ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സിന്ധ്-ബലൂചിസ്ഥാന്‍ അതിര്‍ത്തിയിലെ സുല്‍ത്താന്‍കോട്ടിനു സമീപം റെയില്‍വേ ട്രാക്കിലുണ്ടായ സ്ഫോടനത്തില്‍ ജാഫര്‍ എക്സ്പ്രസ് പാളംതെറ്റി. സ്ഫോടനത്തെത്തുടര്‍ന്ന് ട്രെയിനിന്റെ ആറുകോച്ചുകള്‍ പാളംതെറ്റിയെന്നാണ് റിപ്പോര്‍ട്ട്. ഒട്ടേറെപേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ബലൂച് റിപ്പബ്ലിക്കന്‍ ഗാര്‍ഡ്‌സിന്റെ അവകാശവാദം.

സംഭവം ഐഇഡി സ്ഫോടനമാണെന്നാണ് റിപ്പോര്‍ട്ടുകളിലുള്ളത്. റെയില്‍വേട്രാക്കില്‍ സ്ഥാപിച്ച സ്ഫോടകവസ്തുക്കള്‍ ട്രെയിന്‍ എത്തിയതോടെ പൊട്ടിത്തെറിച്ചെന്നാണ് വിവരം. സംഭവത്തിന്റെ ഉത്തരവാദിത്വം ബലൂചിസ്ഥാനിലെ 'ബലൂച് റിപ്പബ്ലിക് ഗാര്‍ഡ്സ്' ഏറ്റെടുത്തിട്ടുണ്ട്. ട്രെയിനില്‍ സഞ്ചരിച്ചിരുന്ന പാകിസ്ഥാന്‍ സൈനികരെ ലക്ഷ്യമിട്ടാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും ബലൂച് റിപ്പബ്ലിക് ഗാര്‍ഡ് പറഞ്ഞു.

ഒട്ടേറെ പാക് സൈനികര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായും നിരവധി സൈനികര്‍ക്ക് പരിക്കേറ്റെന്നുമാണ് ഇവരുടെ അവകാശവാദം. എന്നാല്‍, മരണസംഖ്യ സംബന്ധിച്ചോ പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ചോ വ്യക്തമായവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പാക്കിസ്ഥാനിലെ സിന്ധ്-ബലൂചിസ്ഥാന്‍ അതിര്‍ത്തിയിലെ സുല്‍ത്താന്‍കോട്ടിനു സമീപമാണ് ക്വറ്റയിലേക്ക് പോകുന്ന ജാഫര്‍ എക്‌സ്പ്രസ് ലക്ഷ്യമിട്ട് സ്‌ഫോടനം നടന്നത്. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ജാഫര്‍ എക്‌സ്പ്രസിനെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. ട്രാക്കുകളില്‍ സ്ഥാപിച്ചിരുന്ന ഒരു സ്‌ഫോടകവസ്തു (ഐഇഡി) ആണ് സ്‌ഫോടനത്തിനു കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ബലൂച് വിമത ഗ്രൂപ്പായ ബലൂച് റിപ്പബ്ലിക്കന്‍ ഗാര്‍ഡ്‌സ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പാക്കിസ്ഥാന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ യാത്ര ചെയ്തതു മനസിലാക്കി അവരെ ലക്ഷ്യം വച്ചായിരിക്കാം സ്‌ഫോടനം നടന്നത് എന്നാണ് സംശയം. ''പാക്കിസ്ഥാന്‍ സൈന്യത്തിലെ ഉദ്യോഗസ്ഥര്‍ യാത്ര ചെയ്ത സമയത്താണ് ട്രെയിന്‍ ആക്രമിക്കപ്പെട്ടത്. സ്‌ഫോടനത്തിന്റെ ഫലമായി നിരവധി സൈനികര്‍ കൊല്ലപ്പെടുകയും പരുക്കേല്‍ക്കുകയും ചെയ്തു. കൂടാതെ ട്രെയിനിന്റെ ആറു കോച്ചുകള്‍ പാളം തെറ്റി'' ബലൂച് റിപ്പബ്ലിക്കന്‍ ഗാര്‍ഡ്‌സ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം വരെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നാണ് ബലൂച് റിപബ്ലിക്ക് ഗാര്‍ഡ്‌സിന്റെ പ്രഖ്യാപനം. സുരക്ഷാ സേന ഉള്‍പ്പെടെ സംഭവ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സ്‌ഫോടന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ മാര്‍ച്ചില്‍ ബലൂച് ലിബറേഷന്‍ ആര്‍മിയുടെ നേതൃത്വത്തില്‍ ജാഫര്‍ എക്സ്പ്രസ് റാഞ്ചിയെ സംഭവമുണ്ടായിരുന്നു. ഏകദേശം 400-ഓളം ട്രെയിന്‍ യാത്രക്കാരെയാണ് അന്ന് ബലൂച് ആര്‍മി ബന്ദികളാക്കിയത്.