കൊച്ചി: മോഹന്‍ലാല്‍-പൃഥ്വി രാജ് കോമ്പോയുടെ എമ്പുരാന്റെ ആദ്യ ഷോ കഴിഞ്ഞു. ആദ്യ ദിനത്തിലെ ഹൈപ്പില്‍ ആഗോള തലത്തില്‍ 50 കോടി എമ്പുരാന്‍ ഉറപ്പിച്ചു. ഇതിന് അപ്പുറത്തേക്ക് ചിത്രം കളക്ഷന്‍ കുതിപ്പുണ്ടാക്കുമോ എന്ന് രണ്ടാം ദിനം നിശ്ചയിക്കും. ഫാന്‍സ് ഷോ ആയുതു കൊണ്ട് തന്നെ ആദ്യ ഷോയിലെ കാഴ്ചക്കാരുടെ പ്രതികരണങ്ങള്‍ സിനിമയുടെ വിജയത്തിന് തെളിവാകില്ല. എറണാകുളം കവിതയില്‍ ചിത്രം കാണാന്‍ മോഹന്‍ലാലും പ്രഥ്വിരാജും എത്തി. കുടുംബവും ഉണ്ടായിരുന്നു. സിനിമ കണ്ടിറങ്ങിയ താരങ്ങളും കുടുംബങ്ങളും ഒന്നും പ്രതികരിക്കാതെയാണ് തിയേറ്റര്‍ വിട്ടത്. എല്ലാം ജനം കണ്ടു തീരുമാനിക്കട്ടേ എന്ന മുഖഭാവത്തിലായിരുന്നു മോഹന്‍ലാല്‍. ഏതായാലും മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത റീലീസാണ് എമ്പുരാന്റേത്. വലിയ ആവേശം എല്ലാ തിയറ്ററിനു മുന്നിലുമുണ്ടായിരുന്നു. ലൂസിഫറിനോളം എത്തുമോ എമ്പുരാന്‍ എന്നതാണ് ഉയരുന്ന ചോദ്യം. ഇത് തെളിയണമെങ്കില്‍ മൂന്ന് ദിവസമെങ്കിലും വേണ്ടി വരും. എങ്കില്‍ മാത്രമേ കളക്ഷന്‍ വിശകലനം പൂര്‍ണ്ണമാകൂ. 250 കോടിക്ക് അടുത്ത് ചെലവായെന്നാണ് കണക്ക്. അത്രയും തുക തിരിച്ചു പിടിക്കുകയെന്ന വലിയ കടമ്പയാണ് സിനിമയ്ക്കുള്ളത്. അതുകൊണ്ട് തന്നെ എല്ല സിനിമാ കണ്ണുകളും മലയാളത്തിലേക്കാണ്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയെന്ന് പറയുന്ന മഞ്ഞുമ്മല്‍ ബോയ്‌സിന് പോലും 200 കോടിയാണ് തിയേറ്റര്‍ കളക്ഷന്‍. അതായത് നിര്‍മ്മാതാവിന് കിട്ടിയത് 100 കോടിക്ക് അടുത്തു തുക. ഈ കണക്കു വച്ചാണെങ്കില്‍ 350 കോടിയെങ്കിലും തിയേറ്ററില്‍ നിന്നും എമ്പുരാന്‍ കളക്ട് ചെയ്യേണ്ടതുണ്ട്.

