തിരുവനന്തപുരം: ഇപി ജയരാജന്റെ ആത്മകഥാ പ്രസാധനത്തില്‍ നിന്നും ഡിസി ബുക്‌സ് പിന്മാറിയേക്കും. ആത്മകഥാ വിവാദത്തില്‍ ഡി.സി. ബുക്‌സിനെതിരേ വക്കീല്‍ നോട്ടീസയച്ച് സി.പി.എം നേതാവ് ഇ.പി. ജയരാജന്‍ നടപടി കടുപ്പിച്ച സാഹചര്യത്തിലാണ് ഇത്. ഡി.സി മാപ്പുപറയണമെന്നാണ് ഇ.പിയുടെ ആവശ്യം. അഡ്വ.കെ.വിശ്വന്‍ മുഖേന ഡി.സി ബുക്‌സ് സി.ഇ.ഒയ്ക്കാണ് നോട്ടീസ് അയച്ചത്. നവീന്‍ ബാബുവിന്റെ ആത്മഹത്യാ കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയ്ക്കു വേണ്ടി കോടതിയില്‍ ഹാജരായതും വിശ്വന്‍ വക്കീലാണ്. വിശ്വന്‍ വക്കീലിന്റെ വാദങ്ങളാണ് പിപി ദിവ്യയ്ക്ക് ജാമ്യം ഉറപ്പാക്കിയത്. ജയരാജനു വേണ്ടി വിശ്വന്‍ വക്കീല്‍ ഡിസിയ്ക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്.

'ഉപതിരഞ്ഞെടുപ്പ് ദിവസം ആത്മകഥയുടെ ഭാഗങ്ങള്‍ എന്നുപറഞ്ഞ് പുറത്തുവിട്ടത് ഡി.സി. ബുക്‌സ് ആണ്. തന്റെ കക്ഷിയുടെ ആത്മകഥ പൂര്‍ത്തിയായിട്ടില്ല. ദുഷ്ടലാക്കോടുകൂടി ഉപതിരഞ്ഞെടുപ്പ് ദിവസംതന്നെ പ്രചരിപ്പിച്ചത്, സമൂഹമധ്യത്തില്‍ തന്റെ കക്ഷിയെ തേജോവധം ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ്. ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ എതിരാളികള്‍ക്ക് പ്രചാരണ ആയുധം നല്‍കുന്നതിനുവേണ്ടിയാണിത്. അതിനാല്‍ വക്കീല്‍ നോട്ടീസ് കിട്ടിയാല്‍ ഉടനെ ഡി.സി. ബുക്‌സ് പുറത്തുവിട്ട എല്ലാ പോസ്റ്റുകളും ആത്മകഥ എന്നുള്ള ഭാഗങ്ങളും പിന്‍വലിച്ച് മാപ്പുപറയണം. അല്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കും' എന്നാണ് നോട്ടീസില്‍ പറയുന്നത്. ഇനിയും ഡിസി വിവാദത്തില്‍ വിശദ വിശദീകരണം നല്‍കിയിട്ടില്ല.

ഇ.പി വക്കീല്‍ നോട്ടീസ് അയച്ച സാഹചര്യത്തില്‍, ഇനി ഡി.സി ബുക്‌സിന്റെ വിശദീകരണം പുറത്തു വന്നേക്കും. കേരളത്തിലെ ഏറ്റവും പ്രൊഫണലായ പുസ്തക പ്രസാധകരാണ് വിവാദത്തില്‍ കുടുങ്ങുന്നത്. സംഭവത്തില്‍, ഇ.പി ജയരാജന്‍ നേരത്തേ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. തനിക്കെതിരേ ഗൂഢാലോചന നടത്തി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാണ് ഇ-മെയില്‍ വഴി നല്‍കിയ പരാതിയില്‍ പറയുന്നത്. നിയമോപദേശം തേടിയ ശേഷം കേസെടുക്കുന്നതില്‍ പോലീസ് തീരുമാനം എടുക്കും. ഏതായാലും ഡിസിയ്ക്ക് വലിയ തലവേദനയായി മാറുകയാണ് പുസ്തകം. ഇ.പി. ജയരാജന്‍ എഴുതിയതെന്ന് ഡി.സി ബുക്‌സ് അവകാശപ്പെട്ട 'കട്ടന്‍ ചായയും പരിപ്പുവടയും' എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് നീട്ടിവെച്ചതായി പ്രസാധകര്‍ അറിയിച്ചിരുന്നു,

