പാരിസ്: യൂറോപ്പിലെ വേനല്‍ക്കാലം അവസാനിക്കുന്നതിന്റെ സൂചനയായി ഫ്രാന്‍സിലെ പ്രമുഖ വിനോദസഞ്ചാര നഗരത്തില്‍ റോഡുകള്‍ വെളുത്ത ഐസ് നദികളായി മാറുന്നു. ആല്‍പൈന്‍ പട്ടണമായ ഗ്യാപ്പിലാണ് ശക്തമായ ആലിപ്പഴ വര്‍ഷവും പേമാരിയും കൊടുങ്കാറ്റും കാരണം റോഡുകള്‍ വെളുത്ത ഐസ് നദികള്‍ പോലെ കാണപ്പെട്ടത്. ഇവിടെ വേനല്‍ക്കാലത്തിന്റെ അവസാനം ആഘോഷിക്കാന്‍ എത്തിയവര്‍ പ്രതികൂല കാലാവസ്ഥയില്‍ നട്ടംതിരിയുകയായിരുന്നു. പ്രാദേശിക മാധ്യമങ്ങള്‍ പുറത്തു വിട്ട ദൃശ്യങ്ങളില്‍ പട്ടണത്തിലുടനീളം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായി കാണാം.

ആലിപ്പഴ വര്‍ഷത്തില്‍ റോഡുകള്‍ മഞ്ഞുമൂടി കിടക്കുകയാണ്. ആലിപ്പഴ വര്‍ഷവും മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ വീശിയ ശക്തമായ കാറ്റുമാണ് ഉണ്ടായതെന്നാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം ്അറിയിച്ചത്. 2022 സെപ്റ്റംബര്‍ 14 ന് ശേഷമുള്ള ഏറ്റവും ശക്തമായ കൊടുങ്കാറ്റാണ് ഗ്യാപ്പ് നഗരം ഇപ്പോള്‍ അനുഭവിച്ചത്. പല സ്ഥലങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് അഗ്നിശമന സേനാംഗങ്ങള്‍ക്ക് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കേണ്ടി വന്നു. റോഡുകളില്‍ മരങ്ങള്‍ വീണ് ഗതാഗത തടസവും ഉണ്ടായി.

ഗ്യാപ്പില്‍ നിരവധി കടകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു സ്‌കൂളിലെ ഒരു ഫോള്‍സ് സീലിംഗും തകര്‍ന്നു വീണു. വൈദ്യുതി ബന്ധവും തകരാറിലായിരുന്നു. എന്നാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല. അതേ സമയം സ്വിറ്റ്സര്‍ലന്‍ഡില്‍, ശക്തമായ കൊടുങ്കാറ്റും ഇടിമിന്നലും ആലിപ്പഴ വര്‍ഷവും വന്‍ നാശമാണ് വരുത്തിയത്.

ഇവിടെ ഒരു വീടിന് തീപിടിക്കുകയും ചെയ്തു. ഇന്നലത്തെ ദൃശ്യങ്ങളില്‍ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്ത് മഞ്ഞുവീഴ്ചയുണ്ടായതായി കാണിക്കുന്നു. ശക്തമായ ഇടിയും മിന്നലും പല കെട്ടിടങ്ങള്‍ക്കും വലിയ തോതിലുള്ള കേടുപാടുകള്‍ വരുത്തി. 2025 ലെ യൂറോപ്പിലെ വേനല്‍ക്കാലം അഭൂതപൂര്‍വമായ കാട്ടുതീയും അതിശക്തമായ ഉഷ്ണതരംഗങ്ങളും നിറഞ്ഞ സമയത്താണ് ഇത് സംഭവിക്കുന്നത്. പല പട്ടണങ്ങളിലെയും താപനില റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്നതും തീപിടുത്തത്തിന് കാരണമായി.

സ്പെയിനിലും പോര്‍ച്ചുഗലിലും 640,000 ഹെക്ടറിലധികം വിസ്തൃതിയില്‍ കാട്ടുതീ പടര്‍ന്നു. ഈ തീപിടുത്തങ്ങള്‍ എട്ട് പേരുടെ മരണത്തിനും 35,000 ത്തിലധികം ആളുകളെ ഒഴിപ്പിക്കുന്നതിനും കാരണമായി. സ്പെയിനിലെ ഒരു കടല്‍ത്തീരത്ത് തീ പടര്‍ന്നപ്പോള്‍ വിനോദസഞ്ചാരികളെ ബോട്ടുകളില്‍ രക്ഷിക്കേണ്ടിവന്നു. തുര്‍ക്കിയിലും കാട്ടുതീയില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്.

ഫ്രാന്‍സ്, ഇറ്റലി, അല്‍ബേനിയ, ബള്‍ഗേറിയ, സൈപ്രസ് എന്നിവയുടെ ചില ഭാഗങ്ങളിലും തീപിടുത്തം ഉണ്ടായി. നിരവധി ആഡംബര വില്ലകള്‍ കത്തിനശിച്ചു, കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് മുതിര്‍ന്നവര്‍ മരിച്ചു.