കിടിലന്‍ പടമാണെന്നും ഫസ്റ്റ് ഹാഫ് തകര്‍ത്തെന്നും ഉഗ്രന്‍പടമെന്നും അടിപൊളി പടമെന്നുമെല്ലാമാണ് പ്രേക്ഷകര്‍ സിനിമയെ വിശേഷിപ്പിച്ചത്. പൃഥ്വിരാജ് പണിയെടുത്തിട്ടുണ്ടെന്നും ലാലേട്ടന്‍ തകര്‍ത്തെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു. 'എമ്പുരാന്‍' കളക്ഷന്‍ ആയിരംകോടി കടക്കുമെന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. മലയാളത്തിലെ ഹോളിവുഡ് മൂവിയെന്നും ചിലര്‍ എമ്പുരാനെ വിശേഷിപ്പിച്ചു. രോമാഞ്ചമുണ്ടാക്കുന്ന രംഗങ്ങളാണ് സിനിമയിലുള്ളതെന്നും പടം 'സ്വാഗ്' ആണെന്നും മറ്റൊരാള്‍ പറഞ്ഞു. മേക്കിങ്ങില്‍ ചിത്രത്തിന് നൂറിന് മുകളില്‍ മാര്‍ക്ക് നല്‍കാമെന്ന് പറയുന്നവരുണ്ട്. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള വന്‍താര നിരയും ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിന് എത്തിയിരുന്നു. കൊച്ചിയിലെ കവിതാ തീയേറ്ററിലാണ് മോഹന്‍ലാല്‍, പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാരിയര്‍, ഇന്ദ്രജിത്ത് തുടങ്ങിയ താരങ്ങള്‍ ആദ്യഷോ കാണാനെത്തി. ആരും സിനിമ കണ്ട ശേഷം ഒന്നും പറയാതെ പോവുകയും ചെയ്തു.

കേരളത്തിലെ 750 സ്‌ക്രീനുകള്‍ ഉള്‍പ്പെടെ ആഗോള തലത്തില്‍ റിലീസ് ചെയ്യുന്ന എമ്പുരാന്റെ ആദ്യ ഷോ ഇന്ന് രാവിലെ ആറിനാണ് തുടങ്ങിയത്. കൊച്ചിയില്‍ ആദ്യ ഷോ കാണാന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങളും എത്തി. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള സിനിമയുടെ റിലീസിന് പ്രത്യേക സുരക്ഷയുള്‍പ്പെടെ ഒരുക്കി കേരള പൊലീസും മുന്‍കരുതല്‍ എടുത്തു. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി വളരെ കരുതലോടെയാണ് റിലീസിങ് ദിനത്തെ സമീപിച്ചിരിക്കുന്നത്. ഹോളിവുഡില്‍ നിന്നുള്‍പ്പടെ വമ്പന്‍ താരനിര. റിലീസിന് മുന്നേ റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച ചിത്രമമാണ് ഇത്. മോഹന്‍ലാലിന്റെ താരമൂല്യം ഉയര്‍ത്തുന്ന മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന് വേണ്ടി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഒട്ടുമിക്ക തിയറ്ററുകളിലും എമ്പുരാന്‍ തന്നെയാണ് ആദ്യ ഷോയായി ചാര്‍ട്ട് ചെയ്തിരുന്നത്. 'എമ്പുരാന്‍' റിലീസിനോട് അനുബന്ധിച്ച് ബുധനാഴ്ച രാത്രി മുതല്‍തന്നെ പല തീയേറ്ററുകളിലും ആരാധകരുടെ ആഘോഷപരിപാടികള്‍ ആരംഭിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ആറുമണിവരെ പലയിടത്തും ആഘോഷങ്ങള്‍ തുടര്‍ന്നു. പല സ്‌ക്രീനുകളിലും ഒരുദിവസം മാത്രം ഒട്ടേറെ ഷോകളാണ് എമ്പുരാന് വേണ്ടി ഒരുക്കിയത്.

മോഹന്‍ലാലെന്ന പ്രതിഭ നടനാകുനനത്തിനും മുന്‍പ് കുടുംബസുഹൃത്തായിരുന്നു മല്ലിക. മോഹന്‍ലാലിനെ സ്‌കൂളില്‍ കൊണ്ട് വിട്ടിരുന്നത് താനായിരുന്നു എന്ന് മല്ലിക ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. അത്രയ്ക്ക് ഇഴയടുപ്പമുള്ള ആളാണ് മോഹന്‍ലാല്‍ എന്ന് എമ്പുരാന്‍ സിനിമയുടെ പ്രചരണവേളയില്‍ പൃഥ്വിരാജും വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസായി എത്തുന്നു എന്ന പ്രത്യേകതയും എമ്പുരാനുണ്ട്.