ന്യൂഡല്‍ഹി: എമ്പുരാന്‍ സിനിമയെ വിടാതെ പിന്തുടര്‍ന്ന് വിമര്‍ശിച്ച് ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. എമ്പുരാനില്‍ ക്രിസ്ത്യന്‍ വിരുദ്ധ ആശയങ്ങളുണ്ടെന്നാണ് പുതിയ ലേഖനത്തില്‍ ജിതിന്‍ ജേക്കബ് ആരോപിക്കുന്നത്. കിസ്ത്യന്‍ വിഭാഗത്തിന്റെ ആശങ്കകള്‍ എന്ന നിലയിലാണ് ലേഖനം.

ക്രിസ്തീയ വിശ്വാസികളുടെ ആശയങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും എതിരായിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് ലേഖനം പറയുന്നത്. ദൈവപുത്രന്‍ തന്നെ തെറ്റുചെയ്യുമ്പോള്‍ ചെകുത്താനെയല്ലാതെ വേറെ ആരെ ആശ്രയിക്കാന്‍ എന്ന സംഭാഷണത്തെ ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്. ' ക്രിസ്തീയ വിശ്വാസത്തില്‍, 'ദൈവപുത്രന്‍' മറ്റാരുമല്ല, ലോകത്തിന്റെ പാപങ്ങള്‍ വഹിച്ചുകൊണ്ട് മനുഷ്യരാശിയെ വീണ്ടെടുക്കാന്‍ കുരിശില്‍ കയറിയ മിശിഹായായ യേശുക്രിസ്തുവാണ്. അപ്പോള്‍, എമ്പുരാന്റെ എഴുത്തുകാരന്റെ അഭിപ്രായത്തില്‍ ക്രിസ്തു എന്ത് 'പാപം' ചെയ്തു? ദൈവം അയച്ചതായി കരുതപ്പെടുന്ന ഈ 'കറുത്ത മാലാഖ' ആരാണ്? ഏറ്റവും പ്രധാനമായി, ഏത് ക്രിസ്തീയ തിരുവെഴുത്തിലാണ് ഈ ആശയം നിലനില്‍ക്കുന്നത്?' എന്നാണ് പുതിയ ലേഖനത്തില്‍ ചോദിക്കുന്നത്.

'തകര്‍ന്ന ഒരു പള്ളിയുടെ മുന്നിലാണ് ഈ വരി അവതരിപ്പിക്കുന്നത്. ദൈവപുത്രന്റെ പാപം നിമിത്തം ദൈവം അവനെ ഉയിര്‍പ്പിച്ചുവെന്ന് ലൂസിഫര്‍ തന്നെ പ്രഖ്യാപിക്കുന്നു. മൂന്നാം ദിവസം യേശു ഉയിര്‍ത്തെഴുന്നേറ്റുവെന്ന് ലോകം മുഴുവന്‍ അറിയാം, എന്നാല്‍ ഇവിടെ, ഈ വിവരണത്തില്‍, ദൈവം സാത്താനെ ഉയിര്‍പ്പിക്കാന്‍ തീരുമാനിക്കുന്നു? അപ്പോള്‍, ദൈവത്തിന്റെ സര്‍വ്വശക്തിയുടെ അവസ്ഥ എന്തായിരിക്കും? ദൈവപുത്രനെ പ്രതിരോധിക്കാന്‍ ലൂസിഫര്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടാല്‍, അത് ദൈവം ശക്തിയില്ലാത്തവനും ദുര്‍ബലനും അപ്രസക്തനുമാണെന്ന് സൂചിപ്പിക്കുന്നില്ലേ?

ഖുര്‍ആനെക്കുറിച്ചോ അല്ലാഹുവിനെക്കുറിച്ചോ പ്രവാചകനെക്കുറിച്ചോ ഇത്തരം അവകാശവാദങ്ങള്‍ കെട്ടിച്ചമയ്ക്കാന്‍ ഒരു സിനിമ ധൈര്യപ്പെട്ടെങ്കിലോ? കോലാഹലം കാതടപ്പിക്കുന്നതായിരിക്കും. ലോകമെമ്പാടും പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടും. എന്നിരുന്നാലും, ക്രിസ്തുമതത്തിന്റെ കാര്യത്തില്‍, ഭയാനകമായ ഒരു നിശബ്ദത നിലനില്‍ക്കുന്നതായി തോന്നുന്നു. ഇറാഖിലെ ഏക ക്രിസ്ത്യന്‍ നഗരമായ കാരഖോഷിനെക്കുറിച്ച് സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ട്. ഐസിസ് നശിപ്പിച്ച ഇവിടം ക്രൂരമായ കൂട്ടക്കൊലകള്‍ക്ക് സാക്ഷ്യം വഹിച്ചു.' ലേഖനത്തില്‍ പറയുന്നു.