ബുധനാഴ്ച രാവിലെയാണ് ഇ.പി.യുടെ ആത്മകഥാ വിവാദം പുറത്തുവന്നത്. പാര്‍ട്ടി തന്നെ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്നും ആത്മകഥയില്‍ പറയുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാര്‍ഥി സരിനെതിരെയും വിമര്‍ശനമുള്ളതായും ആരോപണങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, ഈ ആരോപണങ്ങളെ പൂര്‍ണമായും തള്ളി ഇ.പി രംഗത്തെത്തി. ഇതോടെ നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലമാണ് തീരുമാനമെന്നാണ് വിശദീകരിച്ച പ്രസാധന തീയതി ഡിസി മാറ്റി വച്ചു. ഇതോടെയും വിവാദം തീര്‍ന്നില്ല. പോലീസില്‍ പരാതിയും വക്കീല്‍ നോട്ടീസുമായി വിവാദത്തിന് പുതിയ തലം നല്‍കുകയാണ് ഇപി.

ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചാരണം നടത്തിയെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ആത്മകഥ ഇതുവരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും പരാതിയില്‍ വിശദീകരിക്കുന്നു. തിരഞ്ഞെടുപ്പ് ദിവസം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിനു പിന്നില്‍ ഗൂഢാലോചന നടന്നുവെന്നും ഇ.പി. ഡിജിപിക്ക് അയച്ച പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. സിപിഎമ്മും വിവാദത്തില്‍ ഇപിയ്‌ക്കൊപ്പമാണ്. ഈ സാഹചര്യത്തിലാണ് പാലക്കാട് പ്രചരണത്തിനും ഇപി പോകുന്നത്.

ആത്മകഥാ വിവാദത്തില്‍ ഇ.പി.ജയരാജന്‍ പറയുന്നതാണ് പാര്‍ട്ടി മുഖവിലയ്‌ക്കെടുക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ വ്യക്തമാക്കിയിട്ടുണ്ട്. പുസ്തകം എഴുതിയിട്ടില്ലെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ജയരാജന്‍ പറഞ്ഞിട്ടുണ്ട്. വിവാദം അദ്ദേഹത്തിന്റെ അറിവോടെയല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. ആ സാഹചര്യത്തില്‍ ജയരാജന്‍ പറഞ്ഞത് വിശ്വസിക്കുകയാണ് പാര്‍ട്ടിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

പുസ്തക പ്രസിദ്ധീകരണ കമ്പനിക്ക് കരാര്‍ കൊടുത്തിട്ടില്ലെന്ന് ജയരാജന്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ പുസ്‌കമെഴുതിയില്ല എന്ന് ജയരാജന്‍ വ്യക്തമാക്കിയ സ്ഥിതിക്ക് പിന്നീട് മാധ്യമങ്ങള്‍ ചോദ്യം ചോദിക്കേണ്ട ആവശ്യമില്ല. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടുപോകുകയാണ്. പുസ്തകം എഴുതാന്‍ പാര്‍ട്ടിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമില്ല. പുസ്തക വിവാദം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല, തിരിച്ചടിയുണ്ടാകില്ല. തിരഞ്ഞെടുപ്പില്‍ നല്ല വിജയം നേടും. പുസ്തക വിവാദം പരിശോധിക്കുമോയെന്ന ചോദ്യത്തിന്, ഏതു വിഷയമാണ് ഞങ്ങള്‍ പരിശോധിക്കാത്തത് എന്നായിരുന്നു എം.വി.ഗോവിന്ദന്റെ മറുപടി.