കണ്ണൂര്‍: കണ്ണൂരില്‍ നിന്നുയര്‍ന്ന സിപിഎം നേതാക്കളില്‍ പ്രമുഖനായ ഇപി ജയരാജന്റെ പടിയിറക്കം സിപിഎമ്മിന്റെ നേതൃനിരയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. സംസ്ഥാനത്ത് സിപിഎമ്മില്‍ ഏറ്റവും പ്രബലമായ കണ്ണൂര്‍ ജില്ലാ ഘടകം പലകുറി ഇപി ജയരാജനെ തള്ളിയതോടെ കാര്യമായ പിന്തുണ ലഭിക്കാതെ ഒറ്റപ്പെട്ടാണ് ജയരാജന്‍ പടിയിറങ്ങുന്നത്. ഒപ്പം കേന്ദ്രനേതൃത്വത്തിന്റെ കര്‍ശന നിലപാടും ഇപിക്ക് തിരിച്ചടിയായി.

ഇ.പി.ജയരാജനെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് സിപിഎം മാറ്റിയത് പാര്‍ട്ടി കേന്ദ്ര നേതൃത്വവുമായി കൂടി ആലോചിച്ച ശേഷമാണ്. ഏറെനാളായി ഉയരുന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഉചിതമായ തീരുമാനം എടുക്കാന്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിന് പിബി അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ അദ്ദേഹത്തിനെതിരെ കൂടുതല്‍ നടപടികള്‍ക്ക് സാധ്യതയില്ല.

കേരളത്തിലെ നേതൃത്വത്തില്‍ വലിയൊരു മാറ്റത്തിന് ഇടയാക്കുന്ന തീരുമാനമാണ് സംസ്ഥാന ഘടകം കൈക്കൊണ്ടിരിക്കുന്നത്. ഡിവൈഎഫ്‌ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റായിരുന്ന ഇപി ജയരാജന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെയും ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. തന്നേക്കാള്‍ ജൂനിയറായ എംഎ ബേബിയും പിന്നീട് എംവി ഗോവിന്ദനും പാര്‍ട്ടി പോളിറ്റ് ബ്യൂറോയിലെത്തിയതിലെ കടുത്ത അതൃപ്തി ഇപി ജയരാജനുണ്ടായിരുന്നു.

പലപ്പോഴായി ഉയര്‍ന്ന വിവാദങ്ങള്‍ സിപിഎം കേന്ദ്ര നേതൃത്വത്തിലുണ്ടാക്കിയ അതൃപ്തിയും ഇപി ജയരാജനെ ഏറ്റവും ഉയര്‍ന്ന ഘടകത്തില്‍ ഉള്‍പ്പെടുത്താത്തതിന് കാരണമായിരുന്നു. ബന്ധു നിയമന വിവാദം ഉയര്‍ന്നപ്പോള്‍ പിണറായി വിജയന്‍ പിന്തുണച്ചെങ്കിലും കേന്ദ്ര നേതാക്കള്‍ ഇടപെട്ടാണ് മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തിയത്. തെരഞ്ഞെടുപ്പ് ദിനത്തില്‍ ഇപി നടത്തിയ പ്രസ്താവനയില്‍ പാര്‍ട്ടിക്കകത്തും മുന്നണിയിലും ഉയര്‍ന്ന അസ്വസ്ഥത സംസ്ഥാന നേതാക്കള്‍ കഴിഞ്ഞ പിബി യോഗത്തില്‍ അറിയിച്ചിരുന്നു.

സംസ്ഥാന തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കാനുള്ള നിര്‍ദ്ദേശമാണ് പിബി നല്‍കിയത്. ബിജെപി നേതാവിനെ കണ്ട വിഷയം അവഗണിച്ച് പോകാനാവില്ല എന്നായിരുന്നു സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയേറ്റിലും നേതാക്കളുടെ വികാരം.

എന്നാല്‍ തീരുമാനത്തെക്കുറിച്ച് അറിയില്ല എന്ന പ്രതികരണമാണ് പ്രകാശ് കാരാട്ട് ഡല്‍ഹിയില്‍ നല്‍കിയത്. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് 2025 ഏപ്രിലില്‍ നടത്താനാണ് ധാരണ. ഇപി ജയരാജന് 75 വയസ് പൂര്‍ത്തിയാകുന്നത് 2025 മേയിലാണ്. അതായത് സാങ്കേതികമായി പ്രായപരിധി നിബന്ധന ഇപി ജയരാജന് ബാധകമാകില്ല. എന്നാല്‍ ഈ വിവാദങ്ങള്‍ സമ്മേളന കാലത്തും ശക്തമായി ഉയര്‍ന്നു വരാനാണ് സാധ്യത. ഇപി ജയരാജന്റെ തുടര്‍നീക്കങ്ങളും കൂടുതല്‍ നടപടി ഉണ്ടാകുമോ എന്ന കാര്യത്തില്‍ നിര്‍ണ്ണായകമാകും.

