- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാദേശിക ചാനലില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചത് ദിവ്യ; പല മാധ്യമങ്ങള്‍ക്കും അധിക്ഷേപ വീഡിയോ കൈമാറിയതും അവര്‍ തന്നെ; ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണറുടെ കണ്ടെത്തലും സിപിഎം നേതാവിനെതിര്; സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവില്‍ ദിവ്യ
പ്രാദേശിക ചാനലില്‍ നിന്നും ദൃശ്യങ്ങള്‍ ശേഖരിച്ചത് ദിവ്യ
തിരുവനന്തപുരം:കണ്ണൂര്‍ എഡിഎം കെ.നവീന്‍ ബാബുവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതില്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് കൃത്യമായ പങ്കുണ്ടെന്നതിന് കൂടുതല്‍ തെളവുകള്‍. യാത്രയയപ്പു ചടങ്ങിന് ദിവ്യ എത്തിയത് മുതല്‍ ഇക്കാര്യത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ചടങ്ങില്‍ വെച്ച് നവീനെ ആക്ഷേപിക്കുന്ന വീഡിയോ പല മാധ്യമങ്ങള്‍ക്കും കൈമാറിയതു ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യയെന്ന് ലാന്‍ഡ് റവന്യു ജോയിന്റ് കമ്മിഷണര്‍ എ.ഗീതയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
പെട്രോള്‍ പമ്പിന്റെ ഫയല്‍ എഡിഎം വച്ചു താമസിപ്പിച്ചെന്ന ആരോപണം വസ്തുതാ വിരുദ്ധമെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. വീഡിയോ പകര്‍ത്തിയ ചാനല്‍ പ്രവര്‍ത്തകരില്‍ നിന്നു ജോയിന്റ് കമ്മിഷണര്‍ വിവരങ്ങളും ദൃശ്യങ്ങളുടെ പകര്‍പ്പും ശേഖരിച്ചിട്ടുണ്ട്. ദിവ്യ തങ്ങളുടെ പക്കല്‍ നിന്നും വീഡിയോ ശേഖരിച്ചിരുന്നു എന്നാണ് ചാനല്‍ പ്രവര്‍ത്തകര്‍ മൊഴി നല്‍കിയത്. ഇതില്‍ നിന്നും തന്നെ ദിവ്യയുടേത് ആസൂത്രിത നീക്കമാണെന്ന് വ്യക്തമാകും.
അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാല്‍ ഇനി അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുല്ല. അതേസമയം യാത്രയയപ്പുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടന്നെന്ന ആരോപണം ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍ നിഷേധിച്ചു. 14നു രാവിലെ നടന്ന സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഉദ്ഘാടക ദിവ്യയും അധ്യക്ഷന്‍ കലക്ടറും ആയിരുന്നു. അവിടെവച്ച് യാത്രയയപ്പ് ചടങ്ങിന്റെ സമയം ദിവ്യ ചോദിച്ചിരുന്നു. നവീന്‍ ബാബുവിനെ വിടുതല്‍ ചെയ്യാന്‍ വൈകിയത് ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാലാണ് എന്നീ വിവരങ്ങളാണ് കലക്ടറുടെ വിശദീകരണത്തില്‍ ഉള്ളതായി അറിയുന്നത്.
പമ്പ് ആരംഭിക്കാന്‍ തീരുമാനിച്ച കാര്യം ദിവ്യയോടു മുന്‍കൂറായി പറഞ്ഞിട്ടില്ലെന്നാണ് ടി.വി.പ്രശാന്ത് മൊഴി നല്‍കിയത്. ലൈസന്‍സ് കിട്ടുന്നതു നീണ്ടുപോയപ്പോള്‍ ദിവ്യയെ കണ്ടു വിവരം അറിയിച്ചു. റിപ്പോര്‍ട്ട് ഇന്നോ നാളെയോ നല്‍കുമെന്നാണു സൂചന. അതേസമയം കണ്ണൂര്‍ എഡിഎം നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ പ്രതി പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഇന്ന് തലശ്ശേരി കോടതിയില്‍ വാദം. ദിവ്യക്കെതിരാണ് പൊലീസ് റിപ്പോര്‍ട്ടെന്നാണ് വിവരം. പ്രേരണ കുറ്റം ശരിവെക്കുന്ന സാക്ഷിമൊഴികളാണ് പൊലീസിന് കിട്ടിയതെല്ലാം. യാത്രയയപ്പ് യോഗത്തിന്റെ വിവരങ്ങള്‍ തേടി ആസൂത്രിതമായി എഡിഎമ്മിനെ ആക്ഷേപിക്കാന്‍ ലക്ഷ്യമിട്ട് ദിവ്യ എത്തിയെന്നാണ് മൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടെത്തലെന്നാണ് സൂചന.
യാത്രയയപ്പ് യോഗത്തിന്റെ ദൃശ്യങ്ങളും നിര്‍ണായക തെളിവാകും. നവീന്റെ കുടുംബവും ഹര്‍ജിയില്‍ കക്ഷി ചേരുന്നുണ്ട്. പൊലീസ് റിപ്പോര്‍ട്ട് എതിരായാല്‍ ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയെ തരംതാഴ്ത്തിയേക്കും. അതേസമയം, കൈകൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതില്‍ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉടന്‍ റിപ്പോര്‍ട്ട് നല്‍കും. സര്‍വീസില്‍ ഇരിക്കെ പെട്രോള്‍ പമ്പ് തുടങ്ങാന്‍ സ്ഥാപനത്തിന്റെ അനുമതി വാങ്ങണമെന്ന കാര്യം അറിവില്ലെന്നായിരുന്നു ഇന്നലെ പ്രശാന്ത് വിചിത്ര വിശദീകരണം നല്‍കിയത്.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറും. കണ്ണൂര്‍ ചെങ്ങളായിയില്‍ പെട്രോള്‍ പമ്പിനുള്ള എന്‍ഒസി അനുവദിക്കുന്നതില്‍ നവീന്‍ ബാബു ബോധപൂര്‍വ്വം ഫയല്‍ വൈകിപ്പിച്ചു എന്നതിനുള്ള തെളിവും മൊഴികളും അന്വേഷിക്കുന്ന ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ല. നവീന്‍ ബാബുകോഴ വാങ്ങി എന്നതിനും തെളിവ് ഇല്ലെന്നാണ് വിവരം.
റവന്യു റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കണ്ണൂര്‍ കളക്ടര്‍ക്ക് എതിരായ നടപടി ഉണ്ടാകുക മൊഴി നല്‍കാന്‍ കാലതാമസം തേടുകയാണ് ചെയ്തത്. റോഡില്‍ വളവ് ഉണ്ടെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഡിഎം ടൗണ്‍ പ്ലാനിങ് വിഭാഗത്തിന്റ റിപ്പോര്‍ട്ട് തേടുക ആയിരുന്നു. ഭാവിയില്‍ വീതി കൂട്ടും എന്ന അടിസ്ഥാനത്തില്‍ പ്ലാനിങ് വിഭാഗം അനുകൂലിച്ചു. എഡിഎം നിയമ പരിധിക്കുള്ളില്‍ നിന്നാണ് ഇടപെട്ടത് എന്നാണ് മൊഴികള്‍.