ഇതിനെല്ലാം പിന്നില്‍ എന്തെങ്കിലും അജണ്ടയുണ്ടോയെന്നും ലേഖനത്തില്‍ ചോദിക്കുന്നുണ്ട്. ക്രിസ്തുമതം എളുപ്പത്തില്‍ നേടാവുന്ന ലക്ഷ്യമായി കണക്കാക്കപ്പെടുന്നുവെന്നും അതിനുകാരണം അതിന്റെ അനുയായികള്‍ നിഷ്‌ക്രിയരായതിനാലാണെന്നും ലേഖനം പറയുന്നു.

നേരത്തെ, സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിനെതിരെ ഓര്‍ഗനൈസര്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. വിഷയത്തില്‍ സിനിമയില്‍ 17 ഭാഗങ്ങള്‍ വെട്ടിമാറ്റി വിവാദം തീര്‍ക്കാന്‍ ശ്രമിക്കവേയാണ് ഓര്‍ഗനൈസര്‍ വീണ്ടും കടുപ്പിക്കുന്നത്.

ദേശവിരുദ്ധരുടെ ശബ്ദമാണ് പൃഥ്വിരാജിന് എന്നാണ് ഓര്‍ഗനൈസര്‍ പുതിയ ലേഖനത്തില്‍ ഉയര്‍ത്തുന്ന വിമര്‍ശനം. 'സേവ് ലക്ഷദ്വീപ്' ക്യാംപയിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖരില്‍ ഒരാളാണ്. ചിലരെ അറസ്റ്റ് ചെയ്തപ്പോള്‍ സഹോദരന്‍ ഇന്ദ്രജിത്തും പിന്തുണച്ചു. മുനമ്പത്തെ ക്രൈസ്തവ കുടുംബങ്ങളുടെ വഖഫുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇവര്‍ക്ക് മൗനമാണെന്നും ഓര്‍ഗനൈസര്‍ വിമര്‍ശിച്ചു.

സിനിമയിലെ പ്രധാന വില്ലന്‍ കഥാപാത്രത്തിന് ഹനുമാന്റെ മറ്റൊരു പേരായ ബജ്റംഗ് ബലി എന്ന് നല്‍കിയെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. നടന്‍ മോഹന്‍ലാലിന്റെ ഖേദപ്രകടനം റിപ്പോര്‍ട്ട് ചെയ്തുള്ള ആര്‍എസ്എസ് മുഖപത്രത്തിലെ ലേഖനത്തിലാണ് പൃഥ്വിരാജിനെതിരെ വിമര്‍ശിക്കുന്നത്.

കഴിഞ്ഞ ദിവസവും എമ്പുരാന്‍ സിനിമക്കും പൃഥ്വിരാജിനുമെതിരെ ഓര്‍ഗനൈസര്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തി രംഗത്തുവന്നിരുന്നു. ചിത്രം ചരിത്രത്തെ വളച്ചൊടിക്കുന്നതാണ്. പൃഥ്വിരാജ് സിനിമകളില്‍ ദേശവിരുദ്ധതയും ഹിന്ദുവിരുദ്ധതയും ആവര്‍ത്തിക്കുകയാണ്. സിനിമ ഭീകരവാദത്തെ വെള്ളപൂശുന്നുവെന്നും ഓര്‍ഗനൈസര്‍ ആരോപിച്ചിരുന്നു.

രാജ്യത്തിന്റെ ഐക്യത്തെയും ജനാധിപത്യത്തെയും ദുര്‍ബലപ്പെടുത്താനാണ് പൃഥ്വിരാജ് ശ്രമിക്കുന്നത്. സിനിമയില്‍ പൃഥ്വിരാജിന്റെ കഥാപാത്രമായ സയീദ് മസൂദ് എന്നത് ഭീകരവാദ സംഘടനയുടെ നേതാവിന്റെ പേരാണ്. അത് മനഃപൂര്‍വമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയത് എന്നും ഓര്‍ഗനൈസര്‍ ആരോപിക്കുന്നു.

എമ്പുരാന്‍ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ നേരത്തെയും ഓര്‍ഗനൈസര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. മോഹന്‍ലാല്‍ ആരാധകരെ വഞ്ചിച്ചുവെന്നും പൃഥ്വിരാജ് ഹിന്ദു വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നുമായിരുന്നു ഓര്‍ഗനൈസറിന്റെ വിമര്‍ശനം.