പിണറായി കഴിഞ്ഞാല്‍ കണ്ണൂര്‍ പാര്‍ട്ടിയില്‍ ഇപി ആയിരുന്നു അവസാന വാക്ക്. എന്നാല്‍ സമവാക്യങ്ങള്‍ മാറി. ബന്ധു നിയമന വിവാദത്തോടെ കണ്ണൂര്‍ ഘടകത്തില്‍ ഇപിക്കുള്ള പിന്തുണ കുറഞ്ഞു. അധികാരമൊഴിഞ്ഞതോടെ കീച്ചേരിയിലെ വീട്ടിലേക്ക് ഇപി ഒതുങ്ങി. പാര്‍ട്ടി പരിപാടികളിലേക്ക് പോലും ഇപിയെ ക്ഷണിക്കാതെയായി. തന്നേക്കാള്‍ ജൂനിയറായ എംവി ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായതോടെ പ്രതിഷേധമെന്നോണം പാര്‍ട്ടി യോഗങ്ങളില്‍ നിന്നും പരിപാടികളില്‍ നിന്നും ഇപി വിട്ടുനിന്നു.

നിലനിന്ന് പോകേണ്ട പുതിയ വഴി എന്തെന്ന് പാര്‍ട്ടിയോട് പറഞ്ഞയാളും നടപ്പാക്കിയ നേതാവുമാണ് ഇപി ജയരാജന്‍. പുതിയ കാലത്തെ മൂലധനം എങ്ങനെ, എവിടെ നിന്ന് എന്നതില്‍ ഇപിയുടെ ധാരണ പുതിയ സംരംഭങ്ങളിലേക്ക് പാര്‍ട്ടിയെ എത്തിച്ചു. കണ്ണൂരിലെ കണ്ടല്‍ പാര്‍ക്ക് ഉള്‍പ്പെടെ അതിലുണ്ട്. വൈദേകം റിസോര്‍ട്ടടക്കം സംരംഭങ്ങള്‍ നാടിനും നാട്ടുകാര്‍ക്കും വേണ്ടി കൊണ്ടുവന്ന പദ്ധതിയെന്നാണ് ഇപി ജയരാജന്റെ വാദം. എല്ലാം തുടങ്ങിയെങ്കിലും താന്‍ നിരാശനെന്ന് പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്ന് സൂചിപ്പിച്ച് കഴിഞ്ഞ ജനുവരിയില്‍

പാര്‍ട്ടി സംസ്ഥാന സമിതിയില്‍ പി ജയരാജന്‍ നേരിട്ട് ഇപിക്കെതിരെ പരാതി ഉന്നയിച്ചതോടെയാണ് വൈദേകം റിസോര്‍ട് വിവാദത്തിന് തിരികൊളുത്തിയത്. പാര്‍ട്ടിയില്‍ ഇപിയെ പിന്തുണക്കാന്‍ ആരുമുണ്ടായില്ല. പിന്നീട് ബിജെപി അനുകൂല പ്രസ്താവനകളിലും ജാവദേക്കാര്‍ വിവാദത്തിലും ഇപിക്ക് ആരുടെയും പിന്തുണ ലഭിച്ചില്ല. വീട്ടില്‍ മാധ്യമങ്ങളെ പതിവായി കാണുന്ന ഇപിയുടെ രീതിയില്‍ കണ്ണൂര്‍ പാര്‍ട്ടിയുടെ തലപ്പത്തുള്ളവര്‍ക്ക് നീരസമുണ്ടായി.

കണ്ണൂരിലെ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഇപി ജയരാജന്‍ അപൂര്‍വമായാണ് എത്തിയത്. പദവികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഇപി ജയരാജന്‍ അവധി എടുത്തേക്കുമെന്നാണ് വിവരം. അടുത്ത പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം കേന്ദ്രകമ്മിറ്റിയില്‍ ഇപി ജയരാജന്‍ ഉണ്ടാകുമോ എന്നതും സംശയമാണ്. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് അദ്ദേഹം മാറുകയാണെങ്കില്‍ പാര്‍ട്ടി തലപ്പത്തെ കണ്ണൂരുകാരില്‍ ഒരാളുടെ പേര് മായും.