ലണ്ടന്‍: പുതുവര്‍ഷം ഇങ്ങെത്താറായതോടെ പലരും പുതിയ ഒരു ജീവിതം ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലായിരിക്കും. മാസ ശമ്പളക്കാരായവര്‍ പുതിയ ജീവിതവുമായി ബന്ധപ്പെട്ട് എടുക്കുന്ന ഏതൊരു തീരുമാനത്തിലും നിര്‍ണ്ണായകമായ പങ്ക് വഹിക്കുക ശമ്പള തുക തന്നെയായിരിക്കും. മെച്ചപ്പെട്ട ശമ്പളവും ജീവിത സാഹചര്യങ്ങളും പ്രതീക്ഷിക്കുന്നവര്‍ക്ക് ഒരു മാര്‍ഗ്ഗനിര്‍ദ്ദേശകമായി വിവിധ രാജ്യങ്ങളിലെ ശമ്പള വിവരങ്ങളാണ് ഇവിടെ നല്‍കുന്നത്.

യൂറോപ്യന്‍ യൂണിയനിലെ ഒരു തൊഴിലാളിക്ക് ലഭിക്കുന്ന ശരാശരി ശമ്പളം 40,000 യൂറോയ്ക്ക് അടുത്തു വരും. കൃത്യമായി പറഞ്ഞാല്‍ 39,808 യൂറോയാണ് യൂറോപ്യന്‍ യൂണിയനിലെ ശരാശരി ശമ്പളം.എന്നാല്‍, പല രാജ്യങ്ങളിലെയും ശരാശരി ശമ്പളങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമാണുള്ളത്. ഉദാഹരണത്തിന് ഏറ്റവും കുറവ് ശമ്പളമുള്ള ബള്‍ഗേറിയയിലെ ശരാശരി ശമ്പളം 15,387 യൂറോ ആണെങ്കില്‍, ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ശമ്പളം നല്‍കുന്ന ലക്സംബര്‍ഗില്‍ അത് 82,969 യൂറോ ആണ്. അതായത്, ബള്‍ഗേറിയയില്‍ ലഭിക്കുന്നതിന്റെ 5.4 ഇരട്ടി ശമ്പളമാണ് ലക്സംബര്‍ഗിലേത് എന്നര്‍ത്ഥം.

ലക്സംബര്‍ഗിനെ കൂടാതെ മറ്റ് അഞ്ച് രാജ്യങ്ങളില്‍ കൂടി ശരാശരി ശമ്പളം 50,000 യൂറോയ്ക്ക് മേല്‍ വരുന്നുണ്ട്. ഡെന്മാര്‍ക്ക്, അയര്‍ലന്‍ഡ്, ബെല്‍ജിയം, ഓസ്ട്രിയ, ജര്‍മ്മനി എന്നിവയാണ് ആ രാജ്യങ്ങള്‍. അതേസമയം, ശമ്പളം 20,000 പൗണ്ടിലും കുറവുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബള്‍ഗേറിയയ്ക്കൊപ്പം ഗ്രീസും, ഹംഗറിയും സ്ഥാനം പിടിച്ചിട്ടുണ്ട്.നിരവധി രാജ്യങ്ങളില്‍ ആളുകള്‍ പാര്‍ട്ട് ടൈം ജോലികളാണ് ചെയ്യുന്നത്. ഈ പട്ടിക പുറത്തിറക്കിയ യൂറോ സ്റ്റാറ്റ്, പാര്‍ട്ട് ടൈം ശമ്പളത്തില്‍ നിന്നും പൂര്‍ണ്ണ സമയ ശമ്പളം ആനുപാതികമായി കണക്കാക്കിയാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഈ പട്ടിക കാണിക്കുന്നത് പടിഞ്ഞാറന്‍ യൂറോപ്പിലും വടക്കന്‍ യൂറോപ്പിലുമാണ് ശമ്പളം പൊതുവെ ഉയര്‍ന്നതായിരിക്കുന്നത് എന്നാണ്. കിഴക്കന്‍ യൂറോപ്പിലും തെക്ക് കിഴക്കന്‍ യൂറോപ്പിലും ശമ്പളം താരതമ്യേന കുറവാണ്. രാജ്യങ്ങളുടെ സമ്പദ്ഘടനയും ഒപ്പം ഉല്‍പ്പാദനക്ഷമതയും ആണ് ഈ വ്യത്യാസങ്ങള്‍ക്ക് കാരണമെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനിലെ സാമ്പത്തിക വിദഗ്ധനായ ഗിലിയ ഡി ലസാരി പറയുന്നു. ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കാന്‍ കഴിയുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുപോലെ, ഫിനാന്‍സ്, ഐ ടി, ആധുനിക നിര്‍മ്മാണ മേഖല തുടങ്ങിയ മൂല്യവര്‍ദ്ധിത മേഖലകളില്‍ പ്രാമാണിത്യം നേടിയ രാജ്യങ്ങളില്‍ സ്വാഭാവികമായും ശമ്പളം കൂടുതലായിരിക്കുമെന്നും ലസാരി പറയുന്നു. കാര്‍ഷിക വ്യവസായം, ടെക്സ്‌റ്റൈല്‍സ്, അടിസ്ഥാന സേവനങ്ങള്‍ എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യങ്ങളില്‍ ശമ്പളം പൊതുവെ കുറവുമായിരിക്കും. തൊഴിലാളി യൂണിയനുകളുടെ ശക്തിയും ശമ്പള നിര്‍ണ്ണയത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

നിയമപ്രകാരമുള്ള മിനിമം വേതന തുകയും ശരാശരി ശമ്പളം നിര്‍ണ്ണയിക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. മിനിമം വേതനം കൂടുതലുള്ള രാജ്യങ്ങളില്‍ സ്വാഭാവികമായും ശരാശരി വേതനവും കൂടുതലായിരിക്കും. താരതമ്യേന ദുര്‍ബലമായ തൊഴിലാളി യൂണിയനുകളും, ഉയര്‍ന്ന നിരക്കിലുള്ള തൊഴിലില്ലായ്മയും തൊഴിലാളികളുടെ വിലപേശലിനുള്ള ശേഷി കുറയ്ക്കുമെന്ന് യൂറോപ്യന്‍ ട്രേഡ് യൂണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഗവേഷകനായ ഡോക്ടര്‍ അഗ്‌നീസ്‌ക പിയസ്‌ന പറയുന്നു.ഒട്ടുമിക്ക സെന്‍ട്രല്‍ ഈസ്റ്റേണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ കുറഞ്ഞ ശമ്പളം നിലനില്‍ക്കുന്നതിന് ഒരുകാരണം ഇതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.