണിക്കാണ് അവസാന ഷോ.

പ്രദര്‍ശന സമയം കഴിഞ്ഞാണ് സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുകയെന്ന് തിയേറ്റര്‍ ഉടമകള്‍ പറയുന്നു. എമ്പുരാന് മൂന്നു മണിക്കൂറോളം ദൈര്‍ഘ്യമുള്ളതിനാലും രണ്ടു ഷോകള്‍ക്കിടയില്‍ കഷ്ടിച്ച് അരമണിക്കൂര്‍ മാത്രമാണ് ഇടവേള എന്നതിനാലും പകല്‍ സമയത്തു ഡൗണ്‍ലോഡിങ് നടക്കില്ല.

ഷോ ടൈമില്‍ ചിത്രം ഡൗണ്‍ലോഡ് ചെയ്താല്‍ അര മണിക്കൂര്‍ എന്നത് ഒരു മണിക്കൂറിനു മുകളിലേക്ക് പോയേക്കാമെന്നും തിയേറ്റര്‍ ഉടമകള്‍ പറയുന്നു. പുതിയ പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് അപ്ലോഡ് ചെയ്താലും അത് സ്‌ക്രീന്‍ ചെയ്ത് എല്ലാം കൃത്യമാണെന്ന് ഉറപ്പു വരുത്തും. അതിനാല്‍ നാളെ വെളുപ്പിന് മൂന്നിനും രാവിലെ 10നും ഇടയിലായിരിക്കും ഭൂരിപക്ഷം തിയറ്ററുകളിലും ഡൗണ്‍ലോഡിങ്ങും പ്രിവ്യു പ്രദര്‍ശനവും നടക്കുക.

എഡിറ്റ് ചെയ്ത ഭാഗം മാത്രം ഒരു ഫയലാക്കി അയയ്ക്കാനാകും. ഈ പ്രക്രിയ എളുപ്പമാണെങ്കിലും ആ സാധ്യത തിയേറ്റര്‍ അധികൃതര്‍ തള്ളിക്കളയുന്നു. സിനിമയുടെ പല ഭാഗത്തായി എഡിറ്റിങ് നടന്നാല്‍ മുഴുവന്‍ സിനിമയും മാറ്റി അപ്ലോഡ് ചെയ്യേണ്ടിവരും.

മാര്‍ച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എമ്പുരാന്റെ പ്രദര്‍ശനം ആരംഭിച്ചത്. ശ്രീ ഗോകുലം മൂവീസ്, ആശീര്‍വാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍, സുഭാസ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്‌സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്.

മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്‌ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്‌സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല്‍ നